അത്തം പത്തിന് തിരുവോണം: മലയാളനാട് ഉത്സവലഹരിയില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (19:14 IST)
പൂക്കളും പൂ വിളികളും വിദൂര ദേശങ്ങളില്‍ കഴിയുന്ന മലയാളിയുടെ മനസ്സിന് ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നോവുകളാവും. ചിങ്ങക്കൊയ്ത്തിന്റെ സമൃദ്ധിയിലേക്ക് കണ്ണ് തുറക്കുന്ന ഓണക്കാലം ഇന്ന് മലയാളിക്ക് അന്യമായിക്കഴിഞ്ഞു. ഓണം ആഘോഷങ്ങളിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്തു. പൂ ശേഖരിക്കാന്‍ കുട്ടികള്‍ കൂടയുമായി ഇറങ്ങുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. പണ്ടൊക്കെ തൊടികളിലും പുരയിടത്തിലുമൊക്കെ പൂക്കളുടെ വസന്തമായിരിക്കും. 'പൂവേ പൊലി' പാടി കുട്ടികള്‍ പൂക്കളിറുക്കും. പുലര്‍ച്ചെയിറങ്ങി കൂടകള്‍ നിറച്ച് പൂക്കളുമായി ഒത്തൊരുമയോടെ കളങ്ങളൊരുക്കും .
 
ചിങ്ങക്കൊയ്ത്തിന്റെ ചരിത്രം മറഞ്ഞ ഇന്ന് തൊടിയും പച്ചപ്പും പോലുമില്ല. വയലുകള്‍വരെ നികത്തി മണിമാളികകള്‍ പണിയുന്ന ഇന്നത്തെ സാഹചര്യത്തില്‍ പൂവുകള്‍ കടകളില്‍നിന്ന് വിലയ്ക്കുവാങ്ങേണ്ടിവരുന്നു. ചുരുക്കത്തില്‍, പൂക്കളമൊരുക്കാന്‍ ചെലവേറിയെന്നര്‍ഥം. കലാ-സാംസ്‌കാരികസമിതികളും പൗരസമിതികളും സംഘടനകളുമൊക്കെ പലയിടത്തും പൂക്കളങ്ങള്‍ തീര്‍ക്കുന്നത് ആധുനിക ഓണത്തിന്റെ ഭാഗമാണ്. കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്കു ഡിസൈനുകളാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍