നീന്തല്‍കുളം കുത്തകയാക്കി മാറ്റുന്ന അമേരിക്കന്‍താരം മൈക്കല്‍ ഫെല്പ്സ് ബീജിംഗ് ഒളിമ്പിക്‍സില്‍ മൂന്നാമത്തെ സ്വര്‍ണ്ണവും ലോകറെക്കോഡോടെ കണ്ടെത്തി. 200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ആണ് പുതിയ സ്വര്‍ണ്ണം നേടിയത്.
ഇതോടെ ഒളിമ്പിക്സില്‍ ഒമ്പത് സ്വര്‍ണ്ണ മെഡല്‍ നേടിയ കാള്‍ ലൂയിസ്, മാര്‍ക്ക് സ്പിറ്റ്‌സ് എന്നിവര്‍ക്ക് ഒപ്പമായി ഫെല്‍പ്സും. ഒരു മിനിറ്റും 42.96 സെക്കന്‍ഡും എടുത്താണ് ഫെല്‍പ്സ് 200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫെല്പ്സ് തന്നെ തീര്‍ത്ത 1:43.86 സെക്കന്‍ഡ് എന്ന ലോകറെക്കോഡ് സമയമാണ് ഇതോടെ പിന്നിലായി പോയത്. ഇതിഹാസ താരം മാര്‍ക്ക് സ്പിറ്റ്സിന്‍റെ ഒരു ഒളിമ്പിക്‍സില്‍ ഏഴ് മെഡല്‍ റെക്കോഡ് ലക്‍ഷ്യമിടുന്ന ഫെല്‍പ്‌സ് മത്സരിച്ച മൂന്ന് ഇനങ്ങളിലും ഇതോടെ സ്വര്‍ണ്ണം നേടി. ഈ ഇനത്തില്‍ ദക്ഷിണ കൊറിയന്‍ താരം പാര്‍ ടി ഹാന്‍ വെള്ളിയും അമേരിക്കന്‍ താരം പീറ്റര്‍ വാണ്ടെര്‍ കീ വെങ്കലവും നേടി.
കരിയറിലെ ഒമ്പതാം ഒളിമ്പിക്‍സ് സ്വര്‍ണ്ണം കണ്ടെത്തിയ ഫെല്‍പ്‌സ് എക്കാലത്തെയും മികച്ച ഒളിമ്പ്യന്‍മാരായ കാള്‍ ലൂയിസ്, മാര്‍ക്ക് സ്പിര്‍സ്, സോവ്യറ്റ് ജിംനാസ്റ്റിക്സ് താരം ലാര്‍സ്യലാത്യനിയ, ഫിന്‍ലാന്‍ഡ് ഓട്ടക്കാരി പാവോ നൂര്‍മി എന്നിവര്‍ക്കൊപ്പമായി. ബുധനാഴ്ച നടക്കുന്ന 10 മീറ്റര്‍ ബട്ടര്‍ ഫ്ലൈയിലും മെഡല്‍ നേടിയാല്‍ ഈ നേട്ടം മറികടക്കും.
വനിതകളുടെ 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ താരം നതാലി കൌഗ്ലിന്‍ ബീജിംഗില്‍ രണ്ടാമത്തെ സ്വര്‍ണ്ണം നേടി. 58.96 സെക്കന്‍ഡ് കണ്ടെത്തിയ കൌഗ്ലിന്‍ പിന്നിലാക്കിയത് വെള്ളി നേടിയ സിംബാബ്‌വെയുടെ കിസ്റ്റി കാവെന്‍ട്രിയേയും വെങ്കലം നേടിയ അമേരിക്കന്‍ താരം മാര്‍ഗെരെറ്റ് ഹോള്‍സറേയുമാണ്.
400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ നേരത്തെ സ്വര്‍ണ്ണം നേടിയ കൌഗ്ലിന്‍ 400 മീറ്റര്‍ മെഡ്‌ലേയില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. ചൊവ്വാഴ്ച നടന്ന മത്സരങ്ങളില്‍ ഫെല്‍പ്സിന്‍റെ സഹോദരിയായ കാറ്റി ഹോഫും മികച്ച പ്രകടനം തന്നെ നടത്തി. 19 കാരി 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ സെമിയില്‍ ലോകത്തിലെ മികച്ച രണ്ടാമത്തെ സമയം കണ്ടെത്തി.