ലക്‌നൗ: കോവിഡ് ടെസ്റ്റ് ചെയ്യാത്തതിനാൽ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി, ടെസ്റ്റിനായി ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ചു. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. രാംമനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്യൂട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഇരുപത്തിരണ്ടുകാരിയാണ് ക്യൂവിൽ നിൽക്കുന്നതിനിടെ കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവ തീയതി അടുത്തതോടെ യുവതി ആശുപത്രിയില്‍ എത്തി. എന്നാൽ കൊവിഡ് പരിശോധന നടത്തിയിരുന്നില്ല എന്നതിനാൽ ആശുപത്രി അധികൃതർ തൊട്ടടുത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയയാകാൻ ആവശ്യപ്പെടുകയായിരുന്നു. ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നിടത്ത് ക്യൂ നില്‍ക്കുന്നതിനിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി അവിടെ വച്ചുതന്നെ കുഞ്ഞിന് ജന്മം നല്‍കി. യുവതിയെയും കുഞ്ഞിനെയും ഉടന്‍ തന്നെ വാര്‍ഡിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ നാലു ഡോക്ടര്‍മാരോട് ജോലിയില്‍നിന്നു മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.