പാല് നൽകിയ കൈക്ക് തന്നെ കൊത്തി; സർക്കാരിന്റെ ആനുകൂല്യങ്ങൾ മല്യ കൃത്യമായി കൈപ്പറ്റിയിരുന്നു
ശനി, 23 ഏപ്രില്‍ 2016 (10:22 IST)
വർഷങ്ങളോളം സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ വിജയ് മല്യ ഒടുവിൽ സർക്കാരിനെ പറ്റിച്ച് തന്നെ നാടുവിട്ടു. വിവരാവകാശ പ്രവർത്തകൻ മുഹമ്മദ് ഖാലിദിന്റെ ആവശ്യപ്രകാരം മല്യയ്ക്ക് ലഭിച്ചുവരുന്ന സാമ്പത്തിക ആനുകൂല്യങ്ങളുടെ കണക്ക് പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.
രാജ്യസഭാ എം പിയായ മല്യയ്ക്ക് ആ ഇനത്തിൽ ലഭിക്കുന്ന 6000 രൂപ പോലും അദ്ദേഹം ഒഴുവാക്കിയിരുന്നില്ലെന്ന് രാജ്യാസഭാ സെക്രട്ടറിയേറ്റ് നൽകിയ കണക്കിൽ വ്യക്തമാക്കുന്നു . എം പിക്ക് ശമ്പളമായി ലഭിക്കുന്ന അരലക്ഷം രൂപ മുടങ്ങാതെ മല്യ വാങ്ങിയിരുന്നുവെന്നും കണക്കുകളിൽ കാണിക്കുന്നു.
20,000 രൂപയായിരുന്നു ആദ്യകാലങ്ങളിൽ മല്യയ്ക്ക് ലഭിച്ചിരുന്ന മണ്ഡല ആനുകൂല്യമെങ്കിൽ പിന്നീട് ഇത് 45,000 രൂപയായി ഉയർത്തിയിരുന്നു. അതോടൊപ്പം ഓഫീസ് ആവശ്യങ്ങൾ എന്ന കണക്കിൽ നൽകിയിരുന്ന 6000 രൂപ 15,000 രൂപയായും വർധിപ്പിച്ചിരുന്നു.
2002ലും 2010 ലുമാണ് വിജയ് മല്യ രാജ്യസഭാ എം പിയാകുന്നത്. വിവിധ ബാങ്കുകളിൽ നിന്നും 9000 കോടി രൂപയോളം വായ്പയെടുത്തിട്ട് തിരിച്ചടക്കാതെ ബാങ്കിനേയും സർക്കാരിനേയും കബളിപ്പിച്ച് നാടുവിടുകയും ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് ഉത്തരവിട്ടിട്ടുണ്ട്.