ബീജിംഗ്: വരൂ വീട്ടില്‍ താമസിക്കാം

ചൊവ്വ, 29 ജൂലൈ 2008 (17:16 IST)
PROPRO
ഒളിമ്പിക്‍സിനായി എത്തുന്ന സന്ദര്‍ശകര്‍ക്കായി കമനീയമായ രീതിയില്‍ വീട് അലങ്കരിക്കുകയാണ് ബീജിംഗ് നിവാസികള്‍. ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമായി ഗാര്‍ഹികാന്തരീക്ഷം പകര്‍ന്ന് സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ഈ നീക്കം. അതിലേക്ക് സ്വന്തം വീടുകളില്‍ സൌകര്യമൊരുക്കുന്ന തിരക്കിലാണ് ബീജിംഗ്.

ഇത്തരത്തില്‍ വിദേശ കുടുംബങ്ങള്‍ക്കായി ഹോം സ്റ്റേ സൌകര്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത് 1000 ല്‍ അധികം അപേക്ഷകരാണ്. ഇവരില്‍ 598 ല്‍ അധികം ആള്‍ക്കാര്‍ക്ക് അംഗീകാരവും ലഭിച്ചു. ഹോട്ടലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കുറഞ്ഞ ചെലവില്‍ താമസ സൌകര്യവും വീട്ടു ഭക്ഷണവും ലഭിക്കും എന്നതിനാല്‍ ധാരാളം വിദേശികള്‍ ഈ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്.

നഗരത്തിലെ പ്രമുഖ ഹോട്ടലിന്‍റെ നേര്‍ പകുതി ചെലവേ ഒരു രാത്രിക്കായി ഇത്തരം താമസ സൌകര്യങ്ങള്‍ക്ക് ചെലവ് വരൂ. മിക്കവാറും 80 ഡോളറുകളില്‍ താഴെ. കൂടുതലും ഇംഗ്ലീഷ് കാണികളെ പ്രതീക്ഷിക്കുന്ന ഈ സംവിധാനത്തിനായി ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും കൈകാര്യം ചെയ്യാനും പഠിക്കുന്ന തിരക്കിലുമാണ് കുടുംബ നാഥന്‍‌മാര്‍.

ബീജിംഗിന്‍റെ കിഴക്കന്‍ നഗരമായ ഡോംഗ് ഷെംഗില്‍ ഹോം സ്റ്റേ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത് 59 കുടുംബങ്ങളെയാണ്. വളപ്പുകള്‍ വലിയ മതില്‍ കൊണ്ട് കെട്ടിത്തിരിച്ച പരമ്പരാഗത ശൈലിയായ ‘സിഹേ യുവാന്‍’ എന്ന റിയപ്പെടുന്ന തരത്തിലുള്ള വീടുകളാണ് പ്രധാനമായും തെരഞ്ഞെടുത്തിരിക്കുന്നത്. വിദേശികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ ഗാര്‍ഹിക പരിപാടികള്‍ക്കായി പ്രത്യേകം വെബ്സൈറ്റുകള്‍ വരെയുണ്ട്.

വെബ്ദുനിയ വായിക്കുക