ബലാല്‍സംഗവും ലൈംഗിക പീഡനവും എങ്ങനെ വ്യത്യസ്തമാകുന്നു? സ്ത്രീയുമായി അവളുടെ അനുമതി കൂടാതെ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതാണ് ബലാല്‍സംഗം.
എന്നാല്‍ ലൈംഗിക പീഡനം എന്നാല്‍ ലൈംഗികവേഴ്ച നടന്നിരിക്കണം എന്നില്ല. അപ്പോള്‍ ബലാല്‍സംഗം ലൈംഗിക കുറ്റകൃത്യമല്ല എന്നും അതിനു പിന്നിലുള്ള ചോതോവികാരം ലൈംഗിക ആസക്തിയല്ല എന്നുമുള്ള അറിവ് വിചിത്രമായി തോന്നാം.
ബലാല്‍സംഗത്തിന്റെ പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ചുള്ള അന്വേഷണം ആദ്യമെത്തുന്നത് അമിതമായ ലൈംഗികാസക്തിയിലാണ്. എന്നാല്‍ ഈ പ്രാഥമിക ഉത്തരം ശരിയല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്റെ ലൈംഗികതയ്ക്കുപരി ആക്രമണവാസനയാണ് ബലാല്‍സംഗങ്ങള്‍ക്ക് പിന്നിലെ പ്രഥമ വികാരം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ലൈംഗിക കുറ്റകൃത്യം എന്ന നിലയില്‍ നിന്ന് ശാരീരികവും മാനസികവുമായ ആക്രമണം എന്ന നിലയിലേക്ക് ബലാല്‍സംഗത്തെ മാറ്റിനിര്‍ത്തി ചിന്തിക്കുന്പോഴാണ് അതിനെ വധശിക്ഷ നല്‍കേണ്ട കുറ്റകൃത്യമാക്കണം എന്ന ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ അഭിപ്രായത്തിന് പ്രാധാന്യമേറുന്നത്.
അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ ബലാല്‍സംഗം ചെയ്യുന്നവരിലേറെയും അവിവാഹിതരാണെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കുറ്റവാളികള്‍ക്ക് പ്രായമേറും തോറും ഇരയ്ക്ക് പ്രായം കുറയുന്നതായും സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നു.
ബലാല്സംഗങ്ങളില് 50% വും ആഴ്ചാവസാനങ്ങളിലും അതിന്റെ 50% രാത്രി എട്ടിനും രണ്ടിനും ഇടയ്ക്കുമാണ് നടന്നതെന്നും കണ്ടെത്തി. ഒപ്പം 71% വും വിശദമായ പ്ളാനിങ്ങോടെ ചെയ്യുന്നു എന്നും!
കുറ്റവാളികളില്‍ നടത്തിയ പഠനം വിചിത്രമായ ഒരു ചിന്താഗതി കൂടി വെളിച്ചത്തു കൊണ്ടുവരുന്നു. ബലാല്‍സംഗത്തെ പ്രതിരോധിക്കേണ്ടത് സ്ത്രീകളുടെ കടമയാണ് എന്ന് അവര്‍ കരുതുന്നു.
ബലാല്‍സംഗ കുറ്റവാളികളെ രണ്ടായി തരംതിരിക്കാം - ക്രിമിനലുകള്‍ എന്നും മാനസികപ്രശ്നമുള്ളവര്‍ എന്നും. സമൂഹത്തിന്റെ താഴേക്കിടയിലുള്ള വിദ്യാഭ്യാസം കുറഞ്ഞ പതിവു കുറ്റവാളികളാണ് പലപ്പോഴും ക്രിമിനലുകളുടെ വിഭാഗത്തില്‍ വരിക.
മാനസിക പ്രശ്നമുള്ളവരുടെ വിഭാഗത്തില്‍ വരുന്നത് ഉന്നത വിദ്യാഭ്യാസമുള്ളവരും സമൂഹത്തിലെ ഉന്നതര്‍ക്കിടയില്‍ നിന്നുള്ളവരുമാണ്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇവരെ ബലാല്‍സംഗത്തിലേക്കു നയിക്കുന്നതെന്ന് കരുതുന്നു.
ഈ സിദ്ധാന്തങ്ങളൊന്നും തന്നെ പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ബലാല്‍സംഗത്തിനു പിന്നില്‍ എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് ഓരോ ചുവട് അടുപ്പിക്കാന്‍ ഇവ സഹായിക്കുന്നുണ്ട്.
സ്ത്രീയുടെ മാനസികവും ധാര്‍മ്മികവുമായ മരണമാണ് ബലാല്‍സംഗത്തിലൂടെ സംഭവമാക്കുന്നത്. അതുകൊണ്ടുതന്നെ ആ കുറ്റം ചെയ്യുന്ന വ്യക്തിക്ക് വധശിക്ഷ നല്‍കുക എന്ന അഭിപ്രായം ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടാന്‍ യോഗ്യമാണ്.
എന്നാല്‍ ബലാല്‍സംഗത്തിന് വധശിക്ഷ ഏര്‍പ്പെടുത്തിയാല്‍ ബലാല്‍സംഗത്തിനു ശേഷമുള്ള കൊലപാതകങ്ങളുടെ എണ്ണം കൂടും എന്നൊരു എതിര്‍വാദം കൂടി ഇതിനുണ്ട്. ആധുനിക സമൂഹത്തിലെങ്ങും ഇങ്ങനെയൊരു ശിക്ഷ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഈ സംശയത്തിന് നിവാരണം കാണാന്‍ തല്ക്കാലം മനഃശാസ്ത്രജ്ഞര്‍ക്കേ കഴിയൂ.