ഇറാനി ട്രോഫി റെസ്റ്റിന്

PTIPTI
രഞ്ജീ ചാമ്പ്യന്‍മാരായ ഡല്‍ഹിയെ കീഴടക്കി അനില്‍ കുംബ്ലയുടെ നേതൃത്വത്തിലുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീം ഇറാനി ട്രോഫി സ്വന്തമാക്കി. രണ്ടാം ഇന്നിങ്ങ്‌സില്‍ 378 റണ്‍സ് വിജയലക്‌ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി നാലാം ദിവസം 190 റണ്‍സിന് പുറത്താകുകയായിരുന്നു.

ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു വീഴുമ്പോഴും പൊരുതി നിന്ന ഓപ്പണര്‍ ഗൌതം ഗംഭീര്‍ (91) മാത്രമാണ് ഡല്‍ഹിക്കായി കാര്യമായി ബാറ്റ് വീശിയത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം കളി തുടങ്ങിയ ഡല്‍ഹിയുടെ തുടക്കത്തില്‍ തന്നെ നാലാം വിക്കറ്റും നഷ്ടമായി. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാറ്റ് ചെയ്യാതിരുന്ന ആകാശ് ചോപ്രയാണ് ആദ്യം പുറത്തായത്.

റണ്ണൊന്നും നേടാനാകാതെ പോയ ചോപ്ര സാഹിര്‍ ഖാന്‍റെ പന്തില്‍ ക്ലീന്‍ ബൌള്‍ഡാകുകയായിരുന്നു. പിന്നാലെ എത്തിയ ബാറ്റ്‌സ്മാന്‍മാരെ കുംബ്ലെയും ഹര്‍ഭജനും ചേര്‍ന്ന് വൈകാതെ മടക്കി അയക്കുകയും ചെയ്ത്. ശനിയാഴ്ച ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ബാറ്റ്‌സ്മാന്‍‌മാരില്‍ മാനസ് (12) മാത്രമാണ് രണ്ടക്കം കണ്ടെത്. ഒടുവില്‍ ഡല്‍ഹിയുടെ സ്കോര്‍ 187ല്‍ എത്തിയപ്പോള്‍ കുംബ്ലയുടെ പന്തില്‍ ധോനി പിടിച്ച് ഗംഭീര്‍ പുറത്തായതോടെ രഞ്ജീ ചാമ്പ്യന്‍മാരുടെ ചെറുത്ത് നില്‍പ്പ് അവസാനിക്കുകയായിരുന്നു.

ഗംഭീര്‍ പുറത്തായി എട്ടു പന്തുകള്‍ക്ക് ശേഷം ഡല്‍ഹിയുടെ പത്താം വിക്കറ്റും വീണു. ഹര്‍ഭജന്‍റെ പന്തില്‍ ബദരീനാഥിന് ക്യാച്ച് നല്‍കി ഇഷാന്ത് ശര്‍മ്മ മടങ്ങിയതോടെയാണ് ഡല്‍ഹിയുടെ ഇന്നിങ്ങ്‌സിനും മത്സരത്തിനും തിരശീല വീണത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന് സമാനമായ കരുത്തുമായി ഇറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ 187 റണ്‍സിന്‍റെ വിജയമാണ് സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്ങ്‌സില്‍ റെസ്റ്റിനായി ഹര്‍ഭജന്‍ സിങ്ങ് നാലും കുംബ്ലെ സാഹിര്‍ എന്നിവര്‍ മൂന്നു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

വെബ്ദുനിയ വായിക്കുക