റമളാന്‍ മാസത്തിന്‍റെ മഹത്വവും പ്രസക്തിയും

ഇസ്ലാം കലണ്ടര്‍ വര്‍ഷത്തിലെ (ഹിജ്‌റ വര്‍ഷത്തിലെ) ഒമ്പതാം മാസം റമസാന്‍ പുണ്യങ്ങളുടെയും മഹത്വങ്ങളുടെയും മാസം കൂടിയാണ്.

റമസാന്‍ മാസത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ അള്ളാഹു തന്നെയാണ്‌ ‘ശഹ്‌റുറമളാന്‍’ എന്ന നാമം നല്‍കിയത്‌. ഇത്തരമൊരു മഹത്വമായ പേര്‌ വന്നതിനെക്കുറിച്ച്‌ ഭാഷാ ശാസ്ത്രജ്ഞര്‍ പലവിധം വിശദീകരിച്ചതായി വിവിധ ഗ്രന്ഥങ്ങളില്‍ കാണാം.

ഇമാം ഖലീല്‍ പറയപ്പെടുന്ന പ്രകാരം ‘റംളാഅ‌ പദത്തില്‍ നിന്നാണ്‌ റമളാന്‍ എന്ന പദം ഉത്ഭവിച്ചത് എന്നാണ്‌. റംളാഅ‌ എന്ന് പറയപ്പെടുന്നത് ഖരീഫ ഭരണ കാലത്തിനു മുമ്പ്‌ വര്‍ഷിക്കുന്ന മഴ എന്നതാണ് അര്‍ഥം.

ഇത്തരത്തിലുള്ള ഒരു മഴയോടെ ഭൂമി കഴുകി വൃത്തിയാക്കപ്പെടുന്നു. ഇത്തരത്തില്‍ റമളാന്‍ മുസ്ലിം വിശ്വാസികളുടെ ശരീരവും മനസ്സും പാപങ്ങളില്‍ നിന്നു ശുചീകരിക്കാന്‍ കളമൊരുക്കുന്നു എന്നാണ് പറയപ്പെടുന്നത്.

റമളാന്‍ മാസത്തിന് പ്രസ്തുത പേരു നല്‍കാന്‍ മറ്റൊരു കാരണം മനുഷ്യന്‍ ജീവിതക്കാലം മുഴുവന്‍ ചെയ്തു കൂട്ടിയ കുററങ്ങള്‍ കരിച്ചുകളയാന്‍ മതിയായ ആത്മീയമാനം ഉള്‍ക്കൊള്ളുന്നതിനാലാകുന്നു.


ഒരിക്കല്‍ മുഹമ്മദ് നബിയോട്‌ ഭാര്യ ആഇശാബീവി ചോദിച്ചു ‘നബിയേ എന്താണ്‌ റമളാന്‍ എന്ന നാമകരണത്തിനു പിന്നിലെ താത്പര്യം?

ഇതിനു ഉത്തരമായി നബി പറഞ്ഞത് റമള്‍വാന്‍മാസത്തില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും കരിച്ചുകളയുകയും
ചെയ്യുന്നു എന്നതുതന്നെ.

നോമ്പുകാരനെ വിരുന്നു വിളിക്കല്‍(നോമ്പു തുറപ്പിക്കാന്‍ വിളിക്കല്‍) ഏറ്റവും മഹത്വമുള്ള കാര്യമാണ്. ഒരിക്കല്‍ നബി പറഞ്ഞു, നോമ്പുകാരന്‍റെ അടുത്തിരുന്ന് ഭക്ഷണം കഴിച്ചാല്‍ അത് കഴിച്ചു കഴിയുന്നത് വരെ മാലാഖകള്‍ നോമ്പുകാരന് ഭക്ഷണം നല്‍കിയവന് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കും എന്ന്.

നബിയുടെ ഈ വചനം ഉള്‍ക്കൊണ്ടാണ് പലയിടങ്ങളിലും വീടുകളിലും നോമ്പുകാരനെ വിരുന്നിന്, അല്ലെങ്കില്‍ നോമ്പ് തുറക്കാന്‍ വിളിക്കുന്നത്.

വെബ്ദുനിയ വായിക്കുക