ചരിത്രപ്രസിദ്ധമാണ് മണര്‍കാട് സെന്റ് മേരീസ് പള്ളി എന്ന മാര്‍ത്താമറിയം പള്ളി. കരുണാമയിയായ മേരി മാതാവിന്റെ നിതാന്ത സാന്നിദ്ധ്യവും അനുഗ്രഹവര്‍ഷവും ലക്ഷക്കണക്കിന് ഭക്തരെ ഈ പുണ്യസങ്കേതത്തിലേക്ക് ആകര്‍ഷിക്കുന്നു. മലങ്കരയിലെ ഏറ്റവും പുരാതന പള്ളിയാണ് മണര്‍കാട് പള്ളി. പള്ളി സമുച്ചയത്തില്‍ കാണപ്പെടുന്ന ശിലാലിഖിതങ്ങള്‍ ആയിരം വര്‍ഷമെങ്കിലും പള്ളിക്ക് പഴക്കമുണ്ടെന്ന് രേഖപ്പെടുത്തുന്നു. 910 എഡിയിലും 920 എഡിയിലും എഴുതപ്പെട്ട ഈ ശിലാ ലിഖിതങ്ങള്‍ 600 കൊല്ലം മുന്‍പുള്ള തമിഴ്, മലയാളം ലിപിയിലും ശൈലിയിലുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
പലവട്ടം മണര്‍കാട് പള്ളി പുതുക്കിപ്പണിഞ്ഞിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ശൈലിയില്‍ പണികഴിപ്പിച്ച പള്ളികളായിരുന്നു കൂടുതല്‍. കോട്ടയം കൊച്ച് പള്ളിയുടെ മാതൃകയില്‍ അക്കാലത്ത് തന്നെയാകും മണര്‍ക്കാട് പള്ളിയും പണികഴിപ്പിച്ചിട്ടുണ്ടാകുക. ഇന്ന് 2500 റോളം കുടുംബങ്ങളുള്ള ഈ പള്ളി ഇടവകയുടെ നേതൃത്വം പ്രധാന വികാരിയെക്കൂടാതെ പതിനൊന്ന് മറ്റ് വികാരിയച്ചന്മാരും ചേര്‍ന്നാണ് കൈയ്യാളുന്നത്.
പള്ളിയിലെ ഏറ്റവും വലിയ ഉത്സവം എട്ട് നോമ്പ് പെരുന്നാളാണ്. മണര്‍കാട് പള്ളിയോളം പഴക്കമുണ്ട് എട്ടു നോമ്പ് പെരുന്നാളിനും. ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമയിലും തിരുവിതാംകൂര്‍ സ്റേറ്റ് മാനുവലിലും എട്ടു നോമ്പ് പെരുന്നാളിന്റെ പരാമര്‍ശമുണ്ട്.
എട്ടു നോമ്പ് പെരുന്നാള്‍ സമയത്ത് എല്ലാ വഴികളും മണര്‍ക്കാട്ടേക്ക് എന്ന മട്ടില്‍, കോട്ടയത്ത് നിന്ന് 9 കി.മീ. ദൂരത്ത് സ്ഥിതി ചെയ്യുന്ന മണര്‍കാട് പട്ടണം ജനനിബിഡമാകും. എട്ട് നോമ്പ് പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ഉത്സവം സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെയാണ് എല്ലാ വര്‍ഷവും നടക്കുക.
സ്നേഹത്തിന്റെ മഹാസമുദ്രവും ആശ്രയിക്കുന്നവര്‍ക്ക് ഉടനെ അഭയമരുളുന്നവളുമായ മണര്‍കാട് മേരി മാതാവിനെ ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കണക്കില്ല. രോഗം മാറാനും, അനപത്യതാ ദുഃഖമകറ്റാനും, കുടുംബപ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായും, ആഗ്രഹനിവര്‍ത്തിക്കും മാതാവ് അഭയസ്ഥാനമാണ്. ഹൃദയം തുറന്ന്, കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നവരെ കൈവിടുകയില്ല മേരി മാതാവ് എന്ന് ഭക്തര്‍ ഉറച്ച് വിശ്വസിക്കുന്നു. പെരുന്നാളിന് മൂന്ന് ലക്ഷത്തോളം ഭക്തരാണ് പള്ളിയില്‍ എത്തിച്ചേരുന്നത്.
കല്‍ക്കുരിശിന് പിന്നിലെ കഥ
ഈ പള്ളിയിലെ കല്‍ക്കുരിശിന് പുറകിലൊരു കഥയുണ്ട്. പള്ളിയിലൊരു കുരിശ് സ്ഥാപിക്കണമെന്ന് ഭക്ത ജനങ്ങള്‍ ആഗ്രഹിച്ചു. പുതുപ്പള്ളിക്കാരനായ ഒരു പ്രമാണിയോട് കുരിശ് പൊക്കുവാന്‍ ആനയെ വിട്ട് തരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആനയ്ക്ക് സുഖ ചികിത്സ ആയതിനാല്‍ ഈ ആവശ്യം പ്രമാണി നിരസിച്ചു. നിരാശരായി പള്ളിയില്‍ തിരിച്ചെത്തിയ ഭക്തര്‍ കുരിശ് സ്ഥാപിക്കപ്പെട്ടതായിക്കണ്ടു. കുരിശിന് താഴെ സുഖ ചികിത്സയിലായിരുന്ന ആനയുമുണ്ടായിരുന്നു.
മണര്‍കാട് പള്ളിയുടെ മുന്നിലെ കല്‍ക്കുരിശിനു പള്ളിയുടെ അത്രതന്നെ പഴക്കമുണ്ടെന്നു വിശ്വസിക്കുന്നു. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഈ കല്‍ക്കുരിശ് വിശ്വാസതീവ്രതയുടെ പ്രതീകമാണ്. എട്ടുനോമ്പാചരണത്തിന് എത്തുന്ന എല്ലാ ഭക്തരും ഈ കല്‍ക്കുരിശിനെ വണങ്ങും. ചുറ്റുവിളക്കു കത്തിക്കും. രോഗശാന്തിയുടെ അപൂര്‍വനിമിഷങ്ങളുമായി മടങ്ങും. ഐതിഹ്യപ്പെരുമയുള്ള ഈ കല്‍ക്കുരിശിന്റെ ചുവട്ടില്‍ ചുറ്റുവിളക്കു കത്തിക്കുന്നതു പ്രധാന വഴിപാടാണ്.
കുരിശിന് ചുറ്റും തെളിക്കുന്ന നിറ ദീപങ്ങളാണ് ഈ പെരുന്നാളിന്റെ മറ്റൊരു പ്രത്യേകത. കുളത്തില്‍ മുങ്ങിക്കുളിച്ച ശേഷം ഭക്തര്‍ കുരിശിന് ചുറ്റും മുട്ടിന്‍മേല്‍ നടന്ന് പ്രദക്ഷിണം ചെയ്യുന്നു. മാനസിക, ശാരീരിക രോഗമുള്ളവര്‍ ഈ കുരിശിന് മുന്‍പില്‍ പ്രാര്‍ത്ഥിച്ചാല്‍ സുഖം പ്രാപിക്കുന്നുവെന്നത് സാക്ഷ്യമാണ്.
നോമ്പുകാലത്ത് എത്തുന്നവര്‍ പള്ളിക്കു സമീപമുള്ള കുളത്തില്‍ കുളിച്ചുകയറി ഈറനോടെ കുരിശിനു ചുറ്റും ഉരുള്‍നേര്‍ച്ചകള്‍ നടത്തുകയും ചുറ്റുവിളക്കുകള്‍ കത്തിക്കുകയും ചെയ്യും. മാനസിക രോഗം ബാധിച്ച അനേകമാളുകള്‍ കത്തിച്ച മെഴുകുതിരികളുമായി കുരിശിന്‍ചുവട്ടിലെത്തി മാതാവിനോടു മധ്യസ്ഥത യാചിക്കുന്നതും രോഗശാന്തിയില്‍ സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്ന കാഴ്ച സാധാരണമാണ്. ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ഥന, കുട്ടികളെ അടിമവയ്ക്കല്‍, പിടിപ്പണം, കല്‍ക്കുരിശിനു ചുറ്റും മുട്ടിന്മേല്‍ നീന്തല്‍, മുത്തുക്കുട നേര്‍ച്ച, സ്വര്‍ണം വെള്ളി കുരിശുകള്‍ നേര്‍ച്ച, ആള്‍രൂപം, പാച്ചോര്‍ നേര്‍ച്ച തുടങ്ങിയവയെല്ലാം മണര്‍കാട് പള്ളിയിലെ പ്രധാന നേര്‍ച്ചകളും വഴിപാടുകളുമാണ്..