മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തിഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളുമായി കുടുംബം. മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണെന്ന് ഫാത്തിമയുടെ പിതാവിന് വാട്സ്ആപ്പില്‍ വോയിസ് മെസേജ് അയച്ചിരുന്നു. ഇതിന്റെ തെളിവ് ഇവർ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് കൈമാറി.
ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചെന്നാണ് പൊലീസ് എഫ്ഐആറില്‍ പൊലീസ് പറയുന്നത്. സുഹൃത്തിന്റെ വോയിസ് ക്ലിപ് ഇതിനു വിപരീതമാണ്. മരിക്കുന്നതിന് മുമ്പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ തന്‍റെ സ്മാര്‍ട് ഫോണില്‍ ചില വിവരങ്ങള്‍ കുറിപ്പുകളായി എഴുതിവെച്ചിരുന്നു. ഇതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ട്. ഇത് മരണകാരണത്തിലേക്ക് വഴിചൂണ്ടുന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അന്വേഷണം നല്ല രീതിയിൽ അല്ലായെങ്കിൽ മാത്രം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്നും ബന്ധുക്കൾ പറഞ്ഞു.