മണ്ണാറിയശാല മണ്ണാറശ്ശാ‍ലയായി

ഹരിപ്പാട്ടിനടുത്തുള്ള മണ്ണാറശാല ക്ഷേത്രോല്പത്തിയെ കുറിച്ച് ഒരൈതിഹ്യമുണ്ട്.ക്ഷേത്രത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം പരശുരാമന്‍ പരദേശങ്ങളില്‍നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് കേരളത്തില്‍ താമസിപ്പിച്ച സുവിദിതമായ കഥയുടെ അനുബന്ധമാണിത് .

കാര്‍ത്യവീരാര്‍ജ്ജുനനുമായി ഉണ്ടായ ഏറ്റുമുട്ടലിന് ഒടുവില്‍ കോപാകുലനായ പരശുരാമന്‍ ഒട്ടേറെ ക്ഷത്രിയരെ നിഗ്രഹിച്ചു. ഈ പാപത്തിനു പരിഹാരമായി ബ്രാഹ്മണര്‍ക്ക് ഭൂമി ദാനം ചെയ്യാനായി അദ്ദേഹം പടിഞ്ഞാറേ കടലില്‍ നിന്നും ഒരു ഭൂപ്രദേശം ഉദ്ധരിച്ചു.

വരുണ പ്രസാദമായി കിട്ടിയ ഈ സ്ഥലം ക്ഷാരാധിക്യം നിമിത്തം വാസയോഗ്യമായിരുന്നില്ല. അന്നിവിടെ സര്‍വത്ര സര്‍പ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു. ഭൂമിയില്‍ ഒരിടത്തും വെള്ളം കിട്ടാനുള്ള പ്രയാസം മനസിലാക്കി ബ്രാഹ്മണര്‍ വന്ന വഴിയേ സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോള്‍ പരശുരാമന്‍ ദുഃഖിച്ചു.

തന്‍റെ ഗുരുവായ ശ്രീപരമേശ്വരനോട് സങ്കടമുണര്‍ത്തിച്ചപ്പോള്‍ സര്‍പ്പരാജാവായ വാസുകിയെ പ്രസാദിപ്പിച്ചാല്‍ മതി ദുഃഖമകലും എന്ന് ശിവന്‍ അരുളിച്ചെയ്തു.പരമശിവന്‍റെ നിര്‍ദ്ദേശാനുസരണം പരശുരാമന്‍ നാഗരാജാവിനെ തപസ്സ് ചെയ്തു. നാഗരാജാവ് പരശുരാമന്‍റെ ആഗ്രഹപ്രകാരം വിഷജ്വാലകള്‍ പ്രയോഗിച്ച് ഭൂമിയെ ഫലഭൂയിഷ്ടമാക്കി.


പൂമരങ്ങളും വൃക്ഷലതാദികളും നിറഞ്ഞ ഈ പ്രദേശത്ത് നാഗരാജാവിന്‍റെ നിത്യ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് അപേക്ഷിച്ചു. മന്ദാര തരുക്കള്‍ നിറഞ്ഞ ഈ പ്രദേശത്ത് തന്‍റെ സാന്നിദ്ധ്യം ഉണ്ടാവുമെന്ന് വാസുകി അറിയിച്ചു.

പരശുരാമന്‍ വിഷ്ണുരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും ഏകഭാവത്തില്‍ പ്രതിഷ്ഠനടത്തി. തന്‍റെ ശിഷ്യരില്‍ പ്രധാനിയായ ഒരു ബ്രാഹ്മണന് മന്ത്രോപദേശങ്ങളും നാഗപൂജയ്ക്കുള്ള സര്‍വ്വ അധികാരങ്ങളും നല്‍കി അനുഗ്രഹിച്ച് യാത്രയായി. ബ്രാഹ്മണന്‍റെ പിന്‍‌ഗാമികള്‍ വിധിപ്രകാരം പൂജാ വിധികള്‍ തുടര്‍ന്നുപോന്നു.


പ്രതിഷ്ഠ നടത്തിയത് പരശുരാമന്‍

തുടര്‍ന്ന് പരശുരാമന്‍ വാസുകിയെ പ്രസാദിപ്പിക്കാന്‍ തപസു ചെയ്തു. സംപ്രീതനായ വാസുകി ഭൂമിയിലെ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന ലവണങ്ങളെ ആകര്‍ഷിച്ച് സമുദ്രത്തിലൊഴുക്കാമെന്ന് സമ്മതിച്ചു.

എന്നാല്‍ ഭൂമിയിലെ സര്‍പ്പങ്ങളെ ജനങ്ങള്‍ അവരുടെ വീട്ടിനടുത്ത് കാവുണ്ടാക്കി കുലദൈവങ്ങളെന്നു കരുതി കുടിയിരുത്തണമെന്ന് വാസുകി അപേക്ഷിച്ചു. അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും വേണമെന്നുംവാസുകിപറഞ്ഞു.

ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചാല്‍ അവര്‍ ഉപദ്രവിക്കുമെന്നും സര്‍പ്പങ്ങള്‍ സന്തോഷിച്ചാല്‍ സന്തതിയും സമ്പത്തും സകലവിധ സുഖങ്ങളും സര്‍വൈശ്വര്യങ്ങളും ഉണ്ടാക്കി കൊടുക്കുമെന്നും കോപിച്ചാല്‍ സകലവിധത്തിലുള്ള അനര്‍ത്ഥങ്ങളും ആപത്തുകളും ഉണ്ടാക്കുമെന്നും വാസുകി പരശുരാമനോടു പറഞ്ഞു.


പരസ്പരസമ്മതപ്രകാരം പരശുരാമന്‍ വീണ്ടും ബ്രാഹ്മണരെ കൂട്ടിക്കൊണ്ടുവന്നു. ലവണരസം മാറി വെള്ളം പരിശുദ്ധമായിത്തീര്‍ന്നിരുന്നു. സര്‍പ്പങ്ങള്‍ പരശുരാമന്‍ തപസു ചെയ്ത വനത്തില്‍ താമസമായിരുന്നു. ശേഷമുള്ള സര്‍പ്പങ്ങള്‍ പൊറ്റുകളുണ്ടാക്കി താമസിച്ചു. അവിടെ ജനങ്ങള്‍ കാവുണ്ടാക്കി പൂജ നടത്തി നാഗപ്രതിഷ്ഠ നടത്തി.

താന്‍ തപസു ചെയ്തിരുന്ന സ്ഥലത്ത് പിന്നീട് പരശുരാമന്‍ നാഗരാജാവായ വാസുകിയെയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ചു. മറ്റനേകം സര്‍പ്പങ്ങളെ അദ്ദേഹം അവിടെ കുടിയിരുത്തി. ആ സ്ഥലം ഏതാണ്ട് 14 ഏക്കര്‍ സര്‍പ്പക്കാവായി നിശ്ഛയിച്ച് അതിരിട്ടു തിരിച്ചു.

ഇവിടെ കാടു വെട്ടിത്തെളിച്ച് ഗൃഹമുണ്ടാക്കി ജനങ്ങള്‍ക്ക് വസിച്ചുകൊള്ളാന്‍ പരശുരാമന്‍ അനുവാദം നല്‍കി. പതിവായി സര്‍പ്പങ്ങള്‍ക്ക് പൂജ ചെയ്യുന്നതിനും കാവു നശിപ്പിക്കാതെ നോക്കുന്നതിനും കാവിന്‍റെ അതിരിനകത്തുതന്നെ ഒരു വീടു പണിത് ഒരു ബ്രാഹ്മണകുടുംബത്തെ പരശുരാമന്‍ അവിടെ പാര്‍പ്പിച്ചു.

കാവു സംബന്ധിച്ച സര്‍വ്വാധികാരങ്ങളും ആ കുടുംബത്തിനായി. അക്കാലം മുതല്‍ അവര്‍ സര്‍പ്പങ്ങളെ തങ്ങളുടെ പരദേവതമാരാക്കി പൂജിച്ചു സേവിച്ചു. ആ ഇല്ലക്കാരാണ് മണ്ണാറശ്ശാല നമ്പൂതിരിമാര്‍.


വെബ്ദുനിയ വായിക്കുക