ബീജിങ്ങ്: ലോകത്തെ അമ്പരിപ്പിച്ച ബീജിങ്ങ് ഒളിമ്പിക്സിന്റെ ഉത്ഘാടന ചടങ്ങുകള്‍ ലോകത്തില്‍ ഏറ്റവുമധികം ആള്ക്കാര് ടെലിവിഷനിലൂടെ തത്സമയം വീക്ഷിച്ചെന്ന് കണക്കുകള്‍ പറയുമ്പോള്‍ ചൈനയ്ക്ക് അഭിമാനിക്കാം.
പരിമിതികള്‍ മറികടന്ന് വര്‍ഷങ്ങളായി ഒളിമ്പിക്സിനു വേണ്ടി ചൈന നടത്തുന്ന ഒരുക്കത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചതില്‍. ഏകദേശം 840 ദശലക്ഷം ആള്ക്കാര് ഉത്ഘാടന ചടങ്ങു ടിവിയിലൂടെ കണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ബീജിങ്ങിലുള്ള ആയിരക്കണക്കിന് ക്യാമറകള്‍ ഒപ്പിയെടുക്കുന്നത് 5000 മണിക്കൂറിലെ ഒളിമ്പിക്സ് ദൃശ്യങ്ങളാണ്. ഏതന്‍സില്‍ ഇതു 3500 മണിക്കൂറുകളാണ്. ഇക്കാലത്തിനിടെ താന്‍ കണ്ട ഏറ്റവും മനോഹരമായ ഒളിമ്പിക്സ് ഉത്ഘാടന ചടങ്ങാണ് ബീജിങ്ങില്‍ നടന്നതെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഡയറക്ടര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ഗിസെല്ലി ഡേവിസ് പറയുന്നത്.
ഒളിമ്പിക്സ് ഉത്ഘാടന ചടങ്ങ് അതിമനോഹരമാക്കിയതിന് ഐഒസി പ്രസിഡന്റ് ജാക്വസ് റോഗും ചൈനയെ അഭിനന്ദിച്ചിരുന്നു. ഒളിമ്പിക്സ് ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്ത ലോകനേതാക്കളുടെയെല്ലാം മുഖത്തു വിരിഞ്ഞ അമ്പരപ്പ് ഇക്കാര്യം ലോകത്തെ ബോദ്ധ്യപ്പെടുത്തിയിരുന്നല്ലോ.