ആദികവിയായ വാത്‌മീകി മഹര്‍ഷിയുടെ ജയന്തി ഇക്കൊല്ലം ഒക്‍ടോബര്‍ 26 നാണ്. ആസ്വിന -കാര്‍ത്തിക മാസത്തിലെ പൌര്‍ണ്ണമി നാളാണ് വാത്മീകി ജയന്തിയായി ആഘോഷിക്കുന്നത്.
വാത്മീകി ജയന്തി ഉത്തരേന്ത്യയില്‍ പലയിടത്തും പ്രഗത് ദിവസ് എന്നപേരിലും ബാല്‍മീകി ഉത്സവം എന്നപേരിലും ആഘോഷിക്കുന്നു. വാത്മീകി മഹര്‍ഷിയെ ഈശ്വരനായി കാണൂന്ന ഒരു വിഭാഗവും ഉണ്ട്. അന്നു നഗരങ്ങളില്‍ വാത്മീകി മഹര്‍ഷിയുടെ ചിത്രങ്ങളെതിയ ശോഭായാത്രകളും ഭജനയും പ്രാര്‍ഥനയും നടക്കും.
ബ്രാഹ്മണനായി ജനിക്കുകയും ശൂദ്രസ്ത്രീയെ വിവാഹം ചെയ്യുക വഴി സാംസ്കാരികമായി വഴിവിട്ട് അധ:പതിക്കുകയും പിന്നീട് സപ്തര്‍ഷിമാരുടെ അനുഗ്രഹാശിസ്സുകളോടെ തേജസ്വിയായ ഋഷീശ്വരനായി മാറുകയും ചെയ്ത വ്യക്തിയാണ് വാത്മീകിഎന്നൊരു പക്ഷമുണ്ട്. നേപ്പാളി ആദിവാസി വിഭാഗമാായ കിരാത് വംശജനാണെന്നു ചിലര്‍ പറയുന്നു
വത്മീകത്തില്‍ നിന്ന് - മണ്‍പുറ്റില്‍ നിന്ന് - ഉണ്ടായവന്‍ എന്നാണ് വാത്മീകിയുടെ അര്‍ത്ഥം. കാട്ടാളനായി ജീവിച്ച് സകല പോക്കിരിത്തരങ്ങളും കൊള്ളരുതായ്മകളും കാട്ടിയിരുന്ന രത്നാകരന്‍ ആണ് രാമ എന്ന ദിവ്യമന്ത്രത്തിന്‍റെ ശക്തിയില്‍ സ്വയം പുറ്റില്‍ അകപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ നിന്ന് പരിപൂതനായി പുറത്തു വരികയും ചെയ്തത്.
രാമായണ കാവ്യം രചിക്കുന്നത് വാത്മീകിയുടെ ആശ്രമത്തിലാണ്. ഈ ആശ്രമമായിരുന്നു രാമന്‍ ഉപേക്ഷിച്ചപ്പോള്‍ സീതാദേവിയുടെ അഭയകേന്ദ്രം. രാമന്‍റെ ഇരട്ടക്കുട്ടികളായ ലവനും കുശനും പിറന്നതും പഠിച്ചതും അഭ്യാസ മുറകള്‍ അഭ്യസിച്ചതും എല്ലാം വാത്മീകി ആശ്രമത്തില്‍ തന്നെ.
വാത്മീകിയുടെ ജന്‍മസ്ഥലം മുമ്പ് ബ്രഹ്മഘട്ട് എന്നറിയപ്പെട്ടിരുന്ന ബൈത്തൂര്‍ ആണെന്നാണ് വിശ്വാസം. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂര്‍ എന്ന കൊച്ചുനഗരം. എണ്ണായിരത്തോളം മാത്രം ജനസംഖ്യയും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കവുമുള്ള ഈ ചെറുപട്ടണത്തിലായിരുന്നു ആദികവിയായ വാല്‍മീകി ജീവിച്ചിരുന്നത്.
വ്യാസകൃതികളില്‍ എന്നപോലെ കാവ്യരചയിതാവ് കഥാപാത്രമാവുന്ന കവന രീതിയാണ് വാത്മീകിയുടെ രാമായണത്തിലും കാണാന്‍ കഴിയുക. വാത്മീകി രാമായണത്തിന്‍റെ ആദ്യത്തെ ശ്ലോകത്തില്‍ തന്നെ വാത്മീകിയെ പരാമര്‍ശിക്കുന്നുണ്ട്.
ഏറ്റവും ഉത്തമനായ മനുഷ്യന്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് വാത്മീകി നാരദനോട് ചോദിക്കുന്നതായാണ് സന്ദര്‍ഭം. അപ്പോള്‍ നാരദന്‍ രാമകഥ ചുരുക്കി പറഞ്ഞുകൊടുക്കുന്നു. ഇതിനു ശേഷമാണ് ക്രൌഞ്ച മിഥുനങ്ങളില്‍ ഒന്നിനെ വേടന്‍ കൊന്നിടുന്നതും മാ നിഷാദ.... എന്ന് തുടങ്ങുന്ന ശ്ലോകം വാത്മീകിയില്‍ നിന്ന് ഉറവ പൊട്ടുന്നതും എല്ലാം.
ഈ ശ്ലോകം ഉണ്ടായതില്‍ പിന്നെയാണ് ബ്രഹ്മാവ് വന്ന് രാമകഥ എഴുതണം എന്ന് വാത്മീകിയോട് ആവശ്യപ്പെടുന്നത്. 24,000 ശ്ലോകങ്ങളിലാണ് അദ്ദേഹം രാമായണം അവതരിപ്പിക്കുന്നത്.
വാത്മീകിയുടെ രാമായണത്തില്‍ സ്വന്തം കഥ പറയുന്നില്ല. പക്ഷെ, എഴുത്തച്ചന്‍ അതിനെ ഉപജീവിച്ച് അദ്ധ്യാത്മ രാമായണം എഴുതിയപ്പോള്‍ അതില്‍ വാത്മീകിയുടെ ജീവിതകഥ അദ്ദേഹത്തിന്‍റെ തന്നെ ഓര്‍മ്മക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്.
വനവാസത്തിനു പുറപ്പെട്ട രാമലക്ഷ്മണന്‍മാരും സീതയും വാത്മീകിയുടെ ശിഷ്യരിലൊരാളായ ഭരദ്വാജ മുനിയുടെ ആശ്രമത്തിലാണ് എത്തുന്നത്. പിന്നീടവര്‍ വാത്മീകിയുടെ ആശ്രമത്തിലും എത്തുന്നു. അപ്പോഴാണ് വാത്മീകി തന്‍റെ പൂര്‍വ്വ കഥ വിവരിക്കുന്നത്.