മുട്ട പഫ്സിൽ കുടുങ്ങി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി 5 വർഷം കൊണ്ട് പഫ്സിനായി ചെലവഴിച്ചത് 3.62 കോടിയെന്ന് ടിഡിപി

അഭിറാം മനോഹർ

ബുധന്‍, 21 ഓഗസ്റ്റ് 2024 (17:19 IST)
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഭരണകക്ഷിയായ ടിഡിപി. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് മുട്ട പഫ്‌സിനായി ചെലവഴിച്ചത് 3.62 കോടി രൂപയാണെന്നാണ് ടിഡിപിയുടെ ആരോപണം. ഇതിനെ ചൊല്ലി ടിഡിപിയും വൈഎസ്ആറും തമ്മില്‍ വാക്‌പോര് മുറുകുകയാണ്.
 
അഞ്ച് വര്‍ഷ കാലയളവില്‍ മുട്ട പഫ്‌സിനായി 3.62 കോടി ചെലവഴിച്ചെങ്കില്‍ പ്രതിവര്‍ഷം കണക്കിലെടുക്കുമ്പോള്‍ ഇത് 72 ലക്ഷം രൂപയാണ്. മുട്ട പഫ്‌സിന്റെ വില കണക്കിലെടുക്കുമ്പോള്‍ പ്രതിദിനം 993 മുട്ട പഫ്‌സ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കഴിച്ചതായി കണക്കാക്കേണ്ടി വരുമെന്ന് ടിഡിപി പറയുന്നു. അഞ്ച് വര്‍ഷം കൊണ്ട് മുഖ്യന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ 18 ലക്ഷം മുട്ട പഫ്‌സ് വാങ്ങിയതായി ടിഡിപി പറയുന്നു.
 
 മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി ടിഡിപി സര്‍ക്കാര്‍ നടത്തിക അന്വേഷണത്തിലാണ് മുട്ട പഫ്‌സ് വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ സുരക്ഷാ നടപടികളിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി കോടികളാണ് ജഗന്‍ മോഹന്‍ റെഡ്ഡി ചെലവഴിച്ചതെന്നാണ് ടിഡിപി വ്യക്തമാക്കുന്നത്.
 
 അതേസമയം മുട്ട പഫ്‌സ് ആരോപണത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തള്ളി. ഇത് വ്യാജ പ്രചാരണമെന്ന് പറഞ്ഞ വൈഎസ്ആര്‍ കോണ്‍ഗ്രസ് 2014 മുതല്‍ 2019 വരെ ടിഡിപി അധികാരത്തില്‍ ഇരുന്ന സമയത്ത് ചന്ദ്രബാബു നായിഡുവിന്റെയും മകന്റെയും ലഘുഭക്ഷണത്തിനായി ടിഡിപി സര്‍ക്കാര്‍ 8.5 കോടി ചെലവഴിച്ചതായും വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍