വിന്‍‌സ്‌ലെറ്റിന് ഇത് കന്നി ഓസ്കര്‍

തിങ്കള്‍, 23 ഫെബ്രുവരി 2009 (17:14 IST)
1997ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കിലൂടെയാണ് കേറ്റ് വിന്‍‌സ്‌ലെറ്റ് ആഗോള പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിച്ചതെങ്കിലും അതിനും രണ്ടു വര്‍ഷം മുമ്പിറങ്ങിയ ‘സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി‘യില്‍ ആയിരുന്നു വിന്‍‌സ്‌ലെറ്റിലെ അഭിനയത്തിളക്കം ആദ്യം ദൃശ്യമായത്.

എന്നാല്‍ ഈ രണ്ട് ചിത്രങ്ങളിലെയും മികച്ച നടിക്കുള്ള നാമനിര്‍ദേശങ്ങള്‍ ഓസ്കറായി പരിണമിച്ചില്ല. പിന്നീട് 2001ല്‍ ഐറിസില്‍ മികച്ച സഹനടിക്കുള്ള നാമനിര്‍ദേശവും 2004ല്‍ എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് ദ സ്പോട്ട്‌‌ലെസ് മൈന്‍ഡിലും 2006ല്‍ ലിറ്റില്‍ ചില്‍ഡ്രനിലും മികച്ച നടിക്കുള്ള നാമനിര്‍ദേശങ്ങള്‍ വിന്‍‌സ്‌ലെറ്റിനെ തേടിയെത്തി.

ഒടുവില്‍ ‘ദി റീഡര്‍’ എന്ന ചിത്രത്തിലെ നാസി ഭൂതകാലമുള്ള ജര്‍മന്‍ യുവതിയുടെ വേഷമാണു വിന്‍‌സ്‌ലെറ്റിന് കന്നി ഓസ്കറിന് വഴിയൊരുക്കിയത്. കൗമാരപ്രായക്കാരനായ കാമുകന് തന്‍റെ ഇരട്ടി പ്രായമുള്ള സ്‌ത്രീയുമായുള്ള ബന്ധമായിരുന്നു റീഡറിന്‍റെ ഇതിവൃത്തം.

വെബ്ദുനിയ വായിക്കുക