ഉത്തൃട്ടാതി വള്ളംകളിയില്ലാതെ എന്ത് ഓണം! മലയാളികളുടെ ഓണം പൂര്‍ത്തിയാവണമെങ്കില്‍ ഓളത്തില്‍ താളംതല്ലുന്ന വള്ളം കളിയുടെ ചന്തം കൂടി കണ്ണില്‍ നിറയണം.
കുസൃതി കാട്ടുന്ന ഒഴുക്കിനെ വരുതിയിയിലാക്കാന്‍ താളത്തോടെ വെള്ളത്തില്‍ വീഴുന്ന തുഴകള്‍, തുഴക്കാര്‍ക്കും കാണികള്‍ക്കും ആവേശം നല്‍കുന്ന വള്ളപ്പാട്ട്, ആര്‍പ്പുവിളികളോടെ, അഭിമാനത്തോടെ നീറ്റിലിറക്കിയ ചുണ്ടന്‍റെ അമരം കാക്കുന്നതിന്‍റെ ഗൌരവം, ഇതെല്ലാം മലയാളിക്ക് ആറന്‍മുള വള്ളം കളിയെ നെഞ്ചിലേറ്റാനുള്ള കാരണമാവുന്നു.
ആറന്‍മുളയ്ക്കടുത്ത കാട്ടൂര്‍ എന്ന സ്ഥലത്ത് മാങ്ങാട് എന്ന പേരിലൊരു ഇല്ലമുണ്ടായിരുന്നു. മാങ്ങാട് ഭട്ടതിരിമാരുടെ കുടുംബമായിരുന്നു അത്. അവിടുത്തെ ഒരു ഭട്ടതിരി വലിയ വിഷ്ണു ഭക്തനായിരുന്നു. എല്ലാ തിരുവോണദിവസവും ഏതെങ്കിലുമൊരു ബ്രഹ്മചാരിക്ക് കാല്‍കഴുകിച്ചൂട്ട് നടത്തിയശേഷം മാത്രമേ ഭക്ഷണം കഴിക്കൂ എന്നൊരു നിഷ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ഓണത്തിന് ഊണിന് ആരെയും കിട്ടിയില്ല. വിഷണ്ണനായ നമ്പൂതിരി ഉള്ളുരുകി വിഷ്ണുവിനെ പ്രാര്‍ത്ഥിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ അതിതേജസ്വിയായ ഒരു ബ്രഹ്മചാരി അവിടെയെത്തി, ഭട്ടതിരി സന്തോഷപൂര്‍വം അദ്ദേഹത്തെ സല്‍ക്കരിക്കുകയും ചെയ്തു.
അടുത്ത വര്‍ഷം ഓണക്കാലം വന്നപ്പോള്‍ ഭട്ടതിരിക്കൊരു സ്വപ്നദര്‍ശനമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഊട്ടില്‍ താന്‍ അതീവ തൃപ്തനാണെന്നും ഇനി മുതല്‍ ഊട്ടിനുള്ള അരിയും കോപ്പും താന്‍ വസിക്കുന്ന ആറന്‍മുള ക്ഷേത്രത്തിലെത്തിക്കണമെന്നും ഈ ബ്രഹ്മചാരി നിര്‍ദ്ദേശിച്ചു. ആറന്‍മുള ദേവന്‍ തന്നെയായിരുന്നു ആ ബ്രഹ്മചാരിയെന്ന് മനസ്സിലായ ഭട്ടതിരി അത്യാഹ്ളാദത്തോടെ അരിയും കോപ്പും ഒരു തോണിയിലേറ്റി ക്ഷേത്രത്തിലെത്തിച്ചു.
ഇപ്പോഴും ആ പതിവ് തുടരുന്നു. തിരുവോണത്തോണി എന്ന പേരിലാണതറിയപ്പെടുന്നത്. ഉത്രാടത്തിന്‍ നാള്‍ സന്ധ്യയ്ക്ക് മങ്ങാട്ടില്ലത്ത് നിന്ന് സാധനങ്ങള്‍ തോണിയില്‍ കയറ്റി തിരുവോണപ്രഭാതത്തില്‍ ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു പണ്ടത്തെ രീതി. പിന്നീടുള്ള എല്ലാ ഓണദിനങ്ങളിലും ഭട്ടതിരിയുടെ വകയായി സദ്യയും വഴിപാടുകളും നടത്തിപോന്നു.
ഒരിക്കല്‍, ആറന്‍മുളത്തപ്പനുള്ള തിരുവോണ കോപ്പുമായി ഭട്ടതിരിയുടെ വള്ളം അയിരൂര്‍ എന്ന ഗ്രാമത്തിലെത്തിയപ്പോള്‍ അവിടുത്തെ കോവിലന്‍മാര്‍ എന്ന പ്രമാണികള്‍ ആ വള്ളത്തെ ആക്രമിച്ചു. ഇതറിഞ്ഞ സമീപവാസികള്‍ കൊച്ചു വള്ളങ്ങളില്‍ അവിടെയെത്തി തിരുവോണ വള്ളത്തെ രക്ഷപ്പെടുത്തി. ആറന്മുള ക്ഷേത്രം വരെ അകമ്പടിയായി പോകുകയും ചെയ്തു.
അന്ന് മുതല്‍ തിരുവോണ വള്ളത്തൊടൊപ്പം ഭട്ടതിരിയും പോയിത്തുടങ്ങി. കൂടാതെ നാട്ടുകാര്‍ മറ്റു തോണികളില്‍ ആറന്‍മുളയ്ക്ക് പോകണമെന്ന് നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ഈ പരിപാടികള്‍ ഉത്രാടത്തിന്‍ നാള്‍ രാത്രി ആയതുകൊണ്ട് പലര്‍ക്കും അവയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ ഓണാഘോഷത്തിന്‍റെ സമാപന ദിവസമായ ആറന്‍മുള ദേവന്‍റെ പ്രതിഷ്ഠാദിനം കൂടിയായ ഉതൃട്ടാതി നാളില്‍, എല്ലാ തോണികളും പങ്കെടുക്കുന്ന ജലോത്സവം ആരംഭിച്ചു. അതാണ് പുകള്‍പെറ്റ ആറന്‍മുള വള്ളംകളി.
വള്ളം കളി തുടങ്ങുമ്പോള്‍ തിരുവാറന്‍മുളയപ്പനും കാട്ടൂര്‍ മഠത്തിലെത്തി, തോണിക്കാരൊടൊപ്പം ആര്‍പ്പും ഘോഷവുമായി തോണിയില്‍ ആറന്‍മുളയ്ക്കെഴുന്നെള്ളുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് കാട്ടൂര്‍ മഠത്തിലെ തോണിക്ക് ഇത്ര മഹാത്മ്യമുണ്ടായത്.
തോണി കാട്ടൂര്‍ നിന്ന് പുറപ്പെട്ട് കഴിഞ്ഞാല്‍ കരയുടെ ഇരുപുറത്തും ജനങ്ങള്‍ തിങ്ങി നിന്ന് നിറപറയും നിലവിളക്കുമായി ഭക്തിയോടെ തോണിയെ വന്ദിക്കുന്നു. കുട, തഴ മുതലായ അലങ്കാരങ്ങളോടും കൊമ്പ്, കുഴല്‍ മുതലായ വാദ്യഘോഷങ്ങളോടും കൂടി പ്രഭാതസമയത്ത്, തോണി ആറന്‍മുള ക്ഷേത്രത്തില്‍ അടുക്കും. ആ സമയത്തെ ദീപക്കാഴ്ചയും ആര്‍പ്പ് വിളികളും ഹരിനാമ സങ്കീര്‍ത്തനങ്ങളും കാഴ്ചക്കാരെ ഭക്തിയില്‍ ആറാടിക്കുന്നു.
പള്ളിയോടങ്ങള്‍ ഉതൃട്ടാതി ദിവസം രാവിലെ താളമേളങ്ങളോടെ ക്ഷേത്രക്കടവിലേക്ക് വന്നെത്തും. ഉച്ചയ്ക്ക് രണ്ട് മണിയോടെ യഥാര്‍ത്ഥ വള്ളംകളി ആരംഭിക്കുന്നു. ഓരോ വള്ളത്തിന്‍റെയും അമരം പത്ത് പതിനഞ്ചടി ജല നിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്ക്കും. ഇടയ്ക്കിടെ ശംഖനാദം ഉയര്‍ന്നു കേട്ടുകൊണ്ടിരിക്കും. കുചേലവൃത്തത്തിലെ പ്രസിദ്ധങ്ങളായ ശീലുകള്‍, വെച്ച് പാട്ട്, വില്‍പാട്ട്, നാടോടിപ്പാട്ടുകള്‍ ഇവ താളമൊപ്പിച്ച് വള്ളക്കാര്‍ പാടുന്നു. ഈ താളക്രമമനുസരിച്ചാണ് തുഴകള്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നത്.
ഓരോ കളിത്തോണിക്കും അമരച്ചന്തവും കൂമ്പില്‍ ഓട് കൊണ്ടുള്ള ചിത്രപ്പണികളുമുണ്ട്. വെടിത്തടിയില്‍ പട്ടു കുടയേന്തി കാരണവന്‍മാരും വഞ്ചിപ്പാട്ടുകാരും തുഴയുന്നവര്‍ക്ക് പാട്ടുകള്‍ പാടി ശക്തി പകരുകയാണ്.
പുളിയിലക്കരമുണ്ട് തലയില്‍ കെട്ടി, കൃതാവും മേല്‍മീശയും വച്ച്, പാവ് മുണ്ടുടുത്ത്, നെറ്റിയിലും രോമാവ്രതമായ മാറിലും കളഭം പൂശി, നാലുംകൂട്ടി മുറുക്കിയാണ് അമരക്കാര്‍ നില്‍ക്കുന്നത്. പണ്ട് കാലത്തെ കേരള പടനായകന്‍മാരെ അനുസ്മരിപ്പിക്കുന്നതാണ് ഈ വേഷം. വള്ളം നീങ്ങിത്തുടങ്ങുന്നതോടെ ഇരുവശത്തും നില്‍ക്കുന്ന ആവേശഭരിതരായ ജനങ്ങള്‍ തോണികളിലേക്ക് വെറ്റില പറപ്പിക്കുന്നു. ചിലര്‍ അവില്‍പ്പൊതിയെറിയുന്നു. മറ്റ് ചിലര്‍ പഴക്കുല സമര്‍പ്പിക്കുന്നു. കളിയോടങ്ങളില്‍ ഭഗവത് സാമീപ്യമുണ്ടെന്ന വിശ്വാസമാണ് ഇതിന് കാരണം.
വള്ളംകളിക്കൊപ്പം വള്ള സദ്യയ്ക്കും പ്രാധാന്യമുണ്ട്. സന്താനലാഭത്തിന് വേണ്ടിയാണ് വള്ളസദ്യ നടത്തുന്നത്. ആറന്‍മുള ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണിത്. വള്ളം കളിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സദ്യയാണിത്. ഒന്നോ അതിലധികമോ കരയിലുള്ളവര്‍ക്കാണ് സാധാരണയായി സദ്യ നല്‍കുന്നത്.
ഈശ്വരാര്‍പ്പണമായാണ് ആറന്‍മുള വള്ളം കളി ആരംഭിച്ചത്. ചരിത്രകാരന്‍മാര്‍ ഇതിന് 200 കൊല്ലം പഴക്കം കല്പിക്കുന്നു. 1972 മുതല്‍ വര്‍ഷങ്ങളോളം ആറന്‍മുള വള്ളംകളി മത്സരമായി നടത്തിയിരുന്നു. കേരള സര്‍ക്കാരിന്‍റെ ഓണത്തോടനുബന്ധിച്ച വിനോദ വാരാഘോഷത്തിന്‍റെ പ്രധാന ആകര്‍ണം കൂടിയാണിത്.