അഞ്ചു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

തിങ്കള്‍, 4 ജൂലൈ 2016 (10:54 IST)
പ്രാദേശിക മാര്‍ക്കറ്റില്‍ അഞ്ചു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. ജമ്മുവിലെ രജൗരി ജില്ലയിലാണ് സംഭവം നടന്നത്. മുഹമ്മദ് അജ്മല്‍ റോഷന്‍, നവാഫ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. ഇവരെ കൂടാതെ രജൗരി ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാല്‍ എന്നിവരും പൊലീസ് പിടിയിലായി.  
 
ജമ്മുവിലെ രജൗരി ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാല്‍ എന്നിവരില്‍ നിന്നും മയക്കുമരുന്ന് വാങ്ങുന്നതിനായാണ് മലയാളികളായ നവാഫ് ഖാനും മുഹമ്മദ് അജ്മലും ജമ്മുവില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്നും മയക്കുമരുന്ന് ശേഖരിക്കുകയും തുടര്‍ന്ന് ഡല്‍ഹിയിലുള്ള വ്യക്തിക്ക് സാധനം കൈമാറാനാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നും മലയാളികള്‍ മൊഴി നല്‍കിയതായി ജമ്മു സിറ്റി എസ്പി വിനോദ് കുമാര്‍ പറഞ്ഞു.
 
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പിന്തുടരുകയും ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. പിടിയിലായവരില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചത് ആര്‍ക്കുവേണ്ടിയാണ് ഇത് കൊണ്ടുപോയത് തുടങ്ങി നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറ‍ഞ്ഞു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക