ഹിന്ദുമതം.‘അഹം ബ്രഹ്‌മസാമി’യാണെന്ന് , മാനവസേവ തന്നെ ഏറ്റവും വലിയ മാധവസേവയെന്ന് ലോകത്തെ പഠിപ്പിച്ച വിശാല മതം.
നന്മകള്‍ എവിടെ നിന്നും ആയിക്കോട്ടെ ഈ മതം തന്‍റെ യാഗകുണ്‌ഠത്തിലേക്ക് അവ വലിച്ചെടുത്ത് ഹവിസാക്കി മാറ്റുന്നു. ആസക്തിയുടെ അന്ധകാരയുഗത്തില്‍ വെളിച്ചം തേടി പാശ്ചാത്യര്‍ ഇവിടെയെത്തുന്നു.
എന്നാല്‍, ഈ മത ശരീരത്തിലും ചില കാലഘട്ടങ്ങളില്‍ അര്‍ബുദം ബാധിച്ചിരുന്നു. എന്നാല്‍, ചികിത്സ നടത്തുന്നതിനായി അവധൂതന്‍മാര്‍ ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്.
അങ്ങനെ ഒരാളായിരുന്നു ദയാനന്ദസരസ്വതി. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിന്‍റെ കടമയോടെ അദ്ദേഹം ഈ മതത്തെ ബാധിച്ചിരിക്കുന്ന അര്‍ബുദത്തെ കരിച്ചുകളയുവാന്‍ ചികിത്സ ആരംഭിച്ചു. ഇപ്പോള്‍ ഈ മതത്തിന് കൈവന്നിരിക്കുന്ന ആരോഗ്യത്തിന് കാരണക്കാരന്‍ ഈ ക്രാന്തദര്‍ശിയാണ്
.ഗുജറാത്തിലെ തങ്കാരയില്‍ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ 1824 നണ് ദയാനന്ദ സരസ്വതി ജനിച്ചത്. ദ്യം മൂല്‍ശങ്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ഒരു ഹിന്ദു പുരോഹിതനാകുവാന്‍ വേണ്ടി അദ്ദേഹം സംസ്‌കൃതവും വേദങ്ങളും പഠിച്ചു.
പിന്നീട് ദയാനന്ദസരസ്വതി ഇന്ത്യയില്‍ ഒട്ടാകെ സഞ്ചരിച്ചു. പല മതപണ്ഡിതരുമായി സംസാരിച്ചു. ഈ സമയം ഹിന്ദു മതത്തില്‍ വളരെയധികം ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. മൃഗബലി,പുരോഹിത ആധിപത്യം, വിഗ്രഹ ആരാധന എന്നിവ.
ഇവയെ പ്രതിരോധിച്ച് ഹിന്ദു മതത്തെ പുനര്‍ജീവിപ്പിക്കുവാനാണ് 1875 ല്‍ ആര്യസമാജം ദയാനന്ദസരസ്വതി സ്ഥാപിച്ചത്. ഇതിനു പുറമെ അയിത്തം,ബാല്യ വിവാഹം,സ്‌ത്രീവിവേചനം എന്നിവയേയും ആര്യസമാജം എതിര്‍ത്തിരുന്നു.
ഒരു കാലത്ത് തിയോസഫിക്കല്‍ സൊസൈറ്റിയും ആര്യ സമാജവും ഒന്നിച്ച് തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ദി ആര്യ സമാജ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നു.മറ്റ് മതങ്ങളിള്‍ നിന്ന് ഹിന്ദു മതത്തിലേക്കുള്ള പരിവര്‍ത്തനം ആര്യസമാജം നടത്തിവരുന്നു.
വേദങ്ങളുടെ പ്രാമാണിത്വത്തില്‍ ദയാനന്ദ വളരെയധികം വിശ്വസിച്ചിരുന്നു. സ്‌ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യ പദവി നല്‍കണമെന്ന പക്ഷക്കാരനായിരുന്നു ദയാനന്ദ സരസ്വതി. ഇന്ത്യന്‍ ആത്മീയ രചനകള്‍ അവര്‍ വായിക്കണമെന്നമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സ്‌ത്രീകളുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥന ആര്യസമാജം അനുവദിച്ചു വരുന്നു
വേദങ്ങള്‍ സംസ്‌കൃതത്തില്‍ നിന്ന് ഹിന്ദിയിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്തു. സാധാരണക്കാരനായ മനുഷ്യന്‍ അതു വായിക്കണമെന്ന ആഗ്രഹത്തോടെയാണ് ദയാനന്ദ ഇതു ചെയ്തത്.
രാജാറം മോഹന്‍ റായിയുടെ ആശയങ്ങള്‍ ദയാനന്ദയെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളെ അദ്ദേഹം സത്യാര്‍ത്ഥ പ്രകാശ് എന്ന തന്‍റെ പുസ്തകത്തില്‍ ദയാനന്ദ വിമര്‍ശിച്ചിട്ടുണ്ട്. 60 ലധികം പുസ്തകങ്ങള്‍ ദയാനന്ദസരസ്വതി രചിച്ചിട്ടുണ്ട്.
ദയാനന്ദസരസ്വതിയുടെ ആശയങ്ങള്‍ 1857 ലെ ശിപായി ലഹളക്ക് നേതൃത്വം നല്‍കിയ നേതാക്കന്‍മാര്‍ക്ക് പ്രചോദനം നല്‍കിയിരുന്നു. ഇതിനു പുറമെ ഭഗത് സിംഗ്, ലാല ലജ്‌പത് റോയ് എന്നിവരെയും ദയാനന്ദസരസ്വതിയുടെ ആശയങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.
1883 ല്‍ ജോധ്‌പ്പൂര്‍ മഹാരാജാവിന്‍റെ അതിഥിയായി താമസിക്കുമ്പോള്‍ ദയാനന്ദയുടെ ആശയങ്ങളോട് എതിര്‍പ്പുണ്ടായിരുന്ന കൊട്ടാരത്തിലെ പാചകക്കാരന്‍ അദ്ദേഹത്തിന് വിഷം നല്‍കി. മരണ കിടക്കയില്‍ വച്ച് ദയാനന്ദ പാചകക്കാരന് മാപ്പു നല്‍കി. കൊട്ടാരത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ പണം നല്‍കുകയും ചെയ്തു. 1883 ഒക്‍ടോബര്‍ 30 നാണ് ദയാനന്ദസരസ്വതി മരിച്ചത്.