അന്താരാഷ്ട്ര തലത്തില്‍ യോഗയ്ക്ക് ഒരു ദിനം വരുന്നു

വെള്ളി, 31 ഒക്‌ടോബര്‍ 2014 (14:01 IST)
ഇന്ത്യയില്‍നിന്നുള്ള ഏറ്റവും പ്രശസ്തമായ 'കയറ്റുമതി' എന്ന് വിലയിരുത്തപ്പെടുന്ന യോഗയ്ക്ക് രാജ്യാന്തര പിന്തുണ ലഭിക്കുന്നതിനായി നരേന്ദ്ര മോഡി മുന്നൊട്ട് വച്ച അന്താരാഷ്ട്ര യോഗാ ദിനത്തിന് ആഗോളവ്യാപകമായി അംഗീകാരം ലഭിക്കുന്നു. ഐക്യരാഷ്ട്ര സഭയില്‍ മോഡി നടത്തിയ കന്നി പ്രസംഗത്തിലാണ് മോഡി യോഗക്കായി അന്താരാഷ്ട്ര ദിനം എന്ന ആശയം മുന്നോട്ട് വച്ചത്.

ഈ നിര്‍ദ്ദേശത്തിന് ഇപ്പോള്‍ അമ്പതോളം രാജ്യങ്ങളാണ് പിന്തുണയുമായി രംഗത്തെത്തിയത്. ചൈന, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളും സൗത്ത് ആഫ്രിക്ക, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളും ബ്രസീല്‍, അര്‍ജന്റീന എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കാനഡയും മോഡിയുടെ നിര്‍ദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26-ന് യു എന്നില്‍ നടത്തിയ പ്രസംഗത്തിലാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മോഡി അഭിപ്രായപ്പെട്ടത്.

പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്തുണ ലഭിക്കുന്നതിനായി ഇന്ത്യന്‍ സംഘം യു‌എന്നില്‍ വ്യാപകമായ പ്രചരണമാണ് നടത്തിയത്. യോഗ ദിനം എന്ന ആശയത്തിന് അംഗീകാരം കിട്ടുന്നതിനുവേണ്ടി ഇന്ത്യയുടെ പ്രമേയം ഉടന്‍ തന്നെ യുഎന്‍ സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കാനാണ് നീക്കം. നവംബറില്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കിയശേഷമാകും പ്രമേയം അവതരിപ്പിക്കുക. അമേരിക്കയും കാനഡയും പിന്തുണ അറിയിച്ചിരിക്കുന്നതുകൊണ്ട് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളും പിന്തുണ നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക