ഇരട്ട ട്രെയിന്‍ അപകടത്തിനു കാരണം പാളത്തില്‍ വെള്ളം കയറിയതാണെന്ന് റെയില്‍‌വെ

ബുധന്‍, 5 ഓഗസ്റ്റ് 2015 (10:43 IST)
മധ്യപ്രദേശിലെ ഇരട്ട ട്രെയിന്‍ അപകടത്തിന് കാരണമായത് വെള്ളം കയറി പാളം മൂടിപ്പോയതാകാമെന്ന് റെയില്‍വേ. കനത്ത മഴയേ തുടര്‍ന്ന് അപകട സ്ഥലത്തിനു സമീപത്തുള്ള നദിയിലെ തടയണ തകര്‍ന്നിരുന്നു. ഇത് വെള്ളപ്പൊക്കമുണ്ടാക്കിയതായും അതാണ് അപകടത്തിനു കാരണമായതെന്നും റെയില്‍‌വെ പ്രാഥമിക സൂചനകള്‍ നല്‍കി.

അപകടം നടക്കുമ്പോള്‍ നദിയിലെ വെള്ളം നിറഞ്ഞുകവിഞ്ഞ് പാലത്തിനും മുകളിലൂടെ ഒഴുകുകയായിരുന്നു. ഇതായിരിക്കാം ട്രയിന്‍ പാളം തെറ്റാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.  തടയണ പൊട്ടിയത് വെള്ളപ്പൊക്കമുണ്ടാക്കിയെന്നും ഈ വെള്ളം കുത്തിയൊഴുകിയ വന്നതാണ് അപകട കാരണമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തില്‍ 28 പേര്‍ മരിച്ചു എന്നാണ് വിവരം. 500ല്‍ അധികം ആളുകളെ സ്ഥലത്തുനിന്ന് രക്ഷിച്ചിട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നാണ് റയില്‍‌വേയും ദുരന്ത നിവാരണ സേനയും പറയുന്നത്.

വെബ്ദുനിയ വായിക്കുക