ഉന്നാവ്​: പെൺകുട്ടിയുടെ നില അതീവ ഗുരുതരം, മരുന്നുകളോട്​പ്രതികരിക്കുന്നില്ല

വ്യാഴം, 1 ഓഗസ്റ്റ് 2019 (20:02 IST)
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് ലൈംഗിക പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ നില അതിഗുരുതരം. വെന്റിലേറ്ററില്‍ തുടരുന്ന കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ എത്താത്തതും ശ്വാസകോശത്തില്‍ രക്തസ്രാവം നിലനില്‍ക്കുന്നത് അപകടരമാണെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

അബോധാവസ്ഥയില്‍ തുടരുന്ന കുട്ടിയുടെ നെഞ്ചിന് ശക്തമായ ആഘാതമാണ് അപകടത്തില്‍ നിന്നേറ്റത്. തലയില്‍ ഗുരുതരമായ പരുക്കുകളും കാലിന് പൊട്ടലുമുണ്ട്. വരും ദിവസങ്ങളില്‍ ആരോഗ്യ നില മെച്ചപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും ആശുപത്രി അറിയിച്ചു.

അതേമസയം, വെന്റിലേറ്ററിൽ കഴിയുന്ന അഭിഭാഷകന്റെ നിലയിലും പുരോഗതിയില്ല. തലക്ക്​ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ രക്തസമ്മർദം സാധാരണ നിലയിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്നും ഡോക്ടർ സാമിർ മിശ്ര അറിയിച്ചു.

അതേസമയം, ഉന്നാവ് പീഡനക്കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎ കുൽദീപ് സിംഗ് സെനഗറിനെ ബിജെപി പുറത്താക്കി. നേരത്തെ സെനഗറിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് ഉത്തർ‍പ്രദേശിലെ ഉന്നാവ് സദറിൽ നിന്നുള്ള എംഎൽഎയായ സെനഗറിനെ പുറത്താക്കിയതായി ബിജെപി സംസ്ഥാനനേതൃത്വം അറിയിച്ചത്.

പെൺകുട്ടിക്കും കുടുംബത്തിനും ഉണ്ടായ അപകടത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് വിവരം പുറത്തു വന്നതിനെ തുടർന്ന് വ്യാപകപ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയർന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍