ജീവനകല -പുനര്‍ജനിയുടെ ശ്വസനമന്ത്രം

WDWD
ഒരല്പം മനശാന്തിതേടി , മനസ്സമാധാനം തേടി മനുഷ്യ മനസ്സുകള്‍ അലഞ്ഞുനടക്കുകയാണ്. എപ്പോഴോ എവിടെയോ ആ മനസ്സുകള്‍ക്ക് ഒരിറ്റു മനശാന്തിയും മനസമാധാനവും വീണുകിട്ടിയാലായി;. പിന്നെയും അലയുകയായി.

ഇതിനൊരു പരിഹാരമില്ലേ? അവിടെയാണ് ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ പ്രസക്തി.

ജീവിതം ഒരു കലയാക്കുക. ഇന്നലകളെക്കുറിച്ച് ആവലാതികളില്ലാതെ, നാളയെക്കുറിച്ച് വ്യാകുലതകളില്ലാതെ, ഇന്നിനെക്കുറിച്ച് മാത്രം ആലോചിച്ച് ജീവിക്കുക. ഇന്നിനെക്കുറിച്ച് മാത്രം ആലോചിച്ച് ആഹ്ളാദിക്കാനാവുമോ?

സാധാരണഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നത് നാം അറിയാറുണ്ടോ? ഇല്ല. അതിനൊരു താളബോധം നല്‍കി നോക്കൂ. നമ്മുടെ ശരീരത്തിലും മനസ്സിലും അത്ഭുതങ്ങള്‍ ഊറിക്കൂടുന്നത് കാണാം.

അതോടെ മനുഷ്യമനസ്സുകള്‍ ആഹ്ളാദോന്മത്തരാകും. അവരുടെ ചിത്തവൃത്തികള്‍ സുതാര്യവും സംശുദ്ധമാവുമാകും. താപമോഹകോപാധികള്‍ പമ്പ കടക്കും. എല്ലാവിധ ലഹരികളില്‍ നിന്നും മോചിതനാകാന്‍ മനസ്സ് വെമ്പല്‍കൊള്ളും.

താളാത്മകമായ ശ്വസനത്തിന്‍റെ മുടങ്ങാതെയുള്ള ആവര്‍ത്തന പ്രക്രിയയിലൂടെ ശാന്തിയുടെ, സമാധാനത്തിന്‍റെ, ആഹ്ളാദത്തിന്‍റെ അമൃതധാര ശരീരമാസകലം, മനസ്സിലൊട്ടാകെ അനുഭവഭേദ്യമാകും.

ഉല്‍ക്കണ്ഠകളില്ലാതെ വിഭ്രാന്തികളില്ലാതെ, എന്തിനോ ഏതിനോ വേണ്ടിയുള്ള അത്യാര്‍ത്തികളില്ലാതെ, അമിതാവേശമില്ലാതെ സമഭാവനയോടെ പരമകാരുണ്യ മൂര്‍ത്തികളായി ഒരു ശാന്തിതീരത്തിലേക്ക് നമ്മള്‍ ഒഴുകി ഒഴുകി നീങ്ങുന്നത് ക്രമേണ അനുഭവപ്പെടുന്നതാണ്.

ആവര്‍ത്തന പ്രക്രിയകളിലൂടെ രോഗവിമുക്തിയും സംഭവിച്ചെന്നിരിക്കും. പ്രമേഹം അര്‍ബുദം ആസ്തമ, ഹൃദ്രോഗം, നടുവേദന തുടങ്ങിയുള്ള മാറാ രോഗങ്ങ ളെ ശ്വസനക്രിയയിലൂടെ നിയന്ത്രിക്കാനാവുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചില മെഡിക്കല്‍ കോളജുകളിലും ആര്‍ട്ട് ഓഫ് ലിവിംഗിന് സ്വാഗതം ലഭിച്ചു; ശ്വസനക്രിയാ പരിശീലനം തുടങ്ങി.

പല ലോകരാഷ്ട്രതലവന്മാരും ഇപ്പോള്‍ ആര്‍ട്ട് ഓഫ് ലിവിംഗില്‍ പങ്കാളികളാകാന്‍ തുടങ്ങിയിരിക്കുന്നു.. ലോകത്തിലെ പല സര്‍വ്വകലാശാലകളും ആര്‍ട്ട് ഓഫ് ലിവിംഗ് ഒരു പാഠ്യപദ്ധതിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

രാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പല തീവ്രവാദി ഗ്രൂപ്പുകളും ശ്വസനക്രിയയില്‍ ആകൃഷ്ടരായി ആയുധം താഴെവച്ച്ു കഴിഞ്ഞതായി പത്രവാര്‍ത്തകളുണ്ട്.

കേവലം ആറു ദിവസങ്ങളിലായി, 22 മണിക്കൂറുകള്‍ കൊണ്ടാണ് ആര്‍ട്ട് ലിവിംഗിലൂടെ പരിണാമക്രിയകള്‍ നമ്മുടെ ശരീരത്തിലും മനസ്സി ലുമായി പടര്‍ന്ന് കയറുന്നത്. അവിടെ ജാതിയില്ല, മതമില്ല, നിറമില്ല, തരമില്ല എല്ലാവരും ഒന്നാണ്. ശ്വസനക്രിയ പഠിക്കുന്നതോടൊപ്പം സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിക്കുന്നതിനും അവസരങ്ങള്‍ കിട്ടുന്നു.

ഇതിനിടയില്‍ ദിശാവന്ദനം മുതല്‍ പ്രാണായാമം, ഭസ്ത്രികാ പ്രാണായാമം തുടങ്ങി, സുദര്‍ശന ക്രിയവരെയുള്ള ശ്വസനപ്രക്രിയകള്‍ അനായസം നമുക്ക് പഠിക്കാന്‍ കഴിയുന്നു. ഇത് ആവര്‍ത്തിക്കുന്നതിലൂടെ ശരീരകോശങ്ങള്‍ സംശുദ്ധമാവുകയും അവിടെ പ്രാണവായു വന്ന് നിറയുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക