ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണം: യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചു; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി

ഞായര്‍, 13 ഓഗസ്റ്റ് 2017 (14:43 IST)
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നവജാതശിശുക്കൾ ഉൾപ്പെടെ എഴുപതോളം കുഞ്ഞുങ്ങൾ മരിച്ച ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയും സന്ദർശിച്ചു. ഗോരഖ്പൂരിലുണ്ടായ ശിശുമരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും യോഗി പറഞ്ഞു. 
 
ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരും ആശുപത്രിയിൽ എത്തിയത്. മന്ത്രിമാരുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്ഥലപരിമിതി മൂലം വാർഡുകള്‍ക്ക് പുറത്തും വരാന്തയിലും കിടത്തിയിരുന്ന രോഗികളെയും ബന്ധുക്കളെയും അവിടെനിന്ന് മാറ്റി. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുർ. വിവാദ സംഭവം പുറത്താകുന്നതിനു മുൻപും യോഗി ആദിത്യനാഥ് ഇവിടം സന്ദർശിച്ചിരുന്നു.
 
മസ്തിഷ്ക ജ്വരം ബാധിച്ച് ചികിൽസയിലായിരുന്ന ഏഴു കുഞ്ഞുങ്ങൾ കൂടി ഇന്ന് മരിച്ചു. ഓക്സിജൻ നിലച്ച സമയത്ത് വാർഡിൽ ചികിത്സയിലായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചതെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. ഇതോടെ, ഓഗസ്റ്റ് നാലു മുതലുള്ള ഒരാഴ്ചക്കാലത്ത് ജീവൻ വെടിഞ്ഞ പി‍ഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 70 ആയി ഉയര്‍ന്നു. ഇതിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രമായി 30 പേറ്റാണ് മരിച്ചത്. 

വെബ്ദുനിയ വായിക്കുക