റംസാന്‍ കവിതകള്‍

സ്രഷ്ടാവിന് വേണ്ടി വിലപിക്കുകയും അതി കഠിനമായ വിരഹമനുഭവിക്കുകയും, ഈശ്വരസംഗമത്താല്‍ ആനന്ദത്തിന്‍റെ ഗീതങ്ങള്‍ ആലപിക്കുകയും ചെയ്തവരാണ് ജലാലുദ്ദീന്‍ റൂമിയും കബീറും. മനുഷ്യന്‍റെ അതിതീവ്രമായ സത്യാന്വേഷണത്തെ പ്രതിഫലിപ്പിക്കാന്‍ ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്.

കാത്തിരിപ്പിന്‍റെ ഭ്രാന്തന്‍
കബീര്‍

തോഴാ . അദ്ദേഹം വരുമെന്ന് തന്നെ വിശ്വസിക്കൂ
ആ ദിവ്യാനുഭവത്തിലേക്ക് ,ഒട്ടും
വൈകണ്ട, കുതിച്ച് ചാടാന്‍
മടിക്കണ്ട
മരിച്ച് വീഴുന്നതിന് മുന്‍പ്
വളരെ കരുതലോടെ ചിന്തിച്ച്, ചിന്തിച്ച്...
നീ നിന്‍റെ പാശങ്ങള്‍ ഇപ്പോള്‍
മുറിക്കുക
പിന്നീടവ ആര് തകര്‍ക്കും ?
പ്രേതങ്ങളോ ?
ജീര്‍ണ്ണിച്ച ശരീരം വെടിഞ്ഞ്
നിന്‍റെ ജീവന്‍ അവനോടു ചേരുമെന്നോ ?
വെറുതെ സ്വപ്നം കാണണ്ട
ഈ നിമിഷം നീ അവനെ അറിഞ്ഞില്ലെങ്കിലോ ?
ഈ നിമിഷം നീ അവനെ
പ്രാപിച്ചില്ലെങ്കിലോ ?
മരണത്തിന്‍റെ മുറിയില്‍ നീ
അകപ്പെട്ടുവല്ലോ
ഇന്ന് നീ അവനുമായി ആനന്ദത്തിന്‍റെ
മധു നുകര്‍ന്നുവെന്നോ ?
അടുത്ത ജന്മങ്ങളില്‍ സംതൃപ്തിയുടെ
മുഖം നിനക്ക് .
ആഴത്തിലേക്ക് പോകുക,
പരമകാരുണികനിലേക്കണയുക,
വചനത്തിലേക്ക് മടങ്ങുക
നിന്‍റെ കാത്തിരിപ്പാണ് മുഖ്യം
കബീറിനെ നോക്കൂ, ഇവന്‍
കാത്തിരിപ്പ് കൊണ്ട്
ഭ്രാന്തനായിപ്പോയി.
കബീര്‍ അവന് വേണ്ടി
ഭ്രാന്തനായിപ്പോയി



നീയും ഞാനും
ജലാലുദീന്‍ റൂമി

പ്രിയനേ, ആനന്ദഭരിതമായിരുന്നുവല്ലോ
നമ്മുടെ ആ നിമിഷം
നീയും ഞാനും രണ്ട് രൂപമോ ?
എങ്കിലെന്ത് ? ഒരേ ആത്മാവു പോല്‍
എന്‍റെ പ്രിയനെ നീയും ഞാനും
അനശ്വരതയുടെ നിറം
പൂവളളികള്‍ക്കും വൃക്ഷങ്ങള്‍ക്കും,
അമൃതിന്‍റെ രുചി
കിളികളുടെ പാട്ടുകള്‍ക്ക്
എത്ര നക്ഷത്രങ്ങള്‍
കണ്ണെടുക്കാതെ,
എന്‍റെ ആത്മാവിന്‍റെ നാഥാ,
നീയും ഞാനും..
ഒരു സ്പര്‍ശം പോലും വേണ്ട
നീയും ഞാനുമില്ലാതാവാന്‍
വാക്കുകള്‍ക്കിവിടെ ഇടമില്ല
അനുഗ്രഹിക്കപ്പെട്ട സ്വര്‍"ീയ തത്തകള്‍
അസൂയപ്പെടട്ടെ
ആരും ചിരിക്കാത്തതു പോലെ
നാം ആഹ്ളാദത്താല്‍ കരഞ്ഞുപോകുന്നു.
എത്ര വിസ്മയകരം, കാരുണ്യവാനായ
നാഥാ... നമ്മളിങ്ങനെ...


എന്നെ നോക്കുന്നതെവിടെ?
കബീര്‍

എന്നെ നീ നോക്കുന്നതെവിടെ?
അടുത്തിരിപ്പുണ്ട് ഞാന്‍
നിന്‍റെ തോളുകളില്‍ സ്പര്‍ശിച്ച് കൊണ്ട്
സ്തൂപങ്ങളിലില്ല
അന്പലങ്ങളിലില്ല,
സിനഗോഗുകളിലില്ല,
സഭാ മന്ദിരങ്ങളിലില്ല,
ആള്‍ക്കൂട്ടത്തിലില്ല,
കീര്‍ത്തനങ്ങളിലില്ല
നിന്നെ വരിയുന്ന ശരീരങ്ങളിലില്ല
വെറുതെ നോക്കുക,
ഈ നിമിഷം
സമയത്തിന്‍റെ ഏറ്റവും ചെറിയ കണികയില്‍
ദൈവമെവിടെ ?
ശ്വാസത്തിനും ശ്വാസമായവന്‍
ഇവിടെ, എന്‍റെയുളളിലുണ്ട്.

വെബ്ദുനിയ വായിക്കുക