ആധുനിക സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തിയ സന്യാസ വര്യനായിരുന്നു ചേങ്കോട്ടുകോണം ആശ്രമം അധിപതി സ്വാമി സത്യാനന്ദ സരസ്വതി. അദ്ദേഹത്തിന്‍റെ ഒന്നാം ചരമ വാര്‍ഷികമാണ് 2007 നവംബര്‍ 24 ന്
തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണത്ത് 1933 സെപ്തംബര്‍ 25 ന് ജനിച്ച സ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ പേര് ശേഖരന്‍ എന്നായിരുന്നു. പണിമൂല ദേവീക്ഷേത്രത്തില്‍ പതിവായി ദര്‍ശനത്തിനെത്താറുണ്ടായിരുന്ന ശേഖരന് കൃഷ്ണസ്വാമിയുടെ ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്ന് സന്യാസം സ്വീകരിക്കുകയായിരുന്നു.
ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചെങ്കിലും മാനസികമായ പ്രശ്നങ്ങള്‍ പലതും ഉണ്ടായതിനാല്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം ഋഷീകേശിലേക്ക് പോയി. അതിന് മുമ്പ് അദ്ദേഹത്തിന് ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ ഉപദേശം ലഭിച്ചു. എല്ലാവരുടേയും മനസുകളില്‍ ദൈവം ഉണ്ടെന്നായിരുന്നു ആ ഉപദേശം.
ഗുരുപാദരുടെ സമാധിക്ക് ശേഷം സത്യാനന്ദസരസ്വതി അദ്ദേഹത്തിന്‍റെ ഉപദേശം പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇതിനിടയില്‍ ശ്രീരാമദാസ ട്രസ്റ്റ് രൂപീകരിച്ച സ്വാമി ഹിന്ദുമത ധര്‍മ്മങ്ങളെ ആധാരമാക്കി സനാതനധര്‍മ്മം പ്രചരിപ്പിക്കാനായി ശ്രീരാമദാസ മിഷന്‍ സ്ഥാപിച്ചു.
സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സനാതനധര്‍മ്മത്തിലൂടെ ജനത്തെ അവബോധം ഉണ്ടാക്കുക എന്നതായിരുന്നു ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. വേദങ്ങളിലെയും ഉപനിഷത്തുക്കളിലെയും സാരാംശങ്ങളെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി തെറ്റായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.
ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥാപിച്ച സ്വാമി സത്യാനന്ദ സരസ്വതി വടക്കന്‍ കേരളത്തിലെ പാലുകാച്ചി മലയില്‍ പുരാതന ഹിന്ദുക്ഷേത്രം നിന്ന സ്ഥാനത്ത് ശ്രീരാമന്‍, സീതാദേവി, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നടക്കാറുള്ള ആറാട്ടിനായി ശംഖുമുഖത്ത് സ്ഥാപിച്ചിരുന്ന പ്രത്യേക സ്ഥലം 1993 ല്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ സ്വാമി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഹിന്ദുക്കളെ നയിച്ചത് ഇദ്ദേഹമായിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂരില്‍ നിന്ന് കന്യാകുകുമാരിയിലേക്ക് ഒരു ജാഥ സംഘടിപ്പിക്കുകയും ചെയ്തു.
ഹിന്ദുത്വ ഏകതാ സമാജിന്‍റെ പ്രസിഡന്‍റായ സ്വാമി കേരള പുലയര്‍ മഹാസഭയുടെ ആത്മീയ നേതാവു കൂടിയാണ്. ശിവതാണ്ഡവം, ഗുരുസങ്കല്‍പ്പം, ചാതുര്‍വര്‍ണ്ണ്യം എന്നിവ ഉള്‍പ്പൈടെ നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് ഇദ്ദേഹം. ഹിന്ദുക്കളുടെ ദേശീയ ഉന്നമനത്തിനായി അദ്ദേഹം ആരംഭിച്ച വര്‍ത്തമാനപ്പത്രമാണ് പുണ്യഭൂമി.