പ്രതീക്ഷയുടെ മാസം

പ്രതീക്ഷയാണ് ഏത് മനുഷ്യന്‍റേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. പ്രതീക്ഷ ഇല്ലാത്തവന്‍റെ ജീവിതം മരണതുല്യമാണ്. പ്രതീക്ഷകള്‍ മനുഷ്യന് പ്രവര്‍ത്തിക്കനുള്ള ഊര്‍ജ്ജം നല്‍കും. അവന്‍റെ സ്വപ്നങ്ങളെ പൂവണിയിക്കാനുള്ള പരിശ്രമം നടത്താന്‍ അവനെ പ്രേരിപ്പിക്കുന്നത് അവന്‍ നെഞ്ചില്‍ കെടാതെ സൂക്ഷിക്കുന്ന പ്രതീക്ഷയുടെ തീനാളമാണ്.

സര്‍വ്വേശ്വരനിലുള്ള ഒരുവന്‍റെ വിശ്വാസമാണ് ജീവിതത്തില്‍ പ്രതീക്ഷകള്‍ക്ക് വച്ചു പുലര്‍ത്താന്‍ ശക്തി നല്‍കുന്നത്. പരമകാരുണ്യവാനായ അള്ളാഹുവിന് കീഴടങ്ങി സഹജീവികളോട് സ്നേഹത്തോടും കാരുണ്യത്തോടും ജീവിക്കുന്ന മനുഷ്യന്‍റെ പ്രത്യാശകള്‍ സഫലീകരിക്കാന്‍ സര്‍വ ശക്തന്‍റെ അനുഗ്രഹമുണ്ടാവും.

നിരാശയോടെ മാത്രം ജീവിതത്തെ കാണുന്നവന്‍റെ ജീവിതം ഒരിക്കലും സന്തോഷം നിറഞ്ഞതാവില്ല. ജീവിതത്തിലെ എല്ലാ വാതിലുകളും അവന് മുന്നില്‍ കൊട്ടിയടക്കപെടുന്നു. മനുഷ്യനു വേണ്ടി അള്ളാഹു സൃഷ്ടിച്ച ഈ വിശാല ലോകം അവന്‍റെ മുന്നില്‍ ഇടുങ്ങിയതായി മാറും.

റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മനസിലെ നിരാശ ബോധത്തെ ഇല്ലാതാക്കാന്‍ നമ്മുക്കാവും. പരമകാരുണ്യവാനെ സ്തുതിച്ചു കൊണ്ട് ജീവിതത്തില്‍ എന്നും ഒരു തണലായി സര്‍വ്വേശ്വരന്‍ ഉണ്ടെന്നും മനസിലാക്കിയാല്‍ അവനില്‍ പ്രതീക്ഷകള്‍ തനിയെ വളര്‍ന്നു കൊള്ളും. നന്‍‌മയും സന്തോഷവും നിറഞ്ഞ ജീവിതം ലഭ്യമാവാന്‍ റംസാന്‍ വ്രതം ഏറെ സഹായകമാണ്.

വെബ്ദുനിയ വായിക്കുക