ഇസ്ലാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് സക്കാത്ത്. സക്കാത്ത് നല്‍കാന്‍ പ്രത്യേക സമയമൊന്നും ഇല്ലെങ്കിലും എല്ലാവരും റമസാന്‍ മാസത്തിലാണ് സക്കാത്തൊക്കെ കൊടുത്തു വീട്ടല്‍. ഇത് തെറ്റില്‍ നിന്നുള്ള ഒരു ശുദ്ധീകരണം കൂടിയാണ്.
വളര്‍ച്ച, ശുചിത്വം എന്നൊക്കെ ഇതിനെ ഭാഷാന്തരപ്പെടുത്താം. നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി നിര്‍ണയിച്ച ജനവിഭാഗങ്ങള്‍ക്ക് സ്വത്തില്‍ നിന്ന് നല്‍കുന്ന വിഹിതത്തിന് സാങ്കേതികമായി സക്കാത്ത് എന്ന് പറയുന്നു.
ധനത്തിന്‍റെ സകാത്ത്, ശരീരത്തിന്‍റെ സകാത്ത് എന്നിങ്ങനെ രണ്ടായി ഇസ്ലാം സകാതിനെ വിഭജിച്ചിട്ടുണ്ട്. ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, കച്ചവട സ്വത്തുക്കള്‍, സ്വര്‍ണം - വെള്ളി നാണയങ്ങള്‍, നിധികള്‍, ഖാനിജ വസ്തുക്കള്‍, ആട്, മാട്, ഒട്ടകം എന്നിവക്കാണ് ശാഫീ മദ്‌ഹബ് പ്രകാരം സകാത്ത് നല്‍കേണ്ടത്.
ഒരു വര്‍ഷത്തില്‍ ഒന്നിച്ചോ പലത വണയായോ വിളഞ്ഞു കിട്ടിയ നെല്ല് 1920 ലിറ്റര്‍ ഉണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാകും. ആകെ വിളഞ്ഞു കിട്ടിയ നെല്ലിന്‍റെ പത്തില്‍ ഒരു ഭാഗമാണ് സകാത്ത് നല്‍കേണ്ടത്.
സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നിര്‍ബന്ധമാണ്. 85 ഗ്രാം സ്വര്‍ണമോ 595 ഗ്രാം വെള്ളിയോ ഒരു ഹിജ്‌റ വര്‍ഷം കൈവശം വെച്ചവന്‍ അതിന്‍റെ രണ്ടര ശതമാനം വീതം സകാത്ത് നല്‍കണം. കൂടുതല്‍ തൂക്കമുണ്ടാകുമ്പോള്‍ ഈ വിഹിത പ്രകാരം തന്നെ സകാത്ത് നല്‍കേണ്ടതാണ്.
കച്ചവടത്തിന്‍റെ തുടക്കം മുതല്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കച്ചവടസ്വത്തില്‍ സകാത്ത് നിര്‍ബന്ധമാവുക. ഇങ്ങനെ വര്‍ഷം പൂര്‍ത്തിയായ ചരക്കിന് വില നിശ്ചയിച്ച ശേഷം വിലയുടെ നാല്‍പ്പതില്‍ ഒരു വിഹിതം സകാതായി നല്‍കണം.
ഇപ്രകാരം തന്നെ വാടകക്ക് കൊടുക്കലെന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ ഭൂമി വാടകക്കെടുക്കുകയും പക്ഷേ, പ്രസ്തുത ഭൂമി ആര്‍ക്കും വാടകക്ക് കൊടുക്കാതിരിക്കുകയും ചെയ്താല്‍ കച്ചവട സകാത്ത് ഇവിടെയും ബാധകമാകുന്നതാണ്.
ഒരു പ്രതിഫലവും കൂടാതെ ദാനമായി ലഭിച്ച വസ്തുക്കള്‍, സ്വന്തമായി വെട്ടിക്കൊണ്ടുവന്ന വിറകുകള്‍, വേട്ടയാടിപ്പിടിച്ച ജീവികള്‍, അനന്തരാവകാശമായി കിട്ടിയ മുതലുകള്‍ തുടങ്ങിയവ കച്ചവട ചരക്കാക്കണമെന്ന് ഉദ്ദേശിച്ചാലും അവക്ക് കച്ചവടത്തിന്‍റെ സകാത്ത് ബാധകമല്ല.
ഒരു പ്രതിഫലത്തിന്മേലായി സമ്പാദിച്ചതല്ല അവ. എന്നതാണ് കാരണം. ഒരു പ്രതിഫലവും കൂടാതെ സ്വായത്തമാക്കിയ വസ്തുക്കള്‍ കച്ചവടചരക്കുകളായി പരിഗണിക്കപ്പെടുന്നില്ല.