ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് കോപ്പുകൂട്ടുന്നതിനിടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്, കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ ചെകുത്താന്‍ വേദമോതുന്നതുപോലെയുണ്ടെന്നാണ് നായിഡു വിമര്‍ശിച്ചു. അന്‍പത് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഭരണകാലത്ത് 450 ഓളം ഓര്‍ഡിനന്‍സുകള്‍ ഇറക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദമായ കണക്കുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ പരാജയപ്പെട്ട ഭൂമിയേറ്റെടുക്കല്‍ ബില്ല് ഓര്‍ഡിനന്‍സ് രൂപത്തില്‍ വീണ്ടും കൊണ്ടുവരുന്നത് ജനാധിപത്യ നടപടിക്രമങ്ങള്‍ക്ക് ഭൂഷണമല്ലെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിപിഎം പിന്തുണയോടെ യുപിഎ ഭരിച്ച കാലത്ത് 77 ഓര്‍ഡിനന്‍സുകളാണ് പുറത്തിറക്കിയിരുന്നു. അറുപത്തിയൊന്ന് നിയമഭേദഗതികള്‍ മാത്രമാണ് ബില്ലുകളായി അവതരിപ്പിച്ചതെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്തും ഇന്ദിരാഗാന്ധി ഭരിച്ച ആറ് വര്‍ഷക്കാലവും 77 ഓര്‍ഡിനന്‍സുകള്‍ വീതമിറക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് രണ്ട് മാസം കൂടുമ്പോള്‍ മൂന്ന് ഓര്‍ഡിനന്‍സ് എന്നതായിരുന്നു കണക്കെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ കുറച്ച് ഗൃഹപാഠം ചെയ്യണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസിന് ഇതുപോലെ വിമര്‍ശനം നേരിടേണ്ടിവരുമെന്നും വെങ്കയ്യ നായിഡു മുന്നറിയിപ്പ് നല്‍കിയ വെങ്കയ്യ നായിഡു കുറെയധികം പാപങ്ങള്‍ ചെയ്തിട്ട് തീര്‍ഥാടനത്തിന് പോകുന്നതുപോലെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്ന് പരിഹസിക്കുകയും ചെയ്തു. ഭൂമിയേറ്റെടുക്കല്‍ നിയമവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.