വി.മുരളീധരന്‍ കേരള ബിജെപിയില്‍ ഒറ്റപ്പെടുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പ് വിഭാഗീയത ശക്തമാകാന്‍ കാരണം മുരളീധരന്റെ ഇടപെടലുകളാണെന്ന് വിമര്‍ശനം. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് അടക്കം ഉത്തരവാദിത്തമുണ്ടെന്നാണ് പ്രധാനമന്ത്രി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. കെ.സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതൃത്വം മുഴുവന്‍ മാറണമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. വി.മുരളീധരന്‍-കെ.സുരേന്ദ്രന്‍ സഖ്യത്തിന്റെ അടക്കിഭരണമാണ് കേരള ബിജെപിയില്‍ നടക്കുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സുരേന്ദ്രനെ മുന്നില്‍ നിര്‍ത്തി എല്ലാ നീക്കങ്ങളും നടത്തുന്നത് മുരളീധരന്‍ ആണെന്നാണ് വിമര്‍ശനം. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന് കേരളത്തില്‍ നിന്നുള്ള പ്രധാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.