ഭാര്യ വീട്ടിൽ ഇല്ലാത്തതിനാൽ ഭക്ഷണം പാകം ചെയ്തു കൊടുക്കാൻ വരണമെന്ന് ആവശ്യപ്പെട്ട് കോളജിലെ അധ്യാപകൻ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നതായി വിദ്യാർഥിനിയുടെ പരാതി. ഉത്തരാഖണ്ഡിലെ ജിബി പന്ത് സർവകലാശാലയിലെ അധ്യാപകൻ അർധരാത്രിയിൽ തനിക്ക് ഇത്തരത്തിൽ സന്ദേശമയക്കുന്നു എന്ന് കാണിച്ചാണ് വിദ്യാർഥിനി സർവകലാശാല വൈസ് ചാൻസലർ അടങ്ങിയ സമ്മതിക്ക് മുന്നിൽ പരാതി ഉന്നയിച്ചത്.
പരാതി ഉന്നയിച്ച വിദ്യാർഥിനിയടക്കമുള്ളവർ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ വാർഡനായിരുന്നു ഈ അധ്യാപകൻ.വിദ്യാർത്ഥിനി അധ്യാപകൻ അയച്ച സന്ദേശങ്ങളും കോൾ ലിസ്റ്റും അച്ചടക്ക സമിതിക്ക് മുൻപാകെ കാണിച്ചു. വിദ്യാർത്ഥിനിയുടെ ഒരു പിറന്നാളിന് അധ്യാപകൻ ആശംസ അറിയിച്ച് സന്ദേശമയച്ചു. പിന്നീട് തുടർച്ചയായി ഭാര്യ വീട്ടിൽ ഇല്ല, ആര് ഭക്ഷണം ഉണ്ടാക്കി തരും, നീ വന്ന് ഭക്ഷണം ഉണ്ടാക്കി തരുമോ എന്ന് ചോദിച്ച് ഇയാൾ അർധരാത്രിയിൽ വിളിച്ചു തുടങ്ങിയെന്നും വിദ്യാർഥിനി അച്ചടക്കസമിതിയിൽ അറിയിച്ചു. അധ്യാപകന്റെ ഫോൺ കോളുകൾക്ക് മറുപടി നൽകാതിരുന്നാലും വീണ്ടും വീണ്ടും വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും പെൺകുട്ടി വ്യക്തമാക്കി.
അതെ സമയം, സർവകലാശാലയിലെ വിദ്യാർഥിനി ഉയർത്തിയ പരാതിയിൽ ഉത്തരാഖണ്ഡ് ഗവർണർ വിശദീകരണം തേടി. സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ബേബി റാണി മൗര്യ വൈസ് ചാൻസലർക്ക് നിർദേശം നൽകി.