മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചെന്ന ആരോപണം നേരിടുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ പിന്തുണച്ച് നിതിന്‍ ഗഡ്കരി രംഗത്ത്. വിവാദങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും പൂര്‍ണ്ണമായും വസുന്ധരയ്‌ക്കൊപ്പമാണ്. നിലവിലെ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ജയ്പൂരില്‍ എത്തിയ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വസുന്ധരരാജെ സിന്ധ്യയെ കണ്ടു ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതേസമയം, അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്ക് വസുന്ധര സമയം ചോദിച്ചെങ്കിലും അദ്ദേഹം സമയം അനുവദിച്ചിരുന്നില്ല. എംഎല്‍എമാര്‍ക്കിടയില്‍ വലിയ പിന്തുണയുള്ള വസുന്ധര രാജെക്കെതിരെ തല്ക്കാലം നടപടിയൊന്നും ആലോചിക്കുന്നില്ല. എന്നാല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നാല്‍ പാര്‍ട്ടിക്കുമേല്‍ സമ്മര്‍ദ്ദമുയരും എന്നാണ് നേതാക്കള്‍ പറയുന്നത്.
അതേസമയം തന്നെ അരുണ്‍ ജയ്‌റ്റ്‌ലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ലളിത് മോഡി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിലും (ബിസിസിഐ) ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐപിഎൽ) കാര്യങ്ങൾ തീരുമാനിക്കുന്നത് ജയ്‌റ്റ്‌ലിയാണെന്നും. മുൻ ബിസിസിഐ പ്രസിഡന്റ് എൻ ശ്രീനിവാസനെ ഇപ്പോഴും പിന്തുണയ്ക്കുകയാണ് അദ്ദേഹമെന്നും മോഡി ഞായറാഴ്‌ച വൈകിട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി.