വര്‍ത്തമാന കാലത്ത് മാതാപിതാക്കളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണ് കൌമാരക്കാര്‍ ലൈംഗികതയിലേക്കു തിരിയുന്നത്. എന്നാല്‍ മാതാപിതാക്കളുടെ അമിത നിയന്ത്രണമാണ് ഇതിനു പ്രധാനകാരണമായി മനശാസ്ത്രജ്ഞര്‍ പറയുന്നത്. മാത്രമല്ല, കുട്ടികള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് ബുദ്ധിപരമായ തീരുമാനമെന്നും ഇക്കാര്യത്തില്‍ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.
ഊഷ്മളവും സ്വതന്ത്രവുമായ ബന്ധം കുട്ടികള്‍ക്ക് കൂടുതല്‍ മൂല്യങ്ങള്‍ ഉപദേശിച്ചു കൊടുക്കാന്‍ സഹായകമാകും എന്നാണ് കൊളേയുടെ അഭിപ്രായം. മാതാപിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന കുട്ടികള്‍ അസാന്മാര്‍ഗ്ഗിക വഴികളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്. മാതാപിതാക്കളോടുള്ള സ്നേഹവും തിരിച്ചുള്ള കരുതലും കുട്ടികളുടെ മനസ്സിനെ നിയന്ത്രിക്കും.
എന്നാല്‍ എപ്പോഴും സംശയവും നിയന്ത്രണവും ശകാരവുമായി പിന്നാലെ നടക്കുന്ന മാതാപിതാക്കളെ കുട്ടികള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. അത്തരത്തില്‍ പെരുമാറുമ്പോള്‍ കുറ്റബോധം തോന്നില്ല എന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും. ഒന്നിച്ച് ഭക്ഷണം കഴിക്കുക, പ്രാര്‍ത്ഥിക്കുക, വിനോദങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവയൊക്കെ കുട്ടികളുടെ മനസ്സില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുമത്രേ.