കുട്ടി കിടക്ക നനയ്ക്കാറുണ്ടോ?

PRO
കുട്ടികളെ വളര്‍ത്തുക ധാ‍രാളം ഉത്തരവാദിത്തമുള്ള ജോലിയാണ്. എല്ലാ കാര്യത്തിനും ശ്രദ്ധ വേണം. ചെറുപ്പക്കാരായ അച്ഛനമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ ധാരാളം സംശയങ്ങളുമുണ്ടാകാം.

കുട്ടികള്‍ ഉറക്കത്തില്‍ കിടക്ക നനയ്ക്കുന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. വൃത്തികേടായ കിടക്കവിരിയോ കിടക്കയോ അല്ല ഇവിടെ ഗുരുതര പ്രശ്നമായി കാണേണ്ടത്. ഇതിനു കാരണമെന്തെന്നാണ് മനസ്സിലാക്കേണ്ടത്. കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ടോ? ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പ്രശ്നം. കുട്ടിക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്നതും കാരണമാണ്. കൂടുതല്‍ ശ്രദ്ധ വേണമെന്ന സുചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കുറച്ച് കാലം മാറി നിന്ന ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന സ്വഭാവം വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് സുരക്ഷിതത്വമില്ലായ്മയും ഭയവും കുട്ടിക്ക് ഉണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്. പുതിയ അന്തരീക്ഷത്തിലേക്ക് മാറുക, പ്രിയപ്പെട്ടവരുടെ മരണം, സ്കൂളില്‍ ഉണ്ടാകുന്ന മനോസംഘര്‍ഷം എന്നിവ മൂലവും ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന സ്വഭാവം ഉണ്ടാകാം.

മൂത്രാശയത്തിലെ അണുബാധയും വിരശല്യവും ഉറക്കത്തില്‍ മൂത്രം പോകുന്നതിന് കാരണമാകാറുണ്ട്.

എങ്ങനെ പരിഹരിക്കാം

ഒരു കാരണവശാലും കിടക്ക നനയ്ക്കുന്നത് ഒരു പ്രശ്നമാക്കി മാറ്റരുത്. കിടക്ക വിരിപ്പ് മാറ്റാന്‍ കുട്ടിയെ പഠിപ്പിക്കുക. ഒപ്പം സൌഹാര്‍ദ്ദത്തോടെ മാത്രം ഈ അവസ്ഥയെ കാണുന്നു എന്ന് കുട്ടിയെ ധരിപ്പിക്കാനുതകുന്ന വിധത്തില്‍ പെരുമാറുക.

ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്നതിന്‍റെ പേരില്‍ കുട്ടിയെ ഒരിക്കലും ശിക്ഷിക്കാന്‍ മുതിരരുത്. കുട്ടിയുടെ പ്രശ്നങ്ങളെ കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കുക.

വെബ്ദുനിയ വായിക്കുക