യുബര്‍ പീഡനക്കേസിലെ പ്രതിക്ക് ജീവപര്യന്തം

ചൊവ്വ, 3 നവം‌ബര്‍ 2015 (17:05 IST)
യുബര്‍ പീഡനക്കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കേസില്‍ പ്രതിയായ കാര്‍ ഡ്രൈവര്‍ ശിവ് കുമാര്‍ യാദവിനാണ് ഡല്‍ഹി അഡീഷണല്‍ സെക്ഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പ്രതിക്ക് തടവ് ശിക്ഷയ്ക്കു പുറമെ 21,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പ്രതി നടത്തിയ ഹീനമായ കുറ്റകൃത്യത്തിന് ദയ അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം വിധി പ്രസ്താവിച്ച ജഡ്ജ് കാവേരി ബവേജ അംഗീകരിച്ചു.

അതേസമയം പ്രതി യാദവിന്റെ കുടുംബത്തെ പുനരധിവസിപ്പിക്കാനും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് സാമ്പത്തിക സഹായം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫൈനാന്‍സ് എക്സിക്യൂട്ടീവായി ജോലിചെയ്യുന്ന 25 കാരിയെ അവരുടെ ഗുഗാവൂണിലെ വീട്ടിലേക്ക് തിരികെ പോകുന്നതിനിടെ കാറിനുള്ളിലിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു.

യുബര്‍ വഴി ബുക്ക് ചെയ്ത ടാക്സിയിലാണ് യുവതി യാത്ര ചെയ്തിരുന്നത്. ഇവര്‍ ബുക്ക് ചെയ്ത ടാക്സിയുടെ ഡ്രൈവറായിരുന്നു ശിവ് പ്രസാദ് യാദവ്. യാദവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376, 366, 506,323 വകുപ്പുകള്‍ ചുമത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 20ന് കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ ഹാജരായി. പ്രതിഭാഗത്തിനായി ഡി കെ മിശ്രയും ഹാജരായി.

യാദവിന്റെ കുടുംബം വിധി പ്രസ്താവം കേള്‍ക്കുന്നതിനായി കോടതിയില്‍ ഹാജരായിരുന്നു. വിധി പ്രസ്താവത്തിനു ശേഷം കുടുംബാംഗങ്ങള്‍ നിരാശ പ്രകടിപ്പിച്ചു.

വെബ്ദുനിയ വായിക്കുക