തൃപ്രയാര്‍ ശ്രീരാമക്ഷേത്രം

WDWD
മധ്യ കേരളത്തിലെ പ്രസിദ്ധമായ നാലു ക്ഷേത്രങ്ങളാണ് തൃപ്രയാര്‍, കൂടല്‍മാണിക്യം, മൂഴിക്കുളം, പായമ്മല്‍ എന്നിവ. നാലമ്പലം എന്ന് പേരുകേട്ട ഇവയില്‍ പ്രധാനം തൃപ്രയാര്‍ ക്ഷേത്രമാണ്.

തൃശൂര്‍ ജില്ലയിലെ നാട്ടിക പഞ്ചായത്തില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് ക്ഷേത്രം. ചേര രാജാക്കന്മാരുടെ സ്ഥാനപ്പേരായ തിരുപ്പറൈയന്‍ - ആര്‍ - ലോപിച്ചതാണ് തൃപ്രയാര്‍ എന്നാണ് ഐതീഹ്യം.

എറണാകുളം - ഗുരുവായൂര്‍ തീരദേശ പാതയില്‍ തെക്കുനിന്ന് കൊടുങ്ങല്ലൂര്‍ വഴിയാണ് തൃപ്രയാര്‍ എത്തുക.

ഒരിക്കല്‍ മുക്കുവര്‍ക്ക് ലഭിച്ച വിഗ്രഹങ്ങള്‍ വാകയില്‍ കൈമള്‍ വഴി ബ്രാഹ്മണര്‍ക്ക് സമ്മാനമായി ലഭിക്കുകയും അവര്‍ അതില്‍ ശ്രീരാമവിഗ്രഹം തൃപ്രയാറിലും ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്ന വിഗ്രഹങ്ങള്‍ മൂഴിക്കുളം, ഇരിങ്ങാലക്കുട, പായമ്മല്‍ എന്നിവിടങ്ങളിലും സ്ഥാപിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

വ്യാഴാഴ്ചകള്‍, തിരുവോണ നക്ഷത്രം, പൗര്‍ണ്ണമി, അമാവാസി, ഏകാദശി, പൂരം പുറപ്പാട്, പ്രതിഷ്ടാദിനം എന്നിവയാണ് വിശേഷ ദിവസങ്ങള്‍. വൃശ്ഛികം ഒന്നു മുതല്‍ പന്ത്രണ്ട് വരെ നടക്കുന്ന കൂത്ത്, വെടി വഴിപാട് എന്നിവയാണ് പ്രധാന വഴിപാടുകള്‍.


ഏകാദശി, പൂരം

വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷം നടക്കുന്ന ഏകാദശി ഉത്സവം വിഖ്യാതമാണ്. മീനമാസത്തിലെ പൂരം പുറപ്പാടാണ് മറ്റൊരു പ്രധാന വിശേഷം.

ഏഴു ദിവസത്തെ പൂരം പുറപ്പാട്, സേതു കുളത്തിലെ ആറാട്ടോടെ തുടങ്ങുകയും ഏഴാം ദിവസം ആറാട്ടുപുഴയില്‍ ദേവ മേളയോടെ സമാപിക്കുകയും ചെയ്യുന്നു. അന്ന് മുപ്പത്തിമുക്കോടി ദേവകള്‍ അവിടെയെത്തുമെന്നാണ് വിശ്വാസം.

പ്രസിദ്ധമായ ആറാട്ടുപുഴപൂരത്തിന്‍റെ നേതൃസ്ഥാനം തൃപ്രയാര്‍ തേവര്‍ക്കാണ്. അപൂര്‍വസുന്ദരമായ ദേവസംഗമമാണ് ആറാട്ടുപുഴപൂരം. ഇതില്‍ പങ്കെടുക്കുന്ന ഏക വൈഷ്ണവ ദേവനും തൃപ്രയാര്‍ തേവരാണ്.

പൂരത്തിനു പുറപ്പെടുമ്പോള്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണിപ്പാട്ട് എന്ന വ്യത്യസ്തമായൊരു ആചാരം അരങ്ങേറും.

. തൃപ്രയാര്‍ തേവരുടെ മകനാണ് തൊട്ടടുത്തുള്ള ആവണങ്ങാട് ചാത്തനെന്നതാണ് ഇതിലൊരണ്ണം. ആറാട്ടുപുഴപൂരത്തിനു പോകുമ്പോള്‍ ആവണങ്ങാട്ടെത്തി മകനെ കൂട്ടിക്കൊണ്ടു പോകുന്നു എന്നാണ് സങ്കല്‍പം.

എഴുന്നള്ളിപ്പ് കുട്ടിയാനപ്പുറത്ത് ഓലക്കുടചൂടി ആനേശ്വരം ക്ഷേത്രത്തില്‍ എത്തുമ്പോള്‍ നിശബ്ദത പാലിക്കും. കുറച്ച് ഒളിച്ചുകളി നടത്തുകയാണ് ഭഗവാന്‍ ഇവിടെ. ആനേശ്വരം ക്ഷേത്രത്തിലെ ശിവന് ഉരിനെല്ലിന്‍റെ അരിയും അരമുറി തേങ്ങയും തൃപ്രയാര്‍ തേവര്‍ കടം കൊടുക്കാനുണ്ടെന്നാണ് ഐതിഹ്യം.

വെബ്ദുനിയ വായിക്കുക