ശ്രീ ശ്രീ രവിശങ്കര്‍ ലോകാരാധ്യനായ സദ്ഗുരു

തമിഴ്നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള പാപനാശം എന്ന ഗ്രാമത്തില്‍ പ്രശസ്ത വേദപണ്ഡിതനും മെഡിക്കല്‍ അസ്ട്രോളജറുമായ കെ.എസ്. വെങ്കിടരത്നത്തിന്‍റെയും ഉത്തമഭക്തയും വീണ വിദുഷിയുമായിരുന്ന വിശാലാക്ഷി വെങ്കിടരത്നത്തിന്‍റെയും മകനായി 1956 മെയ് 13-ാം തീയതി ശ്രീശ്രീ രവിശങ്കര്‍ ജനിച്ചു.

ലോകത്തിന്‍റെ പാപങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ജന്മമെടുത്ത അദ്ദേഹം പാപനാശം എന്ന പേര് അന്വര്‍ത്ഥമാക്കുകതന്നെ ചെയ്തു.

ബാല്യത്തിന്‍റെ നല്ലൊരുഭാഗം ബാംഗ്ളൂരില്‍ ചെലവഴിച്ച അദ്ദേഹം നാലു വയസ്സായിരിക്കുമ്പോള്‍ തന്നെ അനായസമായി ഭഗവത്ഗീതയും മന്ത്രങ്ങളും ചൊല്ലുന്നത് വീട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വേദപാഠങ്ങളൊക്കെ ഹൃദിസ്ഥമാക്കിയ ഈ കൊച്ചുകുട്ടിയെ മറ്റുള്ളവര്‍ തിരിച്ചറിയുകയും അദ്ദേഹം എല്ലാവരുടെയും ആദരവിന് പാത്രമാവുകയും ചെയ്തു.

"ലോകം മുഴുവന്‍ എന്നെ കാത്തിരിക്കുകയാണ്. ഞാന്‍ അവരെയൊക്കെ സന്ദര്‍ശിക്കാന്‍ പോകും' എന്ന് അദ്ദേഹം സഹപാഠികളോട് പറയുമായിരുന്നു.

ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ അന്വേഷണബോധവും അനുകമ്പയും പ്രകടമാക്കിയിരുന്നു. ഇടയ്ക്കിടെ സ്പോര്‍ട്സ് ക്ളാസില്‍ കയറാതെ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. അമ്മ അദ്ദേഹത്തോട് പോയി കളിക്കാന്‍ പറയുമ്പോള്‍ "ഈ പാദങ്ങള്‍ക്ക് ആരെയും ചവിട്ടാന്‍ കഴിയുകയില്ല. ഒരു പന്തിനെപ്പോലും' എന്നദ്ദേഹം മറുപടി പറയുമായിരുന്നു.

സഹോദരന്മാര്‍ ചുരുങ്ങിയ സമയംകൊണ്ട് ധ്യാനവും സന്ധ്യാവന്ദനവും പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം ഒന്നര മണിക്കൂര്‍ എടുത്താണ് കര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ത്തിരുന്നത്. ഓരോ മന്ത്രജപത്തിന് ശേഷവും അദ്ദേഹം ആകാശത്തേക്കു നോക്കി ഉത്തരത്തിന് വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. ഓരോ തവണയും അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തിരുന്നു.






ആധുനിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1982ല്‍ പത്തുദിവസത്തെ അഗാധമൗനത്തിന് ശേഷം കണ്ടെത്തിയ സുദര്‍ശനക്രിയ എന്ന യോഗവിദ്യ ലോക കല്യാണത്തിനായി പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും തീരുമാനിച്ചു.

സ്നേഹത്തിന്‍റെയും ശാന്തിയുടെയും പരസ്പര സൗഹാര്‍ദ്ദത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കുന്നതിന് മനുഷ്യനെ പ്രാപ്തനാക്കുന്ന അനവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തു.

അങ്ങനെ വേദവിജ്ഞാന മഹാവിദ്യാപീഠം, വ്യക്തിവികാസ് കേന്ദ്ര എന്നീ സംഘടനകള്‍ ബാംഗ്ളൂര്‍ ആസ്ഥാനമായി രൂപം കൊണ്ടു. സ്വന്തം ജ്ഞാനം ഈ ലോകത്തോട് പങ്കുവയ്ക്കാനാഗ്രഹിച്ച അദ്ദേഹം ദി ആര്‍ട്ട് ഓഫ് ലിംവിംഗ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് അടിത്തറയിട്ടു.

ലോകത്തെ ധാരാളം രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ചുറ്റിസഞ്ചരിച്ച്കൊണ്ട് മഹത്തായ ജ്ഞാനത്താല്‍ അദ്ദേഹം ഈ പ്രപഞ്ചത്തെ ആവരണം ചെയ്യുന്നു. സ്വീഡിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്.

യേല്‍ സര്‍വ്വകലാശാലയിലെ ബെര്‍ക്ക്ലി ഡിവിനിറ്റി സ്കൂളിന്‍റെ ഉപദേശക സമിതിയില്‍ അംഗങ്ങളായ ഓരേയൊരു പൗരസ്ത്യ ദേശക്കാരനാണ് രവിശങ്കര്‍. യോഗശിരോമണി എന്ന പട്ടം നല്‍കി ഇന്ത്യന്‍ പ്രസിഡന്‍റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

സമഗ്രവ്യക്തിത്വ വികസനവും മാനസികവും സര്‍ഗ്ഗാത്മകവുമായ വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കോഴ്സുകള്‍ അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്.

സുദര്‍ശന ക്രിയായോഗം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ബേസിക് കോഴ്സ് . പലതരം ധ്യാനരീതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ കോഴ്സ്. ഓരോ നിമിഷവും സേവനത്തിനുള്ളതാണെന്നും ഭക്തി, വിശ്വാസം, സേവനമനോഭാവം, മാനുഷിക മൂല്യങ്ങളിലുള്ള ആശ്രയം ഇവയൊക്കെ നമ്മുടെ നിലനില്പിന് തന്നെ അത്യന്താപേക്ഷിതമാണെന്നും പഠിപ്പിക്കുന്നു.







ദിവ്യസമാജ നിര്‍മ്മാണശിബിരം, എട്ട് വയസ്സു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ആര്‍ട്ട് എക്സല്‍ കോഴ്സ്, 16 മുതല്‍ 20 വയസ്സുവരെ പ്രായമുള്ളവര്‍ക്കു വേണ്ടിയുള്ള യംഗ് അഡള്‍ട്ട് കോഴ്സ്, ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള പ്രിസണ്‍ സ്മാര്‍ട്ട് കോഴ്സ് , സഹജസമാധി മെഡിറ്റേഷന്‍ കോഴ്സ്, കമ്പനി എക്സിക്യുട്ടീവിന് വേണ്ടിയുള്ള കോര്‍പ്പറേറ്റ് വര്‍ക്ക്ഷോപ്പ്, യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം തുടങ്ങിയവയ്ക്ക് ഇന്ന് വളരെ പ്രചാരം ലഭിച്ചു കഴിഞ്ഞു.

കൂടാതെ 5എച്ച് പ്രോഗ്രാം എന്ന പേരില്‍ ആരോഗ്യം, ശുചിത്വം, ഭവനം, മാനുഷിക മൂല്യങ്ങള്‍ മനസ്സിന്‍റെ വിവിധതലങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധം എന്നിവയെക്കുറിച്ചെല്ലാം ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായി നവചേതനാശിബിരം എന്ന പേരില്‍ ആരംഭിച്ച സേവനപ്രവര്‍ത്തനം ഗ്രാമഗ്രാമാന്തരങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.

ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പരിപാടി, ശ്രീ ശ്രീ വിദ്യാമന്ദിര്‍ എന്ന പേരില്‍ ആരംഭിച്ച പുതിയ വിദ്യാലയങ്ങള്‍ ... അങ്ങനെ തുടരുന്നു ആര്‍ട്ട് ഓഫ് ലിംവിംഗ് പ്രവര്‍ത്തനങ്ങള്‍.

സംഘര്‍ഷവിമുക്തമായ സമൂഹവും, രോഗമില്ലാത്ത ശരീരവും, താളാത്മകമായ ശ്വാസവും, ആശങ്കകളില്‍ നിന്നും മുക്തമായ മനസ്സും, മുന്‍വിധിയില്ലാത്ത ബുദ്ധിയും, വിസ്മൃതമല്ലാത്ത ഓര്‍മ്മയും, ഓരോരുത്തരുടെയും ജന്മാവകാശമാണ്.

മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും നാഥന്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് കരുതിക്കൊള്ളുക. ഈ പ്രപഞ്ചമത്രയും നിങ്ങള്‍ക്ക് സ്വന്തമാണെന്ന് കരുതിക്കൊള്ളുക. ജ്ഞാനത്തിന്‍റെ ദീപസ്തംഭങ്ങളാവുക. എല്ലാവരുടെയും ജീവിതത്തിലേക്ക് ആനന്ദം പകര്‍ന്നു നല്‍കുക. പിന്നെ നമുക്കൊന്നിനും കുറവുണ്ടാവുകയില്ല.

വെബ്ദുനിയ വായിക്കുക