കേരളത്തിന്‍റെ സ്രഷ്ടാവായ പരശുരാമന്‍ - വിഷ്ണുവിന്‍റെ അവതാരമായ പരശുരാമന്‍ ചിരഞ്ജീവിയായ പരശുരാമന്‍ - 2007 താ പരശുരാമ ജയന്തി ഡിസംബര്‍ 25 ന് ആയിരുന്നു
മുന്‍കോപക്കാരനും അടങ്ങാത്ത പകയുള്ളവനും അതീവ യുദ്ധനിപുണതയുമുള്ള ആളുമായിരുന്നു പരശുരാമന്‍. ജമദഗ്നി മഹര്‍ഷിയുടെ മകനായിരുന്നു അദ്ദേഹം.
പരശുരാമന്‍ മിശ്ര വര്‍ണ്ണക്കാരനാണ് ;സങ്കരജാതിക്കാരന്‍അച്ഛന്‍ ജമദഗ്നി മഹര്‍ഷി ബ്രാഹ്മണനാണ്, അമ്മ രേണുക രാജര്‍ഷിയും പ്രതാപശാലിയായ ആജാവുമായിരുന്ന വിശ്വാമിത്രന്‍റെ സഹോദരിയായിരുന്നു. അങ്ങനെ അമ്മവഴി ക്ഷത്രിയനും, അച്ഛന്‍ വഴി ബ്രാഹ്മണനുമായിരുന്നു അദ്ദേഹം.
ആയുധമേന്തുന്ന ബ്രാഹ്മണന്‍ എന്നദ്ദേഹത്തെ വിളിക്കാം. അതുപോലെ വിഷ്ണുവിന്‍റെ പൂര്‍ണ്ണ അവതാരമല്ല പരശുരാമന്‍, അവശേഷ അവതാരമാണ്. വിഷ്ണു ചൈത്ന്യം പരശുരാമനില്‍ പകര്‍ന്നു കൊടൂത്തിട്ടേ ഉള്ളൂ .
പരശുരാമന്‍ ബ്രാഹ്മണനും മഹര്‍ഷിയുമായിരുന്നുവെങ്കിലും കൊല്ലും കൊലയും രാഗദ്വേഷങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.
വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ പരശുരാമന്‍ ശിവനെ തപസ്സ് ചെയ്ത് നേടിയതാണ് പരശു (മഴു). ആ മഴുവെറിഞ്ഞാണ് കേരളമെന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശം രാമന്‍ കടലില്‍ നിന്ന് വീണ്ടെടുത്തത് എന്നാണ് വിശ്വാസം.
ഭാര്യയുടെ ചാരിത്യ്രത്തില്‍ സംശയിച്ച ജമദഗ്നി അമ്മയെ വെട്ടിക്കൊല്ലാന്‍ കല്പിച്ചുവെന്നും പരശുരാമന്‍ തെല്ലും കൂസാതെ അമ്മയെ കൊന്നുവെന്നും, അച്ഛനോട് വരം ചോദിച്ച് അമ്മയെ വീണ്ടും ജീവിപ്പിച്ചുവെന്നും കഥയുണ്ട്.
മാതൃഹത്യ കൊടിയ പാപമാണ്. ആ പാപത്തില്‍ നിന്നും മുക്തി കിട്ടുന്നതിനായി പരശുരാമന്‍റെ മനസ്സ് തപിച്ചു കൊണ്ടിരുന്നു.
ക്ഷത്രിയ വിരോധിയായിരുന്നു പരശുരാമന്‍. അതാണ് ത്രേതായുഗത്തില്‍ ശ്രീരാമന്‍റെ വിവാഹഘോഷയാത്രയെ തടഞ്ഞു നിര്‍ത്തി യുദ്ധത്തിന് വെല്ലുവിളിക്കാന്‍ പരശുരാമനെ പ്രേരിപ്പിച്ചത്.
പരശുരാമന്‍റെ ശൈവചാപം രാമന്‍ ജയിച്ചതോടെ ശ്രീരാമന്‍ വിഷ്ണുവാണെന്ന് മനസ്സിലാക്കുകയും തന്‍റെ വിദ്വോഷവും കോപവും അക്രമവാസനയും വെടിഞ്ഞ് ബ്രഹ്മര്‍ഷിയായി ജീവിക്കുകയും ചെയ്തു.
പരശുരാമന്‍റെ ക്ഷത്രിയരോടുള്ള വിരോധത്തിന് വലിയൊരു കാരണമുണ്ട്. ഒരിക്കല്‍ കാര്‍ത്ത്യവീരാര്‍ജുനന്‍ എന്ന രാജാവ് നായാട്ടിനായി സൈന്യ സമേതം ജമദഗ്നി മഹര്‍ഷിയുടെ ആശ്രമത്തിലെത്തി.
തന്‍റെ പക്കലുള്ള ദിവ്യ പശുവിനെ കൊണ്ട് മഹര്‍ഷി എല്ലാവര്‍ക്കും ആഹാരമൊരുക്കി. പശുവിനെ സ്വന്തമാക്കാന്‍ രാജാവിന് കലശലായ മോഹം. മഹര്‍ഷി കൊടുക്കാന്‍ തയാറല്ലായിരുന്നു. പശുവിനെ ബലാല്‍ക്കാരമായി രാജാവ് കൊണ്ടുപോയി.
വിവരമറിഞ്ഞ പരശുരാമന്‍ കോപിഷ്ടനായി കൊട്ടാരത്തിലെത്തി പശുവിനെ മോചിപ്പിച്ചു. എതിര്‍ത്ത രാജാവിനെ കൊല്ലുകയും ചെയ്തു.
കാര്‍ത്ത്യവീരാര്‍ജുനന്‍റെ മക്കള്‍ അവിടെയുണ്ടായിരുന്നില്ല. പരശുരാമന്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി അവര്‍ ജമദഗ്നി മഹര്‍ഷിയെ കഴുത്തറുത്ത് കൊന്നു. ഇതിനു പകരം വീട്ടാന്‍ രാമന്‍ പരശുവുമായി 21 വട്ടം ഭാരതം ചുറ്റിക്കറങ്ങി. കണ്ണില്‍ക്കണ്ട ക്ഷത്രിയരെയെല്ലാം കൊന്നൊടുക്കി.
കൊലപാതകത്തിന്‍റെ പാപം തീര്‍ക്കാന്‍ കൈയടക്കിയ സ്ഥലം മുഴുവന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അങ്ങനെ ആ യാത്രക്കൊടുവില്‍ ഗോകര്‍ണത്ത് നിന്നും പരശു വീശിയെറിഞ്ഞപ്പോള്‍ കടലില്‍ നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്നാണ് സങ്കല്പം.
അതുകൊണ്ട് കേരളത്തെ ഭാര്‍ഗ്ഗവ ക്ഷേത്രം, പരശുരാമ ക്ഷേത്രം എന്നൊക്കെ വിളിക്കാറുണ്ട്.