ആ വെളിച്ചം ഇന്ത്യ-പാക് അതിര്‍ത്തിയിലല്ല, സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയില്‍; ചിത്രം മാറിയതില്‍ നാണംകെട്ട് ആഭ്യന്തരമന്ത്രാലയം

വ്യാഴം, 15 ജൂണ്‍ 2017 (08:08 IST)
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിൽ അതിർത്തിയിലെ ചിത്രം മാറിപ്പോയി. ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ച ഫ്‌ളഡ് ലൈറ്റുകളുടെ രാത്രികാല ചിത്രമാണു മാറിയത്. എന്നാല്‍ ആ ചിത്രം ഇന്ത്യ–പാക്ക് അതിർത്തിയിലുള്ളതല്ലെന്നും സ്‌പെയിന്‍- മൊറോക്കോ അതിര്‍ത്തിയിലേതാണെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദമായത്.
 
സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രാലായം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് . ഇതുസംബന്ധിച്ച് ബിഎസ്ഫ് അധികൃതരോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി അറിയിച്ചു. മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുവന്ന അബദ്ധമാണെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുമെന്നും മെഹര്‍ഷി പറഞ്ഞു. 
 
അതേസമയം, ചിത്രം എങ്ങനെ വന്നുവെന്ന കാര്യം ബിഎസ്എഫ് അധികൃതര്‍ വിശദീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്. എന്നാല്‍ ഉത്തരം നല്‍കാനാവാതെ വെപ്രാളപ്പെടുകയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ദരിച്ച് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇതേ ചിത്രം ഇതിനു മുമ്പും ബിജെപി അനുകൂല വലതുസംഘടനകള്‍ പലഘട്ടങ്ങളിലും ഉപയോഗിച്ചിട്ടുള്ളതായി വാര്‍ത്തകളുണ്ട്.

വെബ്ദുനിയ വായിക്കുക