ഓണാഘോഷം എന്തിന്‌?

ശനി, 29 ഓഗസ്റ്റ് 2009 (20:43 IST)
PRO
ഓണാഘോഷത്തെക്കുറിച്ച്‌ പ്രശസ്ത ചലച്ചിത്രകാരന്‍ വേണുനാഗവളളിയോട് ആരാഞ്ഞപ്പോള്‍ ഒരു പൊട്ടിത്തെറിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അദ്ദേഹത്തിന്‍റെ വാക്കുകള്‍:

എന്തിനാണ്‌ ഓണമെന്ന ഈ ചടങ്ങ്‌? ഓണം ആഘോഷിക്കാന്‍ മലയാളിക്ക്‌ നാണമില്ലേ. പ്രായമായ അച്ഛനന്മമാരെ വൃദ്ധസദനത്തിലും വാടകമുറിയിലും കൊണ്ടിട്ട്‌ കാട്ടികൂട്ടുന്ന ഈ ആഘോഷ കോപ്രായങ്ങളോട്‌ എനിക്ക്‌ പുച്ഛമാണ്‌. മലയാളിയുടെ ഈ ആഘോഷത്വരയില്‍ മടുപ്പു തോന്നിത്തുടങ്ങിയിരിക്കുന്നു.

ആത്മാര്‍ത്ഥത തൊട്ടുതെറിക്കാത്ത നാടാണിത്‌. ദേവാലയങ്ങളില്‍ ദൈവമില്ല. രാഷ്‌ട്രീയക്കാര്‍ക്ക്‌ പ്രത്യയശാസ്ത്രമില്ല. മനുഷ്യ ബന്ധങ്ങള്‍ നശിക്കുകയാണ്‌. ബന്ധങ്ങളെ തിരിഞ്ഞുനോക്കാന്‍ മലയാളിക്ക്‌ സമയമില്ല. അമ്പലങ്ങളില്‍ ദൈവത്തോടു ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കുന്ന എത്രപേരുണ്ട്?

ഞങ്ങളുടെ തലമുറയിലുളളവര്‍ മനുഷ്യത്വമില്ലാതെ സ്വയം മറന്ന്‌ അഹങ്കരിക്കുന്നു. പുതിയ തലമുറയിലുള്ളവര്‍ക്കേ ഇനി അമ്പലങ്ങളില്‍ പോകാന്‍ അര്‍ഹതയുള്ളൂവെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. കുടിവെള്ളം വിറ്റു തുടങ്ങിയില്ലേ? ഇനി വായുവും വില്‍ക്കും. ഇത്രനേരം ശ്വസിക്കുന്ന വായുവിന്‌ ഇത്ര വില എന്ന കണക്കില്‍ തുക ഈടാക്കാന്‍ തുടങ്ങും. ആരാണ്‌ ചോദിക്കാനുള്ളത്‌?

ഭാരതപ്പുഴ കണ്ടില്ലേ? നീരൊഴുക്ക് ഇല്ലാതായിരിക്കുന്നു. കുട്ടനാട്ടില്‍ കുടിക്കാന്‍ വെള്ളമില്ല. അവിടെ ചുറ്റും വെള്ളമാണ്‌, കുടിക്കാന്‍ തുള്ളിയില്ല, അതാണ്‌ അവസ്ഥ. വാഗമണ്‍ നശിപ്പിച്ചില്ലേ. സ്വകാര്യവ്യക്തികള്‍ കൈയ്യേറി കൃഷി ചെയ്യുകയാണവിടെ. ഞാന്‍ അവിടെ പോയിട്ടുണ്ട്‌. അവിടത്തെ ആശാന്‍ സദനിലാണ്‌ താമസിച്ചത്‌.

എന്തൊരു ഭംഗിയാണ്‌ വാഗമണ്ണും കോലാഹലമേടും കാണാന്‍. അവിടെ പുല്ലുപോലും വളരുന്നില്ലെന്നു ചിലര്‍ പറയുന്നു. കോലാഹലമേട്‌ എന്ന പേരിടേണ്ടത്‌ നമ്മുടെ സെക്രട്ടറിയേറ്റിനാണ്‌. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നു.

എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ദുരയാണ്‌ ഭരണാധികാരികള്‍ക്ക്‌. ഫൈവ്‌ സ്റ്റാര്‍ രാഷ്‌ട്രീയം കളിക്കുകയാണിവിടെ. നാടിനെയും നാട്ടുകാരെയും വേണ്ടാത്ത രാഷ്‌ട്രീയക്കാരുടെ കോലാഹലങ്ങള്‍ക്കിടയില്‍ ഓണം ആഘോഷിക്കാന്‍ തോന്നുന്നതെങ്ങനെ?

കറുത്ത കരയുളള മുണ്ടുടുത്ത്‌ ഊഞ്ഞാലില്‍ ചില്ലിയാട്ടമാടുന്ന ഓണക്കാലങ്ങള്‍ എന്റെ ഓര്‍മ്മയിലുണ്ട്‌. അവയെല്ലാം ഓര്‍മ്മകള്‍ മാത്രമായി മാറിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക