പുരാണത്തിലേക്ക് ഒരു ‘പേരോട്ടം‘

തിങ്കള്‍, 17 ഡിസം‌ബര്‍ 2007 (17:07 IST)
WD
‘എനിക്കും ഒരു നാവുണ്ടെങ്കില്‍...’ എന്ന് തുടങ്ങുന്ന സിനിമാ ഗാനത്തില്‍ കവി ചോദിച്ചു നിര്‍ത്തുന്നത് പ്രാണേശ്വരനെ അല്ലെങ്കില്‍ പ്രാണേശ്വരിയെ ഏതു പേരിട്ട് വിളിക്കുമെന്നാണ്. ഈ ആശങ്ക തന്നെയാണ് പൊന്നോമനകളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കാലാ കാലങ്ങളായി അനുഭവിച്ചു വരുന്നതും.

പണ്ടൊക്കെ മുത്തശ്ശിമാരും മുത്തച്ഛന്മാരും മുന്‍‌കൈയെടുത്ത് പേരിടുന്ന പതിവുണ്ടായിരുന്നു. ഇന്നും നിലനില്‍ക്കുന്ന പേരിടീല്‍ ചടങ്ങ് അതിന്‍റെ പ്രതീകമാണെന്ന് പറയാം. ഇന്ന് മുത്തച്ഛന്‍ കുഞ്ഞിന്‍റെ കാതിലോതുന്ന പേര് സ്വന്തം കണ്ടെത്തലാവില്ല മറിച്ച്, അച്ഛന്‍റെയും അമ്മയുടെയും ഉറക്കമില്ലാത്ത രാവുകളുടെ സമ്പാദ്യമായിരിക്കുമെന്ന് മാത്രം!

ഇപ്പോള്‍, പുരാണത്തിലെ പേരുകള്‍ക്ക് വീണ്ടും പ്രചാരമേറുകയാണ്. പാര്‍ത്ഥ സാരഥിയും ഗണപതിയും വീണ്ടും ഹാജര്‍ പുസ്തകങ്ങളിലേക്ക് വഴിതേടുന്നു. ഇതോടൊപ്പം തന്നെ പ്രശസ്തരുടെയും പേരുകള്‍ പുതു തലമുറ ഇഷ്ടപ്പെടുന്നു.

ഒരു പേരിടാന്‍ പക്ഷേ എന്തിനിത്ര ആലോചിക്കണമെന്ന് നമുക്ക് തോന്നാം. പക്ഷേ, ആലോചന വേണ്ടാതിരിക്കാന്‍ കാരണമൊന്നുമുണ്ടാവില്ല എന്നതാണ് സത്യം. ഒരു പേര് തിരഞ്ഞെടുക്കുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടാവും.

പേരുകള്‍ തിരഞ്ഞടുക്കുമ്പോള്‍ ഇംഗ്ലീഷ് അക്ഷരമാലയുമായി അനായാസ പൊരുത്തമുണ്ടോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. ചിലരാണെങ്കില്‍ നാമസംഖ്യയില്‍ വിശ്വസിക്കുന്നവരാവും. അതിനായി പ്രിയപ്പെട്ട പേര് നഷ്ടമാവാതെ ലോപിപ്പിക്കാനും നീട്ടാനും പ്രയാസപ്പെടുക തന്നെ വേണ്ടേ- ജയലളിത പേര് നീട്ടിയതും യദിയൂരപ്പ യദ്യൂരപ്പ ആയതും നമുക്കിവിടെ ഓര്‍ക്കാം.

ആധുനിക കാലത്തെ മാതാപിതാക്കള്‍ക്ക് കുരുന്നിന്‍റെ പേര് കണ്ടുപിടിക്കാനും ഇന്ന് എളുപ്പമാണ്. ഇന്ത്യ പേരന്‍റിംഗ് ഡോട്ട് കോം പോലെയുള്ള സൈറ്റുകളാണ് ഇതിനായി മിക്കവരും സന്ദര്‍ശിക്കുന്നത്. ഇതിനു പുറമേ കുട്ടികളുടെ പേരുകള്‍ പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങളും ലഭ്യമാണ്.


വെബ്ദുനിയ വായിക്കുക