പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തപ്പോൾ ഭർത്താവ് കോടതിവിധിയെ കൂട്ടുപിടിച്ചു; സംഭവത്തിൽ മനംനൊന്ത് ഭാര്യ ആത്‌മഹത്യ ചെയ്‌തു

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (12:04 IST)
പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌ത ഭാര്യയ്‌ക്ക് ഭർത്താവ് കൊടുത്ത മറുപടിയിൽ മനംനൊന്ത് ഭാര്യ ആത്‌മഹത്യ ചെയ്‌തു. കോടതിവിധി ചൂണ്ടിക്കാട്ടി പരസ്‌ത്രീ ബന്ധത്തെ ഭർത്താവ് ന്യായികരിക്കുകയാണുണ്ടായത്. ചെന്നൈ എംജി ആര്‍ നഗറിലെ പുഷ്പലതയാണ് ഭര്‍ത്താവിന്റെ ന്യായീകരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.
 
പുഷ്‌പലത ഭർത്താവ് ജോൺ ഫ്രാങ്ക്‌ലിന്റെ പ്രവർത്തിയെ ചോദ്യം ചെയ്‌തപ്പോഴാണ് കോടതിവിധിയെ കൂട്ടുപിടിച്ചത്. ജോണിന്റെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ ഭാര്യ കഴിഞ്ഞ ദിവസം ഇതേപ്പറ്റി സംസാരിക്കുകയും അത് വഴക്കിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. 
 
പരസ്ത്രീബന്ധം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തി. ഇതോടെയാണ് കോടതി വിവാഹേതര ലൈംഗികബന്ധം അനുവദിച്ചിട്ടുണ്ടന്നും അതൊരു കുറ്റമല്ലെന്നും ജോണ്‍ പ്രതികരിച്ചത്. ഇതില്‍ മനംനൊന്താണ് പുഷ്പലത ആത്മഹത്യ ചെയ്തത്.
 
വിവാഹശേഷം ടി ബി രോഗം പിടിപ്പെട്ടതോടെ ഭര്‍ത്താവിന് തന്നോടുള്ള ഇഷ്ടം കുറഞ്ഞെന്ന് പുഷ്പലത പരാതി പറഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധി പ്രകാരം ഭര്‍ത്താവിനെതിരെ പരസ്ത്രീ ബന്ധത്തിന് കേസെടുക്കാനാകില്ലെങ്കിലും  ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ജോണ്‍ രണ്ടു വര്‍ഷം മുമ്പാണ് പുഷ്പലതയെ പ്രണയിച്ച് വിവാഹം കഴിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍