ഭഗവാന് ശ്രീസത്യസായി ബാബയുടെ എണ്‍പത്തിരണ്ടാം പിറന്നാളാണ് ഇന്ന്. ജന്മദിനാഘോഷങ്ങളില് പങ്കെടുക്കാന്‍ പുട്ടപര്‍ത്തിയില്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ജനസഹസ്രങ്ങളാണ് എത്തിയിട്ടുള്ളത്.
രാവിലെ ഏഴു മണിക്ക് സത്യസായിബാബ കുല്‍വന്ദ് ഹാളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അരുളി. അതിനു ശേഷം പ്രസാദ വിതരണം നടന്നു. സത്യസായി സേവാ സമിതി പ്രവര്‍ത്തകരുടെ ഭജനയായിരുന്നു മറ്റൊരിനം.
ഏഴുമണിക്ക് പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ പിറന്നാളിന് തിരി തെളിയുമ്പോള്‍ രാജ്യത്തെ വിവിധ സത്യസായി കേന്ദ്രങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലും ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
150 ഓളം രാഷ്ട്രങ്ങളിലെ സായി സംഘടനകള്‍ വിവിധ അദ്ധ്യാത്മിക സാംസ്കാരിക പരിപാടികളോടെയാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കു ചേരുന്നത്. 1926 നവംബര്‍ 23 ന് പുട്ടപര്‍ത്തിയിലാണ് സത്യസായി ബാബ ജനിച്ചത്.
നിസ്വാര്‍ത്ഥ സേവനമാണ് ഈശ്വരനിലേക്കുള്ള എളുപ്പ വഴി. ത്യാഗത്തിലൂടെ മാത്രമേ നേട്ടവും ശാന്തിയും കൈവരിക്കാനാവൂ എന്നതാണ് ബാബയുടെ സന്ദേശം. പ്രമുഖരും സാധാരണക്കാരില്‍ സാധാരണക്കാരും ഉള്‍പ്പൈടെ 170-ലേറെ രാജ്യങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് ബാബാഭക്തന്മാര്‍ പുട്ടപര്‍ത്തിയില്‍ എത്തിക്കഴിഞ്ഞു.
സേവനത്തിന്റെയും കാരുണ്യത്തിന്റെയും ദീനാനുകമ്പയുടേയും ഉദാത്തഭാവങ്ങള്‍ സാമാന്യജനങ്ങളില്‍ എത്തിക്കാനും സന്നിവേശിപ്പിക്കുവാനുള്ള അമാനുഷികമായ കഴിവാണ് ഏറ്റവും വലിയ അത്ഭുതം.
ഒരു സര്‍ക്കാറിനോ സ്ഥാപനത്തിനോ ചെയ്യാന്‍ കഴിയാത്തത്ര വലിയ സേവനമാണ് വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹികക്ഷേമം എന്നീ മേഖലകളില്‍ സത്യസായിബാബ ചെയ്തിട്ടുള്ളത്
തെക്കന്‍ സംസ്ഥാനങ്ങളിലെ കുടിവെള്ളത്തിന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ സത്യസായിബാബ ചെയ്തിട്ടുള്ള സേവനങ്ങള്‍ അത്രത്തോളം വലുതാണ്.
കൃഷ്ണാനദീജലം ചെന്നൈ നിവാസികള്‍ക്കായി എത്തിച്ചുകൊടുക്കുന്ന സത്യസായി ഗംഗ, റായലസീമ മേഖലയിലെ അനന്തപ്പൂര്‍, മേഡക്, മെഹബൂബ് നഗര്‍ ജില്ലകളിലെ സത്യസായി കുടിവെള്ള പദ്ധതി എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
കിഴക്ക് , പടിഞ്ഞാറ് ഗോദാവരി ജില്ലകളിലേക്കുള്ള കുടിവെള്ള പദ്ധതി അടുത്തുതന്നെ പൂര്‍ത്തിയാക്കുന്നതാണ്.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സത്യസായി ബാബ ചെയ്തിട്ടുള്ള മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ മാതൃകയാണ് ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിങ്ങ് എന്ന കല്പിത സര്‍വകലാശാല. ബാബയാണ് ഈ സര്‍വകലാശാലയുടെ ചാന്‍സലര്‍. മൂല്യാധിഷ്ഠിതമായ ഇവിടത്തെ വിദ്യാഭ്യാസ രീതി മറ്റു പല രാഷ്ട്രങ്ങളും മാതൃകയാക്കിയിട്ടുണ്ട്.
പ്രുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തില്‍ നടപ്പാക്കിയിരിക്കുന്ന ആതുരസേവനം ലോകരാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്ന രീതിയിലുള്ളതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ലോക നിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിവരെയുണ്ട്.
പ്രശാന്തി നിലയത്തില്‍. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന അതിസങ്കീര്‍ണമായ കാര്‍ഡിയോളജി, യൂറോളജി, ന്യൂറോളജി വിഭാഗങ്ങളില്‍പ്പെടുന്ന ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്തുകൊടുക്കുന്നു.
170 ഓളം രാജ്യങ്ങളിലായി പരന്നു കിടക്കുന്ന സത്യസായി സംഘങ്ങള്‍ വിവിധ മേഖലകളില്‍ ചെയ്തുവരുന്ന സേവനം അത്രത്തോളം മഹത്തരമാണ്. സത്യസായിബാബയുടെ ഉപദേശ പ്രകാരം ഇത്തരം മേഖലകളില്‍ കടന്നുവരുന്ന ഏവരും ലോകോപകാര പ്രവര്‍ത്തികളില്‍ സദാ മുഴുകുന്ന പ്രവര്‍ത്തനമാണ് കണ്ടുവരുന്നത്.
ലോകത്തിലെ 170 -ലേറെ രാഷ്ട്രങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സത്യസായി സേവാസംഘടനകള്‍ ഇതേ മാതൃകയില്‍ സേവനരംഗത്ത് നിശ്ശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സേവനപ്രവൃത്തിക്ക് സാധാരണ മനുഷ്യരെ സജ്ജരാക്കിയെടുക്കുന്ന പരിവര്‍ത്തന പ്രക്രിയയാണ് സത്യസായിബാബയുടെ അത്ഭുത കര്‍മങ്ങളില്‍വെച്ചുള്ള അത്ഭുത കര്‍മം.