ഇറാനി: ഡല്‍ഹി തിളങ്ങി

PTIPTI
ഇന്ത്യന്‍ ടെസ്റ്റ് ടീമിന് സമാനമായ ടീമെന്ന ഖ്യാതിയുമായി ഇറാനി ട്രോഫി പോരാട്ടത്തിന് ഇറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യയെ രഞ്ജീ ചാമ്പ്യന്‍മാരായ ഡല്‍ഹി എറിഞ്ഞു തകര്‍ത്തു. റെസ്റ്റ് ഓഫ് ഇന്ത്യ ആദ്യ ദിവസം തന്നെ 252 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ച് ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 21 റണ്‍സ് നേടിയിട്ടുണ്ട്.

യുവ ബൌളര്‍മാരായ ഇഷാന്ത് ശര്‍മ്മ, പ്രദീപ് സാംഗ്‌വാന്‍, ചേതന്യ നന്ദ എന്നിവരുടെ മികവാണ് ലോക ക്രിക്കറ്റിലെ തന്നെ കരുത്തന്‍മാരായ ബാറ്റ്സ്‌മാന്‍മാരെ തളച്ചത്. മൂന്നു യുവ ബൌളര്‍മാരും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റെസ്‌റ്റ് ഓഫ് ഇന്ത്യ നിരയില്‍ ഓപ്പണര്‍ വസീം ജാഫറും( 50) മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും (46) മാത്രമാണ് കാര്യമായ സംഭാവനകള്‍ നടത്തിയത്.

ടോസ് നേടിയ തെരഞ്ഞെടുത്ത നായകന്‍ അനില്‍ കുംബ്ലെയുടെ തീരുമാനം ശരി വെയ്ക്കുന്ന പ്രകടനമാണ് ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയത് വസീം ജാഫറും നടത്തിയത്. എന്നാല്‍ നന്ദയുടെ പന്തില്‍ കോഹ്‌ലി പിടിച്ച് ജാഫറും ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി രാഹുല്‍ ദ്രാവിഡും മടങ്ങിയതിന് ശേഷം ഇന്ത്യന്‍ ടീം പതറുകയായിരുന്നു. പിന്നീട് വി വി എസ് ലക്‌ഷ്മണും( 21) മൊഹമ്മദ് കൈഫും (29) മാത്രമാണ് കാര്യമായ ചെറുത്ത് നില്‍പ്പ് നടത്തിയ മുന്‍‌നിര ബാറ്റ്‌സ്മാന്‍‌മാര്‍. എം എസ് ധോനി(5), അനില്‍ കുംബ്ലെ (9), എസ് ബദരീനാഥ് (16) എന്നിവര്‍ അധിക നേരം ക്രീസില്‍ ചിലവഴിക്കാതെ മടങ്ങി.

വാലറ്റത്ത് ഹര്‍ഭജന്‍ സിങ്ങ്‌ (26) നോട്ടൌട്ട്, ആര്‍ പി സിങ്ങ്‌ (18) മുനാഫ് പട്ടേല്‍ (19) എന്നിവര്‍ നടത്തിയ പോരാട്ടമാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ മാന്യമായ സ്കോറില്‍ എത്തിച്ചത്. ഡല്‍ഹിക്കായി നായകന്‍ വിരേന്ദ്ര സെവാഗും ഒരു വിക്കറ്റ് വീഴ്ത്തി.

ഡല്‍ഹിക്കായി ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്ത ആകാശ് ചോപ്ര 16 റണ്‍സുമായും ഗൌതം ഗംഭീര്‍ നാല് റണ്‍സുമായും ബാറ്റു ചെയ്യുമ്പോഴാണ് ആദ്യ ദിവസം കളി അവസാനിച്ചത്.

വെബ്ദുനിയ വായിക്കുക