വീട്ടില്‍ അടങ്ങിയിരിക്കുന്ന , വീട്ടമ്മയായി മാത്രം കഴിയുന്ന , സ്ത്രീയുടെ ഒരു പ്രധാന പ്രശ്നമാണ് അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാ എന്നത്. മറ്റാരും അവരെ ശ്രദ്ധിക്കുന്നില്ല. ഭര്‍ത്താവും മക്കളും ഒക്കെ തിരക്കോട് തിരക്കിലാണ്. വീട്ടിലൊരു വളര്‍ത്തു മൃഗമുണ്ടെങ്കില്‍ അതായിരിക്കും അവരുടെ ഏക ആശ്വാസം. ബാക്കിയെല്ലാം ദിനചര്യയാവുന്നു.
അതുകൊണ്ടാണ് ചില സ്ത്രീകള്‍ ഇടയ്ക്കൊന്ന് പുറത്തുപോകാനും ബീച്ചില്‍ പോകാനും ഷോപ്പിംഗിനു പോകാനും ഒക്കെ ഭര്‍ത്താവിന്‍റെ കൂടെ ഒരുങ്ങിപ്പുറപ്പെടുന്നത്. നിത്യവൃത്തിയില്‍ നിന്ന് ഒരു മോചനം. മടുപ്പുളവാക്കുന്ന ദിനചര്യകളില്‍ നിന്ന് ഒരു വ്യത്യാസം. പലപ്പോഴും സ്ത്രീകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ഷോപ്പിംഗിനു പോകാനാണ്.
ഏകാന്തതയില്‍ നിന്ന് വിട്ട് നഗരത്തിലെ തിരക്കുകളിലേക്ക് കടകളുടെ വര്‍ണ്ണപ്പൊലിമയിലേക്ക് ഊളിയിടുമ്പോള്‍ എന്തൊരു സുഖം, എന്തൊരാശ്വാസം. ഒരു ചെറിയ സാരി വാങ്ങണമെങ്കില്‍ പോലും പത്ത് കടകള്‍ കയറിയിറങ്ങുന്നതിന്‍റെ മന:ശാസ്ത്രവും മറ്റൊന്നല്ല.
മറ്റൊന്ന്, അതാണേറ്റവും പ്രധാനം. സാധനം വാങ്ങാന്‍ ചെല്ലുമ്പോള്‍ വാങ്ങുന്ന ആള്‍ക്ക് കടയിലുള്ള ആളുകളുടെ ശ്രദ്ധ കിട്ടുന്നു. തത്കാലത്തേക്കെങ്കിലും കടയിലെ ഒരു വി.ഐ.പി ആയി മാറുന്നു. ഒന്നും വാങ്ങിച്ചില്ലെങ്കില്‍ പോലും കടയിലെ ആളുകള്‍ അവളെ പ്രധാന വ്യക്തിയായി കണ്ട് സംസാരിക്കുന്നു.
ഇത്രയും വളരെ നല്ലത്. ഒരു വീട്ടമ്മയ്ക്ക് ഇത്തരമൊരു മാറ്റം ഇടയ്ക്കിടെ ആവശ്യമാണ്. ഇതൊരു സൌജന്യമല്ല, ഒരു അവകാശമാണ്. എന്നാല്‍, ചിലപ്പോഴത് ഒരു വാങ്ങല്‍ ജ്വരമായി മാറാറുണ്ട്.- കംപല്‍സീവ് ഷോപ്പിംഗ്. കടകളില്‍ കയറിയിറങ്ങി ചെറുതും വലുതുമായി കണ്ണീല്‍കണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ഒരു നിര്‍ബന്ധബുദ്ധിയോടുകൂടിയ ഷോപ്പിംഗ്.
ഇത് അവഗണനയുടെ വിഷാദരോഗത്തിന്‍റെ ഒക്കെ ഫലമായി ഉണ്ടാവുന്നതാവാം. ഇത് ഒബ്സസീസ് കമ്പത്സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി) എന്ന മനോരോഗത്തിന്‍റെ ഒരു വകഭേദമായാണ് മന:ശാസ്ത്രജ്ഞര്‍ കാണുന്നത്. ഇത് സ്വയം വിചാരിച്ചാലേ നിയന്ത്രിക്കാനാവു.
എന്നാലിത് ഹൈപ്പോ മാനിയ പോലുള്ള ഒരു മനോരോഗമല്ല. ഇത് രോഗമാവുമ്പോള്‍ ആളുകള്‍ ചെലവാക്കുന്നതില്‍ നിഗൂഢവും വന്യവുമായ ഒരു ആനന്ദം കണ്ടെത്തുന്നു. ഇത്തരം രോഗമുള്ള സ്ത്രീകള്‍ വലിയ ‘മാളുകളില്‍” കയറി കണ്ടമാനം സാധനങ്ങള്‍ വാങ്ങിക്കൂട്ടുക പതിവാണ്.
നിര്‍ബന്ധപൂര്‍വമുള്ള ഷോപ്പിംഗിന്‍റെ ഒരു കാരണം ബോറഡി തന്നെയാണ്. ചിലപ്പോള്‍ അതിനകമ്പടിയായി മാനസിക വിഷമങ്ങളും വിഷാദങ്ങളും വരുന്നു. ചിലപ്പോള്‍ ഒരു പകവീട്ടല്‍ ഷോപ്പിംഗ് ചില സ്ത്രീകള്‍ നടത്താറുണ്ട്. അത് മറ്റാരെയെങ്കിലും തോല്‍പ്പിക്കാന്‍ കൂടി വേണ്ടിയായിരിക്കും. കമ്പത്സീവ് ഷോപ്പിംഗ് എന്ന പെരുമാറ്റ കുഴപ്പം വീട്ടിലും കുടുംബത്തിലും വളരെ വലിയ തോതില്‍ അസ്വാസ്ഥ്യങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാക്കുന്നു.
ഉള്ള പണമെല്ലാമെടുത്ത് സാധനങ്ങള്‍ വാങ്ങിക്കൂട്ടിയാല്‍ അത് സാമ്പത്തിക പ്രതിസന്ധിക്കും വഴിയൊരുക്കും. തോന്നിയാല്‍ അപ്പോള്‍ സാധനങ്ങള്‍ വാങ്ങുക, ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്ന സ്ഥിതിവന്നാല്‍ കാര്യം കൂടുതല്‍ കുഴപ്പമാകും. എന്നാലിത് സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു മാനസികാവസ്ഥ ആണെന്ന് കരുതേണ്ടതില്ല. പുരുഷന്മാര്‍ക്കും ഈ കുഴപ്പമുണ്ട്.
സ്ത്രീകള്‍ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ആഭരനങ്ങളും ചെരുപ്പും സൌന്ദര്യവര്‍ദ്ധക വസ്തുക്കളുമാണ് വാങ്ങുന്നതെങ്കില്‍ പുരുഷന്മാര്‍ ഇലക്‍ട്രോണിക് ഉപകരണങ്ങളും കാറിന്‍റെയും സ്‌കൂട്ടറിന്‍റെയും മറ്റും സ്പെയര്‍ പാര്‍ട്ട്‌സും മറ്റുമാണ് വാങ്ങുക പതിവ്.
ഷോപ്പിംഗ് നടത്തുമ്പോള്‍ വളരെ സന്തോഷം തോന്നുമെങ്കിലും പിന്നീടിവര്‍ വീട്ടിലെത്തി അതിനെചൊല്ലി വിഷമിക്കുകയും പതിവാണ്. അത് വാങ്ങേണ്ടിയിരുന്നില്ല, ഇപ്പോള്‍ വേണ്ടിയിരുന്നില്ല എന്നൊക്കെ തോന്നും എന്ന് മാത്രമല്ല, വാങ്ങിയ പലതും അവര്‍ ഉപയോഗിക്കുകയുമില്ല. ചിലരത് തിരിച്ചു നല്‍കുകയോ മറ്റാര്‍ക്കെങ്കിലും കൊടുക്കുകയോ ചെയ്യും.
കമ്പത്സീവ് ഷോപ്പിംഗ് ആദ്യം കണ്ടുപിടിച്ചത് നൂറു കൊല്ലം മുമ്പാണ്. സ്കിസോഫ്രാനിയ എന്ന മനോരോഗത്തെ പറ്റി വിവരിച്ച ക്രാപ്പെലിന്‍, ബ്ലൂലെര്‍ എന്നീ മനോരോഗ വിദഗ്ദ്ധരാണ് ഈ മാനസികാവസ്ഥയെ പറ്റി പഠിച്ചത്. അവരതിനെ ഓനിയോ മാനിയ എന്നു വിളിച്ചു. ഓനിയോ എന്നാല്‍ വാങ്ങല്‍ എന്നാണര്‍ത്ഥം.
കമ്പത്സീവ് ഷോപ്പിംഗ് നടത്തുന്നവരുടെ നിര്‍ണ്ണായകമായ ഒരു ശതമാനം വിഷാദ രോഗമുള്ളവരാണെന്നാണ് ഇപ്പോഴൊരു കണ്ടെത്തല്‍. ഏകാന്തതയോ വിഷാദമോ കൂടിവരുമ്പോള്‍ വാങ്ങിക്കൂട്ടാനുള്ള വാസന കൂടുമത്രെ!.
വിഷാദരോഗത്തിനുള്ള ചികിത്സ നടത്തുകയാണ് ഈ ശീലം മാറ്റാനുള്ള ഒരു പോംവഴി. കോഗ്നറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്നൊരു ചികിത്സകൂടി ഇതിനുണ്ട് എന്ന് ചെന്നൈയിലെ മനോരോഗ വിദഗ്ദ്ധന്‍ ഡോ.എസ്.മോഹന്‍ രാജ് പറയുന്നു.