മഹര്‍ഷി-അതീന്ദ്രിയ ധ്യാനത്തിന്‍റെ ആചാര്യന്‍

PROPRO
ഇന്ദ്രിയാതീതമായ ധ്യാനത്തിലൂടെ ശാന്തിയും സമാധാനവും ആരോഗ്യവും ആര്‍ജ്ജിക്കാമെന്ന സന്ദേശവുമായി അറുപതുകളിലും എഴുപതുകളിലും ലോകമെങ്ങും നിറഞ്ഞു നിന്ന ഭാരതീയ ആത്മീയ ആചാര്യനായിരുന്നു മഹര്‍ഷി മഹേഷ് യോഗി.

അദ്ദേഹത്തിന്‍റെ അതീന്ദ്രിയ ധ്യാനം (ട്രന്‍സെന്‍ഡെന്‍റല്‍ മെഡിറ്റേഷന്‍) വലിയൊരു അനുഷ്ഠാനമായി ലോകമെങ്ങും മാറുകയുണ്ടായി.

പ്രയാസമില്ലാതെ ആര്‍ക്കും ശീലിക്കാനാവുന്ന ലഘുവായ ധ്യാനരീതിയായിരുന്നു മഹര്‍ഷി മഹേഷ് യോഗി ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. ജാതി മത വര്‍ഗ്ഗ ഭേദമന്യേ ആര്‍ക്കും പരിശീലിക്കാവുന്നതും എപ്പോഴും എവിടെ വച്ചും ചെയ്യാവുന്നതുമായ ധ്യാനമായിരുന്നു അത്.

അതില്‍ ആത്മീയതയുടെ അംശമുണ്ടായിരുന്നു. അതോടൊപ്പം പ്രായോഗികതയുടേയും അംശമുണ്ടായിരുന്നു. ഇന്ത്യന്‍ യോഗ വിദ്യയുടെ ലളിതമായ ഒരു ആവിഷ്കാരമായിരുന്നു അതെന്ന് കരുതുന്നവരും ഉണ്ട്.

ഇതോടൊപ്പം തന്നെ അദ്ദേഹം ആയുര്‍വേദത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. വേദിക് ജ്യോതിശാസ്ത്രത്തില്‍ നിന്നും ഉണ്ടാക്കിയ മഹര്‍ഷി ജ്യോതിഷ്, വേദ വാസ്തുവിദ്യയില്‍ നിന്നുണ്ടാക്കിയ മഹര്‍ഷി സ്ഥാപത്യവേദ, വിവിധ സംഗീതങ്ങളോട് ബന്ധപ്പെട്ട മഹര്‍ഷി ഗാന്ധര്‍വ്വ വേദ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.

പാരമ്പര്യ ഇന്ത്യന്‍ വിദ്യയായ അതീന്ദ്രിയ ധ്യാനത്തെ സ്വന്തം ട്രേഡ് മാര്‍ക്കായി വികസിപ്പിച്ചെടുക്കാന്‍ മഹേഷ് യോഗിക്ക് കഴിഞ്ഞു എന്നുള്ളതാണ് അദ്ദേഹത്തിന്‍റെ വിജയം.


WDWD
ശാന്തിയുടേയും ഒരുമയുടേയും ഒരു പുതിയ ലോകത്തിലേക്ക് ധ്യാനസൌഭഗത്തിലൂടെ നയിക്കാന്‍ ശ്രമിച്ച മഹര്‍ഷിക്ക് ലോകത്തെമ്പാടുമായി 50 ലക്ഷം ശിഷ്യന്‍‌മാരുണ്ടായിരുന്നു. കോടിക്കണക്കിന് ഡോളര്‍ ആസ്തിയുള്ള ഒരു ആഗോള സാമ്രാജ്യത്തിന് അദ്ദേഹം ഉടമയുമായിരുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഒരു എളുപ്പവിദ്യയായിട്ടാണ് അതീന്ദ്രിയ ധ്യാനത്തെ ലോകമെമ്പാടുമുള്ള ശിഷ്യന്‍‌മാര്‍ കണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഫോക്ക് ഗായകനായ ഡോനാവാനും ചലച്ചിത്ര സംവിധായകന്‍ ഡേവിഡ് ലഞ്ചും സ്കോട്ട്‌ലന്‍റില്‍ അതീന്ദ്രിയ ധ്യാനം പഠിപ്പിക്കുന്ന ഒരു സര്‍വകലാശാലയ്ക്ക് തുടക്കമിടുമെന്നും മാനസിക സമ്മര്‍ദ്ദം, അക്രമം, കുറ്റകൃത്യങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

മഹേഷ് പ്രസാദ് വര്‍മ്മ എന്നും മഹേഷ് ശ്രീവാസ്തവ എന്നും അദ്ദേഹത്തെ ചെറുപ്പ കാലങ്ങളില്‍ വിളിച്ചിരുന്നു. 1918 ജനുവരി 12 ന് മധ്യപ്രദേശിലെ ജബല്‍‌പൂരിലാണ് അദ്ദേഹം ജനിച്ചത് എന്നാണ് പൊതുവേയുള്ള വിശ്വാസം. 1911, 17 എന്നിങ്ങനെയും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മഹര്‍ഷി എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു

മഹേഷ് യോഗിയുടെ അച്ഛന്‍ വനം വകുപ്പില്‍ ജോലി ചെയ്തിരുന്ന ഒരു ക്ഷത്രിയനായിരുന്നു. ശങ്കരന്‍റെ പിന്‍‌ഗാമിയായതുകൊണ്ട് അദ്ദേഹം അദ്വൈത സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിച്ചു. ധ്യാനത്തിലൂടെ മോക്ഷം പ്രാപിക്കാം എന്നാണ് അദ്ദേഹം പഠിപ്പിച്ചത്.

ഹോളണ്ടിലെ വ്ലോഡ്രോപ്പില്‍ 2008 ഫെബ്രുവരി അഞ്ചിന് ഈ ആത്മീയ ഗുരു നിര്‍വാണമടഞ്ഞു. തികച്ചും സ്വാഭാവികമായിരുന്നു അദ്ദേഹത്തിന്‍റെ മരണം. മഹര്‍ഷിയുടെ അതീന്ദ്രിയ ധ്യാനവിദ്യകള്‍ അമേരിക്കയിലും ചീനയിലുമെല്ലാം സ്കൂളുകളിലും സര്‍വകലാശാലകളിലുമെല്ലാം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം ഫിസിക്സില്‍ ബിരുദമെടുത്തു. 1939 ല്‍ അദ്ദേഹം സ്വാമി ബ്രഹ്മാനന്ദ സരസ്വതിയുടെ ശിഷ്യനായി മാറി. ഹിമാലയ സാനുക്കളിലുള്ള ശങ്കരാചാര്യ ജ്യോതിര്‍ മഠത്തിന്‍റെ അധിപതിയായിരുന്നു സ്വാമി ബ്രഹ്മാനന്ദ സരസ്വതി. ശങ്കരാചാര്യ ദര്‍ശനത്തില്‍ നിന്നാണ് താന്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ടതെന്ന് മഹര്‍ഷി മഹേഷ് പറയാറുണ്ടായിരുന്നു.

1953 ല്‍ ബ്രഹ്മാനന്ദ സരസ്വതി അന്തരിച്ചെങ്കിലും ബ്രാഹ്മണന്‍ അല്ലാത്തതുകൊണ്ട് മഹര്‍ഷി മഹേഷ് യോഗിക്ക് മഠാധിപതിയാകാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹം ഉത്തരകാശിയിലേക്ക് യാത്രയായി. അവിടെ അദ്ദേഹം സ്വാമി കൃഷ്ണാനന്ദ സരസ്വതിയുമായി പരിചയപ്പെട്ടു. 1955 ല്‍ ഉത്തരകാശിയില്‍ നിന്ന് യാത്ര തിരിച്ച അദ്ദേഹം പരമ്പരാഗത ധ്യാന വിദ്യകള്‍ പൊതുജനങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങി. ഇതാണ് പിന്നീട് അതീന്ദ്രിയ ധ്യാനം എന്ന പേരില്‍ പ്രസിദ്ധമായത്.

1957 ല്‍ മദ്രാസില്‍ അദ്ദേഹം സ്പിരിച്വല്‍ റീജനറേഷന്‍ മൂവ്‌മെന്‍റ് എന്നൊരു പ്രസ്ഥാനത്തിന് തുടക്കമിട്ടു. അവിടെ നിന്നാണ് ധ്യാനവിദ്യകള്‍ ലോകത്തെ പഠിപ്പിക്കുന്നത് ഗുണപരമായിരിക്കും എന്ന വെളിപാട് അദ്ദേഹത്തിനുണ്ടായത്. അടുത്ത വര്‍ഷം അദ്ദേഹം ലോകപര്യടനത്തിനിറങ്ങി. ആദ്യം മ്യാന്‍‌മാറിലെ റംഗൂണിലേക്കും പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും യാത്ര തിരിച്ചു.


1959 ല്‍ ഹവായില്‍ നിന്നും കാലിഫോര്‍ണിയയിലെത്തി. 1975 ല്‍ അദ്ദേഹത്തിന്‍റെ മുഖം കവര്‍ ചിത്രമായി ടൈം മാസികയില്‍ പ്രത്യക്ഷപ്പെട്ടു. 1960 മുതല്‍ 70 വരെയുള്ള കാലത്ത് അദ്ദേഹം അതീന്ദ്രിയ ധ്യാനത്തിന്‍റെ പ്രചാരണത്തിനായി പ്രഭാഷണങ്ങളും ക്ലാസുകളും സംഘടിപ്പിച്ചു. ഇക്കാലത്താണ് പ്രസിദ്ധ ഗായക സംഘമായ ബീറ്റില്‍‌സ്, ബീച്ച് ബോയ്സ് എന്നിവര്‍ മഹേഷ് യോഗിയുടെ വിദ്യകള്‍ അഭ്യസിക്കുന്നത്.

ബീച്ച് ബോയ്സിലെ മൈക്ക് ലവ് പിന്നീട് അതീന്ദ്രിയധ്യാന അദ്ധ്യാപകനായി മാറുകയുണ്ടായി. ഹാസ്യനടന്‍ ആന്‍ഡി കൌഫ്മാന്‍, മാന്ത്രിമാന്‍ ഡഗ് ഹെന്നിംഗ്, ക്ലിന്‍റ് ഈസ്റ്റ് വുഡ്, ഡേവിഡ് ലിഞ്ച്, ഡോനോവാന്‍ എന്നിവര്‍ മഹര്‍ഷിയുടെ ശിഷ്യന്‍‌മാരായിരുന്നു.

ഇക്കാലത്ത് അദ്ദേഹം ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറേ പേരെ ധ്യാനവിദ്യകള്‍ പഠിപ്പിക്കുകയും അവര്‍ ഇന്ത്യയില്‍ ഉടനീളം അതീന്ദ്രിയ ധ്യാനം പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. മഹര്‍ഷി യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്‍റ് എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന മഹര്‍ഷി ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റി അദ്ദേഹം കാലിഫോര്‍ണിയയില്‍ സ്ഥാപിച്ചു.

1968 ലാണ് ബീറ്റില്‍‌സ് ഋഷീകേഷില്‍ ചെന്ന് മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാന ക്ലാസില്‍ ചേരുന്നത്. അദ്ദേഹത്തെ കുറിച്ച് സെക്സി സാഡി (വാട്ട് ഹാവ് യു ഡണ്‍ ? യു മെയ്ഡ് എ ഫൂള്‍ ഓഫ് എവരി വണ്‍) എന്ന പേരില്‍ പ്രസിദ്ധമായ ഗാനം ജോണ്‍ ലെനന്‍ ആവിഷ്കരിച്ചു. ഇത് പ്രധാനമായും മിയാ ഫറോവിനെയും മഹര്‍ഷിയേയും കുറിച്ച് കേട്ട കഥകളെ കുറിച്ചുള്ളതായിരുന്നു.

അതീന്ദ്രിയ ധ്യാന സമയത്ത് മഹര്‍ഷി തന്നെ മുറുകെ പുണര്‍ന്നുവെന്നും താന്‍ അതുകൊണ്ട് പേടിച്ചോടിപ്പോന്നു എന്നും മിയാ ഫെറോ ആത്മകഥയില്‍ വളരെ വ്യക്തമല്ലാത്ത ചില സൂചനകള്‍ നല്‍കുന്നുണ്ട്. മഹര്‍ഷി ലൈംഗികമായ ചില കുസൃതിത്തരങ്ങള്‍ ഫെറോവിനോട് കാട്ടി എന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് പിന്നീടുള്ള ജീവചരിത്രകാരന്‍‌മാരുടെ വിലയിരുത്തല്‍.

അതീന്ദ്രിയ ധ്യാനത്തിലൂടെ ചമ്രം പടഞ്ഞ് വായുവില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കഴിയുമെന്ന് മഹേഷ് യോഗി പറഞ്ഞിരുന്നു. ഇത് വാസ്തവത്തില്‍ ആളെ പറ്റിക്കുന്ന പരിപാടിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. ആകാശത്തിലേക്ക് ഉയരുകയല്ല, ഇരുന്നിടത്തു നിന്ന് കുതിച്ചുപൊങ്ങുകയാണെന്നായിരുന്നു ആരോപണം.

ഈ ആരോപണം വന്നശേഷവും മഹര്‍ഷിയുടെ പ്രശസ്തിയും പ്രസക്തിയും ഒട്ടും കുറഞ്ഞില്ല. ഐ.ബി.എം., ടയോട്ട തുടങ്ങിയ വമ്പന്‍ കമ്പനികളിലെ എക്സിക്യൂട്ടീവുകള്‍ മഹര്‍ഷിയുടെ അതീന്ദ്രിയ ധ്യാനം അഭ്യസിച്ചതോടെ ഉല്‍പ്പാദനക്ഷമത വളരെയേറെ കൂടി. ഇതിനെ തുടര്‍ന്ന് ലോകത്തിലെ വലിയ വലിയ കമ്പനികള്‍ അതീന്ദ്രിയ ധ്യാനത്തിനായി സ്വന്തം ജോലിക്കാരെ മഹര്‍ഷിയുടെ അടുത്തേക്ക് അയയ്ക്കാന്‍ തുടങ്ങി. 1955 ലായിരുന്നു അദ്ദേഹം ആദ്യമായി കേരളത്തില്‍ വന്നത്.