ഫെഡെറര്‍ സിംഗിള്‍സില്‍ പുറത്ത്

PROPRO
ഏറെ പ്രതീക്ഷകളുമായെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററും അമേരിക്കന്‍ താരങ്ങളായ വില്യംസ് സഹോദരിമാരും ഒളിമ്പിക്‍സ് ടെന്നീസില്‍ നിന്നും പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ വച്ചായിരുന്നു ഈ താരങ്ങളുടെ വഴിയടഞ്ഞത്. ഫെഡററെ അമേരിക്കന്‍ താരം ജയിം‌സ് ബ്ലാക്ക് പറഞ്ഞുവിട്ടു.

തുടര്‍ച്ചയായി തോല്‍‌വി പിന്തുടരുന്ന ഫെഡറര്‍ക്ക് 6-4 7-6 എന്ന സ്കോറിന്‍റെ പരാജയമായിരുന്നു ബ്ലാക്കിനോട് നേരിടേണ്ടി വന്നത്. മുമ്പ് എട്ട് തവണ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയിട്ടും നടക്കാതിരുന്ന കാര്യമാണ് ഫെഡററുടെ മോശം ഫോമില്‍ ബ്ലാക്ക് മുതലാക്കിയത്. സെമിയില്‍ താരം ഫെര്‍ണാണ്ടോ ഗോണ്‍സാലസിനോട് എതിരിടും.

റാഫേല്‍ നദാലും നോവാക്ക് ജോക്കോവിക്കും സെമിയില്‍ കടന്നു. ഇരുവരും ഒന്നും മൂന്നും സീഡുകാരാണ്. നദാല്‍ 6-0 6-4 എന്ന സ്കോറിന് ഓസ്ട്രിയന്‍ താരം യുര്‍ഗന്‍ മെത്സറെ പരാജയപ്പെടുത്തിയപ്പോള്‍ സെര്‍ബിയന്‍ താരം ജോക്കോവിക്ക് പരാജയപ്പെടുത്തിയത് 4-6 6-1 6-4 ന് ഫ്രഞ്ച് താരം മോണ്‍ഫില്‍‌സിനെ ആയിരുന്നു.

വനിതാ സിംഗിള്‍സില്‍ കരുത്തിന്‍റെ പ്രതീകങ്ങളായ വീനസ്, സറീന വില്യംസ് സഹോദരിമാര്‍ക്കും പരാജയമായിരുന്നു. 7-5 7-5 എന്ന സ്കോറിന് ചൈനീസ് താരം ലി നായായിരുന്നു മൂത്ത വില്യംസിന്‍റെ കഥ കഴിച്ചത്. സരീന റഷ്യന്‍ താരം എലന ഡെമന്‍റിയേവയോട് 3-6 6-4 6-3 എന്ന സ്കോറിനും പാരാജയമറിഞ്ഞു.

സെമിയില്‍ കടന്ന മൂന്നാമത്തെ താരം വേര സ്വനരേവയാണ്. ഓസ്ട്രേലിയന്‍ താരം സിബലി ബാമറെ 3-6 6-3 6-3 എന്ന സ്കോറിനാണ് സ്വനരേവ പരാജയത്തിലേക്ക് വലിച്ചിട്ടത്. ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി ഉള്‍പ്പെട്ട സഖ്യത്തിന്‍റെ മത്സരം മഴ മൂലം നടന്നില്ല.

വെബ്ദുനിയ വായിക്കുക