മലയാളികള്‍ ഓണച്ചമയത്തിന്‍റെ തിരക്കില്‍, നാടെങ്ങും ആഘോഷം
വെള്ളി, 11 ഓഗസ്റ്റ് 2017 (14:23 IST)
മലയാളികള്‍ ഓണാഘോഷത്തിന്‍റെ തിരക്കിലേക്ക് പോകുകയാണ്. നന്മയുടെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷവേള. മാലോകരെല്ലാം ഒന്നു പോലെ വാണിരുന്ന ഭൂതകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഓണം.
ഓണം ഇന്ന് കേരളീയരുടെ ദേശീയ ഉത്സവമല്ല, ആഗോള ഉത്സവമാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തായാലും മലയാളി എവിടെയുണ്ടോ അവിടെ ഓണവുമുണ്ട്. അന്യദേശങ്ങളില്‍ മലയാളികള്‍ എത്തുകയും അവിടെയെല്ലാം ഓണം ആഘോഷിക്കുകയും ചെയ്യുന്നത് പതിവായപ്പോള്‍ ഇപ്പോള്‍ രസകരമായ മറ്റൊരു സംഗതി കൂടെയുണ്ട്. ഓണം ഇന്ന് രാജ്യത്ത് എല്ലാ വിഭാഗങ്ങളുടെയും ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണ്. തമിഴകത്തെത്തിയാല്‍ കാണാം, അവിടെ മലയാളികള്‍ അധികം ഇല്ലാത്ത ഇടങ്ങളില്‍ പോലും തമിഴ് ജനതയുടെ നേതൃത്വത്തില്‍ ഓണം ആഘോഷിക്കുന്നത്.
കര്‍ണാടകയിലായാലും തെലുങ്ക് ദേശത്തായാലും ഉത്തരേന്ത്യയിലായാലും ഇതുതന്നെ സ്ഥിതി. ലോകത്തെവിടെയായാലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ തയ്യാര്‍. അവര്‍ക്കൊപ്പം ആ നാട്ടുകാരും കൂടുമ്പോള്‍ ഓണം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആഘോഷമായി മാറുന്നു. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട് അവര്‍ ഓണത്തെ വരവേല്‍ക്കുന്നു.
മലയാളിയുടെ പത്തായവും മനസ്സും ഒരുപോലെ നിറയുന്ന മാസമാണ് ചിങ്ങം. പ്രകൃതിയും ജീവജാലങ്ങളും ഒരുപോലെ ഓണത്തെ വരവേല്‍ക്കുന്നു.
കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം എന്നാണ് ഐതീഹ്യം. കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്‍റെ സ്മരണയായാണ് ഓണം ആഘോഷിക്കുന്നതെന്നും ഒരു വിശ്വാസം ഉണ്ട്. തൃക്കാക്കര ക്ഷേത്രത്തിലെ 28 ദിവസത്തെ ഉത്സവത്തിന്‍റെ സമാപനമാണ് ഓണമായി മാറിയത് എന്നും കരുതുന്നുണ്ട്.
കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ രാജ്യം ഉപേക്ഷിച്ച് മെക്കയിലേക്ക് പോയതിനെ അനുസ്മരിച്ചാണ് ഓണാഘോഷം തുടങ്ങിയത് എന്നു കരുതുന്നവരുമുണ്ട്. വിളവെടുപ്പിന്‍റെ ഉത്സവമാണ് ഓണം. മലയാളിയുടെ പത്തായങ്ങള്‍ നിറയുന്ന ഉത്സവം. കൃഷിക്കാര്‍ കാര്‍ഷിക വിഭവങ്ങളുമായി ജന്മിമാരുടെ മുന്‍പില്‍ ഓണക്കാഴ്ച സമര്‍പ്പിക്കും. ജന്മിമാര്‍ അവരുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഓണക്കോടി നല്‍കും - ഇത് പഴങ്കഥ.
ഓണസദ്യയും ഓണക്കോടിയുമാണ് ഓണാഘോഷത്തിന്‍റെ മറ്റൊരു പ്രധാന ഇനം. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ണുന്നു. കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ഓണം. മലയാളക്കരയിലെത്തുന്ന മാവേലിയുടെ കൂടെ പാക്കനാരും തേവിയമ്മയും വരുമെന്നും പഴമക്കാര്‍ പറയുന്നു. മഹാബലി എത്തുമ്പോള്‍ പൂക്കളവും പൂജയും സദ്യയുമൊക്കെ ഒഴിവാക്കാനാവില്ല.
കര്‍ക്കടകത്തിലെ തിരുവോണം പിള്ളേരോണമാണ്. അന്നു മുതല്‍ ഓണാഘോഷം ആരംഭിക്കും. മധ്യതിരുവിതാംകൂറിലെ ആറന്‍മുളയില്‍ ഉതൃട്ടാതി നാളില്‍ നടക്കുന്ന വള്ളംകളിയോടെ ഓണത്തിന് തിരശ്ശീല വീഴുകയും ചെയ്യും.