ഒരു മാസത്തിനുള്ളില്‍ ഒരേ പാമ്പ് 8 തവണ കടിച്ചു, ഒരു അത്‌ഭുതബാലന്‍റെ കഥ

സുബിന്‍ ജോഷി

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (19:02 IST)
ഒരു മാസത്തിൽ എട്ട് തവണ ഒരേ പാമ്പ് തന്നെ കടിച്ചതായും അത്ഭുതകരമായി അതിജീവിക്കാൻ കഴിഞ്ഞതായും അവകാശപ്പെട്ട് ഒരു കൗമാരക്കാരൻ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ രാംപൂർ ഗ്രാമത്തിലാണ് സംഭവം.
 
യഷ്‌രാജ് മിശ്ര എന്ന 17കാരനാണ് പാമ്പുകടിയേറ്റ് പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഒരാഴ്ച മുമ്പാണ് പാമ്പിന്‍റെ അവസാന ആക്രമണം ഉണ്ടായത്. ഈ കുട്ടിയുടെ കുടുംബം ഗ്രാമത്തിലെ പാമ്പ് വിദഗ്ധരോടും മന്ത്രവാദികളോടും സഹായം തേടിയതായാണ് വിവരം.
 
"എന്റെ മകനെ മൂന്നാം തവണ പാമ്പുകടിയേറ്റ ശേഷം ഞാൻ അവനെ ബഹദൂർപൂർ ഗ്രാമത്തിലെ എന്റെ ബന്ധുവായ രാംജി ശുക്ലയുടെ അടുത്തേക്ക് അയച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്റെ മകൻ അതേ പാമ്പിനെ അവിടെവച്ച് വീണ്ടും കണ്ടു. അത് അവനെ കടിക്കുകയും ചെയ്‌തു. അപ്പോഴും യഷ്‌രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നടത്തി, ”യഷ്‌രാജിന്റെ പിതാവ് ചന്ദ്രമൗലി മിശ്ര പറഞ്ഞു.
 
ഓഗസ്റ്റ് 25നാണ് ഒടുവിലത്തെ സംഭവം നടന്നതെന്ന് കുടുംബം പറഞ്ഞു. കുട്ടിയെ ഗ്രാമീണ ഡോക്ടറുടെ അടുത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും പാമ്പ് വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം മറ്റ് ചികിത്സകൾ പ്രയോഗിച്ചതായും അവർ പറഞ്ഞു.
 
"ഈ പാമ്പ് എന്തിനാണ് യഷ്‌രാജിനെ ലക്ഷ്യമിടുന്നതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. കുട്ടി ഇപ്പോൾ മാനസികമായി തകര്‍ന്നിരിക്കുകയാണ്. പമ്പ് വീണ്ടും വരുമെന്ന ഭയത്താല്‍ അസ്വസ്ഥത അനുഭവിച്ച് ജീവിക്കുന്നു. ഞങ്ങൾ പല പൂജകള്‍ നടത്തി. പാമ്പിനെ പിടിക്കാൻ വിദഗ്ധരെ കൊണ്ടുവന്നു. ഒരു ഫലവുമുണ്ടായിട്ടില്ല” - യഷ്‌രാജിന്റെ പിതാവ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍