ബ്രസീലിന് അപ്രതീക്ഷിത സ്വര്‍ണ്ണം

ശനി, 16 ഓഗസ്റ്റ് 2008 (11:44 IST)
PROPRO
നീന്തല്‍ കുളത്തില്‍ നിന്നൊരു സ്വര്‍ണ്ണമെന്ന നേട്ടം ബ്രസീലിന്‍റെ സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥമാക്കിയിരിക്കുകയാണ് നീന്തല്‍താരം സീസര്‍ സിലോ ഫിലോ. 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ നീന്തലില്‍ സ്വര്‍ണ്ണം നേടി.

നാഷണല്‍ അക്വാറ്റിക് സെന്‍ററില്‍ മറ്റ് പ്രമുഖരാ‍യ എതിരാളികളെ മറികടന്നായിരുന്നു ബ്രസീലിയന്‍ താരം സ്വര്‍ണ്ണ നേട്ടത്തിലേക്ക് കുതിച്ചത്. 21.30 സെക്കന്‍ഡിലായിരുന്നു ബ്രസീലിയന്‍ താരത്തിന്‍റെ നേട്ടം.

ഇത് ഒളിമ്പിക് റെക്കോഡാണ്. ഏറ്റവും വേഗക്കാരനായി തന്നെ ഫൈനല്‍ റൌണ്ടില്‍ എത്തിയ താരമായിരുന്നു ഫിലോ സീലോ. ഈ മത്സരവുമായി ബന്ധപ്പെട്ട് പിന്നെയും അത്‌ഭുതങ്ങള്‍ സംഭവിച്ചു.

ഫ്രഞ്ച് താരം അമൌരി ലെവീക്‍സ് 21.45 സെക്കന്‍ഡില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ ഏറ്റവും മികച്ച രണ്ടാമനായി ഫൈനലിലേക്ക് യോഗ്യത നേടിയ ഫ്രഞ്ച് താരം അലന്‍ ബെര്‍ണാഡ് 21.49 ല്‍ വെങ്കല മെഡല്‍ നേടി.

നേരത്തെ 100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും സീലോ ഫിലോ വെങ്കലം നേടിയിരുന്നു. എന്നാല്‍ അമേരിക്കന്‍ താരം ജാസണ്‍ ലെസാക്കിനൊപ്പം മെഡല്‍ പങ്ക് വയ്ക്കാനായിരുന്നു വിധി. അമൌറി ലെവോക്സിനായിരുന്നു വെള്ളി മെഡല്‍.

വെബ്ദുനിയ വായിക്കുക