കൂട്ടക്കൊലപാതകമാണ് യുപിയില്‍ നടന്നത്; ഈ ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനം: വിമര്‍ശനവുമായി ശിവസേന

തിങ്കള്‍, 14 ഓഗസ്റ്റ് 2017 (10:35 IST)
ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളേജിലുണ്ടായ ദുരന്തത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെയും കേന്ദ്രസർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്ത്. യുപിയില്‍ നടന്നത് കൂട്ടക്കൊലപാതകമാണെന്നും ഇത്രയും വലിയൊരു ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് തന്നെ വലിയ അപമാനമാണെന്നും മുഖപത്രമായ സാമ്നയിൽ ശിവസേന ആരോപിച്ചു.
 
നരേന്ദ്ര മോദിസർക്കാരിനെയും തങ്ങളുടെ മുഖപ്രസംഗത്തിൽ ശിവസേന കുറ്റപ്പെടുത്തി. അധികാരത്തിൽ വരുന്ന വേളയില്‍ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്ന ‘അച്ഛേദിൻ’ ഇതുവരെയും ഒരൊറ്റ സാധാരണക്കാർക്കുപോലും വന്നിട്ടില്ലെന്നും മുഖപ്രസംഗത്തിൽ ആരോപിച്ചു. ഇത്രയും കുഞ്ഞുങ്ങള്‍ മരിച്ച ദുഃഖകരമായ സംഭവം ഉണ്ടായപ്പോൾ എല്ലാ ഓഗസ്റ്റ് മാസവും ഇത്തരത്തിൽ കുഞ്ഞുങ്ങൾ മരിക്കാറുണ്ടെന്നാണ് യുപിയിലെ ഒരു മന്ത്രി പറഞ്ഞത്.
 എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങൾ മാത്രം ഇത്തരത്തില്‍ ഓഗസ്റ്റിൽ മരിക്കുന്നത്? എന്തുകൊണ്ട് പണക്കാരന്റെ കുട്ടികൾ മരിക്കുന്നില്ലയെന്നും ശിവസേന ചോദിച്ചു.
 
കേന്ദ്ര – സംസ്‌ഥാന സർക്കാരുകൾ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ മരണം തടയാൻ കഴിയാത്തത് ഉത്തർപ്രദേശിലെ സ്‌ഥിതി അതീവ ഗുരുതരമാക്കുകയാണ്. ഓക്‌സിജൻ വിതരണം പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും മസ്‌തിഷ്‌കജ്വരം ബാധിച്ച് നിരവധി കുട്ടികളാണു നിത്യേന ആശുപത്രിയിലെത്തുന്നത്. പത്തു ദിവസത്തിനുള്ളിൽ 72 കുട്ടികളാണ് ഇതുവരെ മരിച്ചത്. ചികിൽസയിലായിരുന്ന കുട്ടികളും നവജാതശിശുക്കളും ഉൾപ്പെടെ 30 കുട്ടികളായിരുന്നു ഈ മാസം 10 മുതൽ 48 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത്. 

വെബ്ദുനിയ വായിക്കുക